നീറ്റ് വിവാദം കത്തിപ്പടർന്നപ്പോൾ രാജിവെക്കാൻ താൻ ആദ്യമേ തയ്യാർ ; ‘യുവാക്കളെ ചിലർ മനഃപൂർവം വഴിതെറ്റിച്ചു’; പ്രതിഷേധത്തിന് പിന്നിൽ നവീൻ പട്‌നായിക്കെന്ന് ആരോപണം!

നീറ്റ് വിവാദത്തിനിടെ രാജിവെക്കാൻ തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തിയ ധർമേന്ദ്ര പ്രധാൻ; യുവാക്കളെ ചിലർ വഴിതെറ്റിച്ചെന്നും ആരോപണം
ഭുവനേശ്വർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവാക്കളെ ചിലർ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ താൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും പ്രധാൻ പറഞ്ഞു. മന്ത്രിസ്ഥാനം തനിക്ക് ഒരിക്കലും പ്രധാനപ്പെട്ടതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനിച്ച 20 കോടിയോളം കുട്ടികൾ വലിയ സ്വപ്നങ്ങളുള്ളവരാണ്. ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്നതിൽ ഈ തലമുറ നിർണായക പങ്കുവഹിക്കുമെന്നും രാജ്യത്തെ ‘വിശ്വഗുരു’ ആക്കാനുള്ള കരുത്ത് യുവാക്കൾക്കുണ്ടെന്നും പ്രധാൻ പറഞ്ഞു.
മുൻ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീൻ പട്‌നായിക്കിനെതിരെയും പ്രധാൻ ആരോപണം ഉന്നയിച്ചു. തനിക്കെതിരെ പ്രതിഷേധിക്കാനും ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിക്കാനും യുവാക്കളെ പ്രേരിപ്പിച്ചത് പട്‌നായിക്കാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കർഷകന്റെ മകനായ തനിക്ക് ഇത്തരം പ്രതിഷേധങ്ങളെ ഭയമില്ലെന്നും ഒഡീഷയിലെ ജനങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തിയും താൻ നടത്തിയിട്ടില്ലെന്നും പ്രധാൻ വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാനെതിരെ ബിജെഡി
അതേസമയം, ധർമേന്ദ്ര പ്രധാന്റെ ആരോപണങ്ങൾക്കെതിരെ ബിജെഡി രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവുമാണ് ധർമേന്ദ്ര പ്രധാന്റെയും ബിജെപി സർക്കാരിന്റെയും പ്രതിച്ഛായ തകർത്തതെന്ന് ബിജെഡി നേതാവ് രോഹിത് പൂജാരി ആരോപിച്ചു.
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് 21 വിദ്യാർഥികൾ ആത്മഹത്യ ചെയ്തെന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദം നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ആശങ്കകൾക്ക് കൃത്യമായ മറുപടി നൽകുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടതാണ് ധർമേന്ദ്ര പ്രധാന് ചീത്തപ്പേര് ഉണ്ടാക്കിയതെന്നും രോഹിത് പൂജാരി കൂട്ടിച്ചേർത്തു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.