എയർഹോസ്റ്റസ് ലുക്കിൽ കൈര; ‘വൈഷ്ണവി’യായി മാസ് വരവ്; ‘ഖലീഫ’യുടെ പുതിയ പോസ്റ്റർ പുറത്ത്, പ്രതീക്ഷയുയർത്തി പൃഥ്വിരാജ് ചിത്രം!

ഖലീഫ സിനിമയിലെ വൈഷ്ണവി എന്ന കഥാപാത്രമായി എയർഹോസ്റ്റസ് ലുക്കിൽ എത്തുന്ന കൈരയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന വമ്പൻ ആക്ഷൻ ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. സിനിമയുടേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകൾക്കും വലിയ സ്വീകരണമാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിലെ മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ‘വൈഷ്ണവി’ എന്ന കഥാപാത്രമായി എത്തുന്ന ‘കൈര’യുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. എയർഹോസ്റ്റസ് വേഷത്തിൽ മാസ്സായി എത്തുന്ന താരം ചിത്രത്തിൽ നിർണ്ണായകമായ പങ്കാകും വഹിക്കുക എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന ‘അസലായവളെ’ എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംനേടിക്കഴിഞ്ഞു. നാപ്പതുകളിലും യുവത്വം തുളുമ്പുന്ന പൃഥ്വിരാജിന്റെ മാസും സ്റ്റൈലിഷുമായ ലുക്കാണ് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് സ്ക്രീനിൽ തകർക്കുമ്പോൾ, ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’യായി മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത.
പ്രശസ്ത നടി മാളവിക ശർമ്മ ആദ്യമായി മലയാളത്തിൽ അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ജിനു വി. എബ്രഹാമിന്റെ തിരക്കഥയിൽ ‘ജിനു ഇന്നോവേഷൻസിന്റെ’ ബാനറിൽ ജിനു വി. എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി. ജോൺ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിക്കുന്നത് ചമൻ ചാക്കോയാണ്. ചേതൻ ഡിസൂസ, യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവർ ചേർന്ന് ആക്ഷൻ രംഗങ്ങളൊരുക്കുന്ന ചിത്രത്തിൽ മോഹൻദാസ്, സുരേഷ് ദിവാകർ, വിശ്വനാഥ് അരവിന്ദ്, മഷർ ഹംസ, അമൽ ചന്ദ്രൻ, സിങ്ക് സിനിമ, ജാബിർ സുലൈം, എം.ആർ. രാജാകൃഷ്ണൻ, റെനി ദിവാകർ, വിനോഷ് കൈമൾ, ശ്രീക്ക് വാര്യർ, പ്രശാന്ത് നായർ, സിനത് സേവിയർ, എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, വിപിൻ കുമാർ തുടങ്ങി വലിയൊരു നിര തന്നെ അണിയറയിലുണ്ട്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.