യുദ്ധം അവസാനിക്കാത്തതിന്റെ രഹസ്യം ഇതാണോ? മുജ്തബ ഖമേനിക്കായുള്ള തിരച്ചിലിൽ CIAയും മോസാദും; ഇറാനിലെ ഭരണമാറ്റം അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമോ?

ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള വിശകലനം സൂചിപ്പിക്കുന്ന ദൃശ്യത്തിൽ മുജ്തബ ഖമേനി, അമേരിക്ക, ഇസ്രായേൽ, CIA, മോസാദ് എന്നിവയുടെ പ്രതീകാത്മക ചിത്രം
ഇറാൻ യുദ്ധം എന്ന് അവസാനിക്കും ? എങ്ങനെയായിരിക്കും ഈ സംഘർഷങ്ങളുടെ അന്ത്യം? യുദ്ധം തുടങ്ങിയ അന്നുമുതൽ ഉയർന്നു തുടങ്ങിയ എണ്ണ വില ഇതുവരെ താഴേക്ക് വന്നിട്ടില്ല, ഇതിനൊരു മാറ്റം ഉണ്ടാകില്ലേ എന്ന ചോദ്യം നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും ഉയർന്നു കേൾക്കുന്നുണ്ട്. എന്താണ് അമേരിക്കയുടെ ലക്ഷ്യം. ആ വലിയ ചോദ്യത്തിനുള്ള ഉത്തരങ്ങളിലേക്കുള്ള ഒരു അന്വേഷണം നമുക്ക് നടത്താം.
കൊന്ന് തീർക്കാൻ തന്നെയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും തീരുമാനം… പക്ഷേ, ലക്ഷ്യമിട്ട ആളെ കിട്ടാത്തതുകൊണ്ട് യുദ്ധം ഇങ്ങനെ നീണ്ടുപോകുന്നു എന്ന വിലയിരുത്തലുകളാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.
അതെ, ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജൻസികളായ സി.ഐ.എ-യും മോസാദും ഒരു മനുഷ്യനെ അരിച്ചുപെറുക്കി അന്വേഷിക്കുകയാണ്. സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പോലും പങ്കെടുക്കാൻ കഴിയാതെ, കഴിഞ്ഞ അഞ്ചുമാസമായി ഭൂമിക്കടിയിൽ എവിടെയോ ഒളിച്ചിരിക്കുന്ന ഇറാന്റെ സുപ്രീം ലീഡർ മുജ്‌തബ ഖമേനിയാണ് ആ മനുഷ്യൻ!
മാർച്ച് 8-ന് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പിതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 56-കാരനായ മുജ്‌തബ ഇറാന്റെ പുതിയ പരമാധികാരിയായി വരുന്നത്. പക്ഷേ, അഞ്ചുമാസം കഴിഞ്ഞിട്ടും അദ്ദേഹം ഇതുവരെ ഒരു പൊതുവേദിയിൽ വരികയോ, ടിവിയിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണോ, ലാപ്ടോപ്പോ തുടങ്ങി ഒരു ഡിജിറ്റൽ സംവിധാനങ്ങളും അദ്ദേഹം ഉപയോഗിക്കുന്നില്ല. ടെഹ്റാനിലെ ഭൂഗർഭ ബങ്കറുകളിലോ അല്ലെങ്കിൽ ഖോം നഗരത്തിന് കീഴിലുള്ള തുരങ്കങ്ങളിലോ ആണ് മുജ്‌തബയുള്ളത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ വിശ്വസ്തർ വഴി കൈമാറുന്ന കത്തുകൾ മാത്രമാണ് ആശയവിനിമയ മാർഗ്ഗം. അതിനാലാണ് ലോകത്തെ ഏറ്റവും മികച്ച ടെക്നോളജി കൈവശമുള്ള രണ്ട് വമ്പൻ ഏജൻസികൾ ഇറാന്റെ പുതിയ സുപ്രീം ലീഡറെ കണ്ടെത്താൻ കഴിയാതെ വട്ടംകറങ്ങേണ്ടി വരുന്നത്.
മുജ്‌തബയെ ഇല്ലാതാക്കാതെ യുദ്ധത്തിൽ ഒരു പൂർണ്ണ സന്ധിക്ക് അവർ തയ്യാറാകില്ല. കാരണം, ഉപരോധങ്ങൾക്കും ആക്രമണങ്ങൾക്കുമപ്പുറം ഇറാനിൽ ഒരു ഭരണമാറ്റം  കൊണ്ടുവരിക എന്നത് തന്നെയാണ് പാശ്ചാത്യ ശക്തികളുടെ ലക്ഷ്യം. അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതാക്കളുടെ വാക്കുകളിൽ അത് വ്യക്തമാണ്.
അടുത്തിടെ ഇറാനിയൻ ജനതയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്,
‘ഇസ്രായേൽ ജനത നിങ്ങൾക്കൊപ്പമുണ്ട്, നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിൽ ഇറാനിൽ മാറ്റങ്ങൾ സംഭവിക്കും’ എന്നാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടും മറ്റൊന്നല്ല. ജനങ്ങളെ അടിച്ചമർത്തുന്ന ഇറാന്റെ നിലവിലെ ഭരണകൂടം മാറണമെന്നും, ജനങ്ങൾക്ക് അവരുടെ രാജ്യം തിരികെ ലഭിക്കുന്ന ഒരു പുതിയ ഇറാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
അതായത്, മുജ്‌തബ ഖമേനിയെ കണ്ടെത്തി ഇല്ലാതാക്കുന്നതോടെ, പരമാധികാരികളുടെ വാഴ്ച അവിടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. രാജാവിന് ശേഷം മകൻ എന്ന രീതിയിലുള്ള ഒരു രാജവാഴ്ച ഇറാനിൽ ഇല്ലെങ്കിലും, അധികാരം സ്വന്തം മകനിലേക്ക് തന്നെ കൈമാറാൻ അലി ഖമേനി നടത്തിയ ശ്രമങ്ങളെ പാശ്ചാത്യ ലോകം ഒരു ‘കുടുംബവാഴ്ച’ ആയി തന്നെയാണ് കാണുന്നത്. അതില്ലാതാകുന്നതോടെ  ഇറാനിൽ വലിയ ജനകീയ വിപ്ലവത്തിന് തിരികൊളുത്താമെന്നും, ആ അവസരം മുതലെടുത്ത് തങ്ങൾക്ക് അനുകൂലമായ ഒരു സർക്കാരിനെ അവിടെ പ്രതിഷ്ഠിക്കാമെന്നുമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും മാസ്റ്റർ പ്ലാൻ.
ചരിത്രം പരിശോധിച്ചാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ ഭരണമാറ്റങ്ങൾ അമേരിക്ക നടത്തിയിട്ടുള്ളതായി കാണാം. പതിറ്റാണ്ടുകൾക്ക് മുൻപ് ഇറാനിൽ തന്നെ അമേരിക്ക ഈ തന്ത്രം പയറ്റിയിട്ടുണ്ട്. 1953-ൽ ഇറാനിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്നു മുഹമ്മദ് മൊസാദെഗ് . ഇറാന്റെ എണ്ണസമ്പത്ത് ദേശസാൽക്കരിച്ച മൊസാദെഗിനെ അട്ടിമറിച്ച്, തങ്ങൾക്ക് അനുകൂലനായ ഷാ രാജാവിനെ Mohammad Reza Pahlaviയെ അവിടെ പ്രതിഷ്ഠിച്ചത് അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയും ബ്രിട്ടനും ചേർന്നാണ്. ‘ഓപ്പറേഷൻ അജാക്സ്’ എന്നായിരുന്നു ആ രഹസ്യ നീക്കത്തിന്റെ പേര്. അന്ന് വിതച്ച വിത്താണ് പിന്നീട് 1979-ലെ ഇസ്ലാമിക വിപ്ലവത്തിലേക്കും ഇന്നത്തെ അമേരിക്കൻ ഇറാൻ ശത്രുതയിലേക്കും കൊണ്ടെത്തിച്ചത്.
അത്തരത്തിലുള്ള അട്ടിമറികളിലൂടെ ഇറാനിൽ ഒരു ഭരണ പ്രതിസന്ധി കൊണ്ടുവരാനാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കം. ആ നീക്കം വിജയിക്കപ്പെട്ടാൽ പല രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകാം. പരമാധികാരി അല്ലെങ്കിൽ സുപ്രീം ലീഡർ എന്ന പദവി ഇല്ലാതാകുന്നതോടെ, ഇറാന്റെ ഏറ്റവും വലിയ സായുധ ശക്തിയായ റെവല്യൂഷണറി ഗാർഡ് പൂർണ്ണമായും അധികാരം പിടിച്ചെടുക്കും. ഇപ്പോൾ തന്നെ ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം നിയന്ത്രിക്കുന്നത് അവരാണ്. അതോടെ മതപരമായ ഒരു മുഖംമൂടി അഴിച്ച് വെച്ച് ഇറാൻ ഒരു തികഞ്ഞ സൈനിക ഏകാധിപത്യ രാജ്യമായി മാറും. ഭരണമാറ്റം സ്വപ്നം കാണുന്ന അമേരിക്കയ്ക്ക് ഇത് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കും.
മറ്റൊരു സാധ്യത അമേരിക്ക സ്വപ്നം കാണുന്നതുപോലെ ഇറാനിൽ വലിയൊരു ജനകീയ വിപ്ലവം പൊട്ടിപ്പുറപ്പെട്ടേക്കാം എന്നതാണ്. വർഷങ്ങളായി അടിച്ചമർത്തലുകൾ നേരിടുന്ന ഇറാനിയൻ യുവത തെരുവിലിറങ്ങും. എന്നാൽ അത് സമാധാനപരമായിരിക്കില്ല. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം ഇറാഖിലും, ഗദ്ദാഫിയുടെ പതനത്തിന് ശേഷം ലിബിയയിലും കണ്ടതുപോലെ, അധികാരത്തിന് വേണ്ടിയുള്ള സായുധ ഗ്രൂപ്പുകളുടെ വലിയൊരു ആഭ്യന്തര യുദ്ധത്തിലേക്ക് അത് രാജ്യത്തെ തള്ളിവിടും. ഇറാന്റെ തെരുവുകൾ ഒരു ചോരക്കളമായി മാറിയേക്കാം.
അല്ലെങ്കിൽ 1953-ൽ ഓപ്പറേഷൻ അജാക്സിലൂടെ ഷാ രാജാവിനെ പ്രതിഷ്ഠിച്ചതുപോലെ, വിപ്ലവത്തിന് ശേഷം തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങുന്ന ഒരു പാവ സർക്കാരിനെ അമേരിക്ക ഇറാനിൽ പ്രതിഷ്ഠിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ പശ്ചിമേഷ്യയിലെ ഇസ്രായേലിന്റെയും അമേരിക്കയുടെയും ഏറ്റവും വലിയ ശത്രു ഇല്ലാതാകും. മാത്രമല്ല, ഇറാന്റെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന എണ്ണസമ്പത്ത് അവരുടെ നിയന്ത്രണത്തിലാകുകയും ചെയ്യും.
ചുരുക്കത്തിൽ, മുജ്‌തബ ഖമേനിക്കായുള്ള ഈ തിരച്ചിൽ കേവലം ഒരു വ്യക്തിയെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതല്ല, മറിച്ച് പശ്ചിമേഷ്യയുടെ ഭൂപടം തന്നെ മാറ്റിയെഴുതാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ബൃഹത്തായ പദ്ധതിയുടെ ഭാഗമാണ്. അധികാര മാറ്റങ്ങളിലൂടെ സമാധാനം കൊണ്ടുവരാമെന്ന പാശ്ചാത്യ ശക്തികളുടെ കണക്കുകൂട്ടലുകൾ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് കലാശിച്ചിട്ടുള്ളത്. മുജ്‌തബയുടെ പതനവും ഇറാനിൽ സമാധാനത്തിന് പകരം പ്രവചനാതീതമായ മറ്റൊരു രക്തച്ചൊരിച്ചിലിനാകും വഴിയൊരുക്കുക. ഈ ഭരണമാറ്റ തന്ത്രം പശ്ചിമേഷ്യയെ വീണ്ടുമൊരു വലിയ കലാപഭൂമിയാക്കി മാറ്റാനാണ് സാധ്യത.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.