ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം; സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് വിധി!

"ഹൈക്കോടതി - ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യം അനുവദിച്ച വാർത്ത"
കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 9 സിപിഎം പ്രവർത്തകർക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.
നടപടിക്രമം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും, അറസ്റ്റിനുള്ള കാരണം പൊലീസ് അറിയിച്ചില്ലെന്നും, മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ജാമ്യാപേക്ഷ. കൊലപാതക ശ്രമക്കുറ്റം നിലനിൽക്കുന്നതല്ലെന്നും, അനാവശ്യമായാണ് ബിഎൻഎസ് 109 വകുപ്പ് ചുമത്തിയതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
എന്നാൽ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതെന്നായിരുന്നു ഇഡിയുടെ വാദം. ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥനും സിആർപിഎഫ് ജവാനും ഡ്രൈവർക്കും ഗുരുതര പരുക്കേറ്റിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത് സംഘടിതമായാണ് ആക്രമണം നടന്നതെന്നും, ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. സർക്കാരും ഇഡിക്കൊപ്പം ജാമ്യാപേക്ഷയെ എതിർത്തിരുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനു അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്തെന്നുമായിരുന്നു ആരോപണം.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.