എസ്. നിരഞ്ജന്
തിരുവനന്തപുരം: നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറിക്കാന്‍ എ.ഡി.ജി.പി പദവി ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലില്‍ എം.ആര്. അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വാളോങ്ങിയത് വെറുമൊരു അച്ചടക്ക നടപടിയിലൊതുങ്ങില്ലെന്ന് ഉറപ്പായി. സാധാരണഗതിയില്‍ ആഭ്യന്തര സെക്രട്ടറിയുടെ തലത്തില്‍ അവസാനിക്കേണ്ട സസ്പെന്ഷന് ഉത്തരവ്, എല്ലാ നിയമവശങ്ങളും കൃത്യമായി ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തന്നെ നേരിട്ടിറക്കിയത് ഇതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അജിത് കുമാറിനെതിരെ കേവലം വകുപ്പുതല നടപടികള്‍ക്കപ്പുറം ക്രിമിനല്‍ കേസുകളടക്കം വരാവുന്ന തരത്തിലാണ് ഉത്തരവിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്.
ചീഫ് സെക്രട്ടറിയാകുന്നതിന് തൊട്ടുമുമ്പ് സംസ്ഥാനത്തിന്റെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച 1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ. പോലീസിനെ വരച്ച വരയില്‍ നിര്‍ത്താനും വീഴ്ചകളില്‍ കൃത്യമായ തിരുത്തലുകള്‍ നല്‍കാനും മടിക്കാത്ത കടുപ്പക്കാരനായ ഭരണാധികാരി. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിച്ചപ്പോള്‍, അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാര്‍ മാത്രം ‘ഞാന്‍ സി.എമ്മിനോട് സംസാരിച്ചോളാം’ എന്ന് പറഞ്ഞ് ആഭ്യന്തര സെക്രട്ടറിയെ സ്ഥിരമായി മറികടക്കുകയായിരുന്നു.
എന്നാല്‍ മാറിയ ഭരണ സാഹചര്യങ്ങളും പവര്‍ സമവാക്യങ്ങളും അജിത് കുമാറിന്റെ പഴയ സ്വാധീനങ്ങളെയെല്ലാം ഇല്ലാതാക്കി. ബിശ്വനാഥ് സിന്‍ഹ ചീഫ് സെക്രട്ടറി കസേരയിലെത്തിയതോടെ അജിത് കുമാറിന്റെ അമിതാധികാര പ്രയോഗങ്ങള്‍ക്കും തന്നിഷ്ടങ്ങള്‍ക്കും പൂട്ട വീഴുകയായിരുന്നു. പോലീസ് മേധാവിയായ റവാഡ ചന്ദ്രശേഖര്‍ സേനയ്ക്കുള്ളില്‍ നിന്ന് അജിത് കുമാറിനോട് മൃദുസമീപനം പുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും, ഭരണതലപ്പത്ത് ചീഫ് സെക്രട്ടറി എടുത്ത കടുത്ത നിലപാടാണ് ഒടുവില്‍ തീരുമാനകമായത്.
വരുംതലമുറയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി ഈ നടപടി മാറണമെന്നും ഭാവിയിലെ നിയമപോരാട്ടങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ്ണ മേല്‍ക്കൈ ലഭിക്കണമെന്നും ബിശ്വനാഥ് സിന്‍ഹയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കീഴ്വഴക്കങ്ങള് മാറ്റിനിര്‍ത്തി, പൊതുഭരണ വകുപ്പ് വഴി ചീഫ് സെക്രട്ടറി തന്നെ നേരിട്ട് ഒപ്പിട്ട് സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ നടത്തിയ നീക്കങ്ങളും കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് ഡയറി (CD) മാറ്റിയെഴുതിച്ചതും റഫര്‍ റിപ്പോര്‍ട്ട് നല്കാന് വഴിവിട്ട് സമ്മര്‍ദ്ദം ചെലുത്തിയതും ഉത്തരവില്‍ കൃത്യമായി അക്കമിട്ടു നിരത്തിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥന് എന്ന നിലയില്‍ സി.ആര്.പി.സി സെക്ഷന്‍ 36 പ്രകാരം കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ തനിക്ക് നിയമപരമായ അധികാരമുണ്ടെന്ന അജിത് കുമാറിന്റെ വാദത്തെ ഉത്തരവില്‍ പൂര്‍ണ്ണമായും പൊളിച്ചടുക്കുന്നുണ്ട്. ഈ അധികാരം നീതി നടപ്പാക്കാനും നിയമപരമായ വഴിയിലൂടെ കേസ് കൊണ്ടുപോകാനുമാണ് ഉപയോഗിക്കേണ്ടതെന്നും, മറിച്ച് കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനോ ഇരകള്‍ക്ക് നീതി നിഷേധിക്കാനോ അല്ലെന്നും സര്‍ക്കാര്‍ കടുകട്ടി ഭാഷയില്‍ വ്യക്തമാക്കി.
ബെവ്കോ സി.എം.ഡി പദവിയിലിരിക്കെ സസ്പെന്‍ഷനിലായ അജിത് കുമാറിന് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മുന്‍ ഡി.വൈ.എസ്.പി അബ്ദുള്‍ റഹീം നല്കിയ വെളിപ്പെടുത്തലും വന്‍ തിരിച്ചടിയാണ് നല്‍കുന്നത്. സഹപ്രവര്‍ത്തകനായ എ.ഡി.ജി.പി പി. വിജയനെ കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജരേഖ ചമയ്ക്കുകയും കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വെളിപ്പെടുത്തല്‍ അജിത് കുമാറിനെതിരെ ഗുരുതരമായ ക്രിമിനല്‍ ഗൂഢാലോചന കേസുകളിലേക്ക് വഴിതുറക്കും.
ഐ.പി.എസ് തലപ്പത്ത് ഇരുന്ന് തങ്ങളുടെ അധികാരം ഉപയോഗിച്ച് എന്ത് അട്ടിമറിയും നടത്താമെന്ന ചിന്തകള്‍ക്ക് ചീഫ് സെക്രട്ടറിയുടെ ഈ ശക്തമായ ഇടപെടല്‍ വലിയൊരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഭരണസംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ ബിശ്വനാഥ് സിന്‍ഹ എടുത്ത ഈ നിലപാട് ഇപ്പോള്‍ പോലീസ് ആസ്ഥാനത്തും സിവില്‍ സര്‍വീസിലും ഒരുപോലെ വന്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
അജിത് കുമാറിന്റെ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് സമഗ്രമായ തുടരന്വേഷണത്തിന് സര്‍ക്കാര്‍ വഴിയൊരുക്കിയതോടെ, വരും ദിവസങ്ങളില്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാനും നിയമക്കുരുക്ക് മുറുകാനുമാണ് സാധ്യത. സര്‍വീസില്‍ തിരിച്ചെത്താനുള്ള നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയേറ്റതോടെ അജിത് കുമാറിന്റെ ഭാവി പൂര്‍ണ്ണമായും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വാഹന മോഡിഫിക്കേഷനില്‍ എന്തൊക്കെ മാറ്റങ്ങളാകാം ? നിയമങ്ങളിൽ ഇളവ് നൽകണോ? നിങ്ങള്‍ക്കും അഭിപ്രായം പറയാം ; ജനാഭിപ്രായം തേടി മോട്ടോർ വാഹന വകുപ്പ്







