തിരുവനന്തപുരം: നിരന്തരം ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ കുടുങ്ങുകയും പോലീസ് കണ്ണുവെട്ടിച്ച് ഒളിവിലിരിക്കുകയും ചെയ്യുന്ന മുന്‍ സൈബര്‍ പോരാളി അര്‍ജുന്‍ ആയങ്കിയെ വലയിലാക്കാന്‍ വലവീശി സംസ്ഥാന പോലീസ്. ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ സംസ്ഥാന പോലീസ് മേധാവിക്കും രഹസ്യാന്വേഷണ വിഭാഗം മേധാവിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ശന നിര്‍ദ്ദേശം നല്‍കി. പണ്ട് യു.പിയിൽ, ആഭ്യന്തര മന്ത്രിമാരെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും മാഫിയാ തലവന്മാർ വെല്ലുവിളിച്ചിരുന്നു. ഇതാദ്യമായാണ് കേരളത്തിൽ പോലീസിന് വെല്ലുവിളിയായി ആഭ്യന്തരമന്ത്രിയെ തന്നെ ഒരാൾ പരസ്യമായി വെല്ലുവിളിക്കുന്നത്.
മുന്‍പ് പോലീസിനെയും രാഷ്ട്രീയ നേതൃത്വത്തെയും പരസ്യമായി വെല്ലുവിളിച്ച ആയങ്കിയും ആഭ്യന്തര വകുപ്പും തമ്മിലുള്ള കളിയിൽ ആരാവും ജയിക്കുകയെന്ന ആകാംക്ഷയിലാണ് സംസ്ഥാന രാഷ്ട്രീയം.
മുമ്പ് വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായപ്പോള്‍ ആയങ്കിയെ കൊണ്ടോട്ടി പോലീസ് അര്‍ദ്ധരാത്രിയില്‍ ചെന്നു പൊക്കിയത് സിപിഎമ്മിന്റെ ഉറച്ച പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങോത്തു നിന്നായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം ഒരു നാണക്കേട് പാര്‍ട്ടിക്കുണ്ടാകരുതെന്ന കര്‍ശന നിലപാടിലാണ് സിപിഎം നേതൃത്വം. ആയങ്കിക്ക് യാതൊരു കാരണവശാലും ഒളിത്താവളമൊരുക്കരുതെന്നും ഒളിവില്‍ കഴിയാന്‍ സഹായിക്കരുതെന്നും വ്യക്തമാക്കി കണ്ണൂരിലെ ആയങ്കി അനുകൂലികള്‍ക്കും സൈബര്‍ ഫാന്‍സുകള്‍ക്കും പാര്‍ട്ടി തലത്തില്‍ നിന്നും നിര്‍ണായക സന്ദേശം പൊയ്ക്കഴിഞ്ഞു.
അതേസമയം, പോലീസിനെയും അന്വേഷണ ഏജന്‍സികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് ആയങ്കിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ആയങ്കി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ എറണാകുളത്താണ് സൈബര്‍ സെല്ലിന് ലഭിച്ചത്. എന്നാല്‍ ഈ ഫോണ്‍ ആയങ്കിയല്ല നിലവില്‍ കൈകാര്യം ചെയ്യുന്നതെന്നും, പോലീസിനെ തെറ്റായ വഴിക്ക് തിരിച്ചുവിടാന്‍ മറ്റ് ആരെയെങ്കിലും ഏല്‍പ്പിച്ചതാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ ഉറച്ച നിഗമനം.
എറണാകുളത്തെ ടവര്‍ ലൊക്കേഷന്‍ പോലീസിനെ പറ്റിക്കാനുള്ള തന്ത്രമാണെന്നും ആയങ്കി നിലവില്‍ മംഗലാപുരത്തെ അതിശക്തമായ സ്വര്‍ണ്ണ മാഫിയയുടെ സംരക്ഷണത്തിലാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. അതിര്‍ത്തി കടന്നുള്ള അന്തര്‍സംസ്ഥാന സ്വര്‍ണ്ണക്കടത്ത്-ലഹരി ശൃംഖലകളുടെ സഹായത്തോടെയാണ് ഇയാള്‍ സുരക്ഷിതമായി ഒളിവില്‍ കഴിയുന്നത്.
ഡി.വൈ.എഫ്.ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങിയ അര്‍ജുന്‍ ആയങ്കി പിന്നീട് സാമ്പത്തിക നേട്ടങ്ങള്‍ക്കായി സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘങ്ങളുടെ തലവനായി മാറുകയായിരുന്നു. 2021-ലെ രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് അപകടത്തിന് പിന്നാലെയാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ക്യാരിയര്‍മാരെ വെട്ടിച്ച് സ്വര്‍ണ്ണം കവരുന്ന സംഘത്തിന്റെ സൂത്രധാരന്‍ ആയങ്കിയാണെന്ന് പുറത്തുവരുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷവും കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 975 ഗ്രാം സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ വീണ്ടും പ്രതിയായി.
കണ്ണൂരിലെ മറ്റൊരു ക്വട്ടേഷന്‍ നേതാവായ ആകാശ് തില്ലങ്കേരിയെ തില്ലങ്കേരിയില്‍ വിളിപ്പിച്ചു ചേര്‍ത്ത പൊതുയോഗത്തില്‍ വെച്ച് പാര്‍ട്ടി തള്ളിപ്പറയുകയും പോലീസ് കാപ്പ അടക്കമുള്ള നടപടികള്‍ കടുപ്പിക്കുകയും ചെയ്തതോടെ തളയ്ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്നും പോലീസിനോ നിയമ സംവിധാനങ്ങള്‍ക്കോ വഴങ്ങാന്‍ തയ്യാറാകാത്ത ആയങ്കി അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഉപയോഗിച്ചാണ് പിടിച്ചുനില്‍ക്കുന്നത്.
സിപിഎം കൊടിയും പ്രതീകങ്ങളും ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ മാസ് ഡയലോഗുകളിലൂടെ തടിച്ചുകൂടിയ ‘ഫാന്‍സ് പവറിനെ’ മറയാക്കിയായിരുന്നു ആയങ്കിയുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍. ഡിവൈഎഫ്‌ഐ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും താഴെത്തട്ടിലെ അണികളില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ഇയാള്‍, എം. ഷാജര്‍, മനു തോമസ് തുടങ്ങിയ മുതിര്‍ന്ന സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ പോലും അതിരൂക്ഷമായ സൈബര്‍ വ്യക്തിഹത്യ നടത്തിയിരുന്നു.
മുമ്പ് തനിക്കെതിരെ വാര്‍ത്തകള്‍ വരികയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്ത ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അപവാദപ്രചരണങ്ങളും വെല്ലുവിളികളുമാണ് ആയങ്കി അഴിച്ചുവിട്ടത്. എന്നാല്‍ അന്ന് തനിക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ അതേ ചെന്നിത്തല ഇന്ന് ആഭ്യന്തരമന്ത്രിയായി പോലീസിന് നേരിട്ട് നിര്‍ദ്ദേശം നല്‍കി ആയങ്കിക്കെതിരെ നീങ്ങുമ്പോള്‍ കളി മാറുകയാണ്. ചെന്നിത്തലയെ ഇപ്പോഴും ആയങ്കി വെല്ലുവിളിക്കുകയാണ്.
ആയങ്കിയെ പിടികൂടാന്‍ സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ തെളിവുകളും പരമാവധി പ്രയോജനപ്പെടുത്തുകയാണ് അന്വേഷണ സംഘം. ഇയാളുടെ ബിനാമി ബാങ്ക് അക്കൗണ്ടുകളും യുപിഐ സര്‍വീസുകളും മരവിപ്പിക്കാനും, ഒളിവില്‍ കഴിയാന്‍ സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്താനും നടപടികള്‍ ആരംഭിച്ചു. അടുത്ത കൂട്ടാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ താവളത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നിയമത്തെയും ആഭ്യന്തര വകുപ്പിനെയും പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ആയങ്കിയെ പിടികൂടേണ്ടത് പോലീസിന്റെയും സര്‍ക്കാരിന്റെയും അഭിമാന പ്രശ്‌നമായി മാറിക്കഴിഞ്ഞു. മംഗലാപുരത്തെ മാഫിയയുടെ തണലില്‍ എത്രനാള്‍ ഇയാള്‍ക്ക് ഒളിവില്‍ കഴിയാനാകുമെന്നും ചെന്നിത്തലയുടെ പോലീസ് ആയങ്കിയെ കൂട്ടിലടയ്ക്കുമോയെന്നും ഉറ്റുനോക്കുകയാണ് കേരളം.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വിഴിഞ്ഞം ഇനി രാജ്യാന്തര ചരക്ക് കവാടം; ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം സേവനങ്ങൾ, ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; ചരിത്ര നിമിഷത്തിന് കേരളം സാക്ഷിയാകും!







