ഒരാളെ ആക്രമിച്ചാല്‍ മൂന്നുപേരെ ആക്രമിച്ചതിനു തുല്യം പുതിയ മുദ്രവാക്യം പുതിയ സമവാക്യം. എന്താണ് പുതിയ പ്രാദേശിക സമവാക്യത്തിലൂടെ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ലക്ഷ്യമിടുന്നത്. സൈനിക സഹകരണം ഉറപ്പാക്കിയിരിക്കുകയാണ് ഈ മൂന്ന് രാജ്യങ്ങള്‍. പശ്ചിമേഷ്യയില്‍ മാറിമറിയുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഈ സംയുക്ത പ്രതിരോധ കരാര്‍ – മക്ക ജോയിന്റ് ഡിഫന്‍സ് പാക്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഇസ്രായേലിനും ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ടിനുമിടയില്‍ ഒരു മൂന്നാം പ്രാദേശിക ശക്തിയാകുമോ പുതിയ ഉദയം എന്നതാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.
അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മറ്റു രാജ്യങ്ങള്‍ക്ക് നേരെയും ഉള്ളതായി കണക്കാക്കപ്പെടും എന്നിടത്താണ് ഈ കരാറിന്റെ അപകടം. യെമനിലെ ഹൂതികള്‍ സൗദിയെ ആക്രമിച്ചാലോ, അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പാകിസ്താന് പെട്ടാലോ, കുര്‍ദിഷ് സേനയുമായുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കി ഏര്‍പ്പെട്ടാലോ മറ്റ് സഖ്യകക്ഷികള്‍ സൈനികമായി ഇടപെടാന്‍ ബാധ്യസ്ഥരാകുമോ എന്നത് വ്യക്തമല്ല. പക്ഷെ അറ്റാക്ക് ഓണ്‍ വണ്‍, അറ്റാക്ക് ഓണ്‍ ഓള് എന്നത് ചോദ്യം തന്നെയാകും വരും നാളുകളില്‍. മാറിയ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഇവര്‍ ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന തന്ത്രപരമായ കരുത്ത് വലുതാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ഏക ആണവശക്തിയാണ് പാകിസ്ഥാന്. തുര്‍ക്കി നാറ്റോ അംഗമാണ്. ഡ്രോണ്‍ സാങ്കേതികവിദ്യ, ആധുനിക ആയുധ നിര്‍മ്മാണ ശേഷി എന്നിവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. സൗദി അറേബ്യയാണെങ്കില്‍ പ്രതിരോധ പദ്ധതികള്‍ക്ക് അടിത്തറ പാകാനുള്ള വന്‍ സാമ്പത്തിക ശേഷിയുള്ള രാജ്യവും.
പശ്ചിമേഷ്യയില്‍ യു .എസ്. ഭരണകൂടം നല്‍കിയിരിക്കുന്ന സുരക്ഷാ ഉറപ്പുകളിലെ സംശയമാണ് ബദല്‍ അച്ചുതണ്ടിലേയ്ക്ക് എത്തിച്ചത്. അമേരിക്കയുടെ മുന്‍ഗണന പൂര്‍ണമായും ഇസ്രായേലിലേക്ക് കേന്ദ്രീകരിച്ചത് സൗദിയെയും തുര്‍ക്കിയെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. 8 വര്‍ഷമായി അകല്‍ച്ചയിലായിരുന്ന സൗദിയും തുര്‍ക്കിയും പ്രായോഗിക രാഷ്ട്രീയം മുന്‍നിര്‍ത്തി കൈകൊടുക്കുകയായിരുന്നു.
വിദേശ ശക്തികളെ ലക്ഷ്യമിട്ടല്ല സഖ്യമെന്ന് പറയുമ്പോഴും ലക്ഷ്യം ഇസ്രയേല്‍ തന്നെന്ന് വ്യക്തം. സൗദി അറേബ്യയ്ക്ക് ഇറാനില്‍ നിന്നും അതിന്റെ പോഷക സംഘടനകളില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണങ്ങളും ഒരു ഘടകമാണ്. ഈജിപ്ത്, യുഎഇ, ഖത്തര്‍ തുടങ്ങി സുന്നി ഭൂരിപക്ഷ രാജ്യങ്ങള്‍ കൂടി എത്തുമോ എന്നത് ഇനി കാത്തിരുന്നു കാണണം. അതേസമയം സഖ്യത്തിന്റെ വികാസം എളുപ്പമല്ല. കാരണം മുന്‍കാല അഭിപ്രായ വ്യത്യാസങ്ങളും സാമ്പത്തിക-വിദേശനയ മുന്‍ഗണനകളും തന്നെ.
ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് നീങ്ങാന്‍ സന്നദ്ധത കാണിച്ച സാഹചര്യത്തില്‍, സൗദിയും തുര്‍ക്കിയും പാകിസ്ഥാനും പരസ്പര സുരക്ഷയ്ക്കായി എത്രത്തോളം മുന്നിട്ടിറങ്ങും എന്നതാണ് സഖ്യത്തിന്റെ ഭാവിയെ ഇനി നിശ്ചയിക്കുക. ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ എന്നത് കൊണ്ട് തന്നെ ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങള്‍ പുതിയ ടീമിനെ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ശത്രുരാഷ്ട്രമായ പാകിസ്താനും സുഹൃദ് രാഷ്ട്രമായ സൗദി അറേബ്യയും തമ്മിലെ പ്രതിരോധ കരാറിലേക്ക് തുര്‍ക്കി കൂടി ചേരുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഓപ്പറേഷന് സിന്ദൂറിന്റെ ഘട്ടത്തില്‍ പാകിസ്താനെ ഡ്രോണുകളും ആയുധങ്ങളും നല്കി സഹായിച്ച രാജ്യമാണ് തുര്‍ക്കി. പിന്നീട് ഇന്ത്യ തുര്‍ക്കി ബന്ധം വഷളായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, തുര്‍ക്കി പ്രസിഡന്റ് റെജെപ് തയ്യിപ് എര്ദോഗന്, പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ഒപ്പുവെച്ച കരാറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചിരുന്നു.
മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഒപ്പുവെക്കല്‍ ആഘോഷിച്ച് സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ പ്രധാന കെട്ടിടങ്ങളും ടവറുകളും സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന് എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകളുടെ നിറങ്ങളില്‍ പ്രകാശിപ്പിച്ചിരുന്നു. അതേസമയം കടലാസ് കരാറുകള്‍ സുരക്ഷ ഉറപ്പാക്കില്ലെന്ന് ഇറാന് പ്രതികരിച്ചിരുന്നു.
ഇറാന് പാര്‍ലമെന്ററി സമിതി അംഗം ഇബ്രാഹിം റെസായെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.
തുര്‍ക്കിയുമായും പാകിസ്താനുമായും ഉണ്ടാക്കിയ കടലാസ് കരാറുകള്‍ കൊണ്ട് സുരക്ഷ ലഭിക്കില്ലെന്ന് സൗദി മനസ്സിലാക്കണം. വര്‍ഷങ്ങളോളം അമേരിക്കയെ പിന്തുണച്ചിട്ടും സൗദിക്കോ മേഖലയ്ക്കോ അത് സുരക്ഷ നല്‍കിയില്ലെന്നാണ് ഇറാന്റെ നിലപാട്. വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ സുരക്ഷയ്ക്കായി യാചിക്കുന്നതിന് പകരം സ്വന്തം വിദേശനയം തിരുത്തുകയാണ് സൗദി ചെയ്യേണ്ടതെന്നും ഇറാന് വ്യക്തമാക്കി.
അമേരിക്ക-ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, മേഖലയില്‍ വന്‍ സുരക്ഷാ ഭീഷണിയും ചെങ്കടല്‍-ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗത തടസ്സവും നിലനില്‍ക്കെയാണ് പുതിയ കരാര്‍ എന്നതും ശ്രദ്ധേയം. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇറാനും അതിന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും ഇറാഖിലെ ഷിയ സായുധസംഘങ്ങളും സൗദിക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി സുരക്ഷാ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


യുദ്ധം അവസാനിക്കാത്തതിന്റെ രഹസ്യം ഇതാണോ? മുജ്തബ ഖമേനിക്കായുള്ള തിരച്ചിലിൽ CIAയും മോസാദും; ഇറാനിലെ ഭരണമാറ്റം അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമോ?







