ഉള്ളുലച്ച ആ രാത്രിക്ക് ഇന്ന് രണ്ട് വയസ്; മുണ്ടക്കൈ-ചൂരൽമല ഓർമകളിൽ ഇന്നും തീരാത്ത വേദന, ഹൃദയഭൂമിയിൽ അനുസ്മരണം

Wayanad landslide second anniversary Mundakkai Chooralmala വയനാട് ഉരുൾപൊട്ടൽ വാർഷികം ചിത്രം
വയനാട് : കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ് തികയുന്നു. 2024 ജൂലൈ 30ന് പുലർച്ചെ രണ്ട് മണിയോടെ വെള്ളരിമലയുടെ ഒരു ഭാഗം ഉരുളിന്റെ രൂപത്തിൽ താഴേക്ക് ഒലിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും ജീവനുമാണ്. ജൂലൈ 29ന് രാത്രി 11.45ഓടെ പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായി. പുലർച്ചെ നാലേ പത്തോടെ മുണ്ടക്കൈയുടെ ഉള്ളം പിളർത്ത് രണ്ടാമതും ഉരുൾപൊട്ടി. പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി, മുണ്ടക്കൈയെയാകെ തുടച്ചെടുത്ത് ഉരുൾ ചൂരൽമലയിൽ എത്തി. ഔദ്യോഗിക കണക്കനുസരിച്ച് 298 പേർക്കാണ് ജീവൻ നഷ്ടമായത്; നിരവധി പേരെ ഇന്നും കണ്ടെത്താനായിട്ടില്ല.
ഇന്നത്തെ അനുസ്മരണ ചടങ്ങുകൾ
ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ ‘ജൂലൈ 30 ഹൃദയഭൂമി’യിൽ ഇന്ന് വിപുലമായ അനുസ്മരണ ചടങ്ങുകൾ നടക്കും. രാവിലെ ഏഴ് മണിക്ക് പുഷ്പാർച്ചനയും ഒൻപത് മണിക്ക് സർവമത പ്രാർഥനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ. ഏകദേശം 200ഓളം പേരെ സംസ്കരിച്ചത് ഇവിടെയാണ്. അനുസ്മരണ ദിനത്തിന് മുന്നോടിയായി യുവജന സംഘടനകൾ ഹൃദയഭൂമി ശ്മശാനം ശുചീകരിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പുനരധിവാസം ഇന്നും പൂർത്തിയാകാതെ
രണ്ട് വർഷം പിന്നിടുമ്പോഴും പുനരധിവാസം പൂർണമായി യാഥാർഥ്യമായിട്ടില്ല. കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിൽ 178ലധികം കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയിട്ടുണ്ട്. എന്നാൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും സർക്കാർ താൽക്കാലിക പാർപ്പിടങ്ങളിൽ സ്ഥിരം വീടിനായി കാത്തിരിക്കുകയാണ്.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രഖ്യാപിച്ച കോൺഗ്രസിന്റെ പ്രത്യേക ഭവന പദ്ധതിയുടെ നിർമാണം അടുത്തിടെ മാത്രമാണ് ആരംഭിച്ചത് — സർക്കാർ പദ്ധതിയിൽ ഉൾപ്പെടാത്ത 100 കുടുംബങ്ങൾക്കായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ ആശങ്കകൾ
ഈ വർഷം ജൂലൈ 7ന് അനക്കാംപൊയിൽ-കല്ലാടി-മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ, യഥാർഥ ദുരന്തസ്ഥലത്തുനിന്ന് വെറും 5 കിലോമീറ്റർ അകലെയാണ് സംഭവിച്ചത്. 8 പേർ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഈ സംഭവം, മുണ്ടക്കൈ-ചൂരൽമല അതിജീവിതരുടെ പഴയ ഭീതി വീണ്ടും ഉണർത്തിയിരുന്നു.
രണ്ടാം വാർഷികത്തിൽ ഈ ഓർമകളും ആശങ്കകളും ഒരുപോലെ വയനാടിന്റെ മനസ്സിൽ നിറയുകയാണ്, അതിജീവനത്തിന്റെ കരുത്തും, പൂർത്തിയാകാത്ത വാഗ്ദാനങ്ങളുടെ വേദനയും ഒപ്പം ഉണ്ട്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.