വാഷിങ്ടൺ: അമേരിക്കയിലെ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള മുൻ നീക്കം സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പുതിയ നടപടികളുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജന്മാവകാശ പൗരത്വത്തിന് അർഹതയില്ലാത്ത വിദേശികളുടെ നിർവചനം വിപുലീകരിക്കുന്നതിനും പൗരത്വം നേടാൻ വ്യാജ മാർഗങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതിനുമായി ട്രംപ് രണ്ട് അടിയന്തര ഉത്തരവുകളിൽ ഒപ്പുവച്ചു.
സുപ്രീം കോടതിയുടെ മുൻ വിധി നിരാശാജനകമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. എന്നാൽ രാജ്യസുരക്ഷയ്ക്ക് മുൻഗണന നൽകി പുതിയ നിയമപരമായ മാർഗങ്ങളിലൂടെ വിഷയത്തിന് പരിഹാരം കാണാനാണ് ഭരണകൂടത്തിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഓവൽ ഓഫീസിൽ നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ ലഭിക്കുന്ന ജന്മാവകാശ പൗരത്വത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ ഉത്തരവുകളിലെ പ്രധാന വ്യവസ്ഥ. മാതാപിതാക്കൾ ഇരുവരും വിദേശികളായിരിക്കെ, അവരിൽ ഒരാൾ ഭീകരസംഘടനയുമായി ബന്ധമുള്ളയാളോ വിദേശ സർക്കാരിലെ ജീവനക്കാരനോ വ്യാജരേഖകൾ ഉപയോഗിച്ച് പൗരത്വം നേടാൻ ശ്രമിച്ചയാളോ ആണെങ്കിൽ കുട്ടിക്ക് യു.എസ്. പൗരത്വം ലഭിക്കില്ലെന്നാണ് ഉത്തരവിലെ നിർദേശം.
കുഞ്ഞിന് യു.എസ്. പൗരത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഗർഭിണികൾ വിസിറ്റിങ് വിസയിൽ അമേരിക്കയിലെത്തുന്ന ‘ബർത്ത് ടൂറിസം’ തടയുന്നതിനും പുതിയ ഉത്തരവിൽ വ്യവസ്ഥകളുണ്ട്.
മോഹൻലാലിന് ഓസ്ട്രേലിയൻ വിസ ഇല്ല; സിഡ്നിയിലെ ‘ലാൽ ഷോ’ മാറ്റിവെച്ചു ; സിംഗപ്പൂരിൽ നിന്ന് താരം ന്യൂസിലൻഡിലേക്ക്, ആരാധകരോട് ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
ബര്‍ത്ത് ടൂറിസത്തിലൂടെ ലക്ഷക്കണക്കിന് വിദേശികളാണ് യു.എസ്. പൗരത്വ ആനുകൂല്യങ്ങള്‍ ചൂഷണം ചെയ്യുന്നതെന്ന് ട്രംപും ഹോംലാന്‍ഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലറും ആരോപിച്ചു. എന്നാല്‍ മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 22,000 മുതല്‍ 26,000 വരെ കുഞ്ഞുങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ അമേരിക്കയില്‍ ജനിക്കുന്നത്. വിസിറ്റിങ് വിസയിലെത്തി പ്രസവിച്ച ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന ഇവര്‍, പിന്നീട് കുട്ടിയുടെ പൗരത്വം ഉപയോഗിച്ച് വോട്ടവകാശവും ക്ഷേമപദ്ധതികളും കൈക്കലാക്കുകയാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
ഭരണഘടനയുടെ പതിനാലാം ഭേദഗതി ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള ട്രംപിന്റെ മുന്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ തള്ളിയത്. എന്നാല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് നല്കുന്ന അധികാരം ഉപയോഗിച്ച് രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രസിഡന്റിന് അവകാശമുണ്ടെന്നാണ് ഭരണകൂടത്തിന്റെ വാദം. നീതിപീഠത്തിന്റെ വിധിയെ മറികടക്കാന്‍ ട്രംപ് നടത്തുന്ന ഈ ശ്രമം വീണ്ടും യു.എസ്. നിയമവൃത്തങ്ങളില്‍ കടുത്ത ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
വിസിറ്റിങ് വിസയില്‍ ആളുകള്‍ പ്രസവത്തിനായി വരുന്നത് തടയാന്‍ പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കാമെങ്കിലും, അമേരിക്കന്‍ മണ്ണില്‍ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ആ കുട്ടിക്ക് പൗരത്വം നിഷേധിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ നിയമ പ്രൊഫസറായ ഗബ്രിയേല്‍ ചിന് വ്യക്തമാക്കി. ഈ വിഷയത്തില്‍ കോടതികളില്‍ നിന്നുള്ള അടുത്ത വിധി ട്രംപ് ഭരണകൂടത്തിന് നിര്‍ണ്ണായകമാകും.


ഇന്നലെ ആക്രമണ ഭീഷണി… ഇന്ന് യുദ്ധവിരാമ പ്രഖ്യാപനം; ഇറാനെതിരായ ആക്രമണം നിർത്തി ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും വമ്പൻ പ്രഖ്യാപനം!







