“നശിക്കാത്തതൊന്നുമില്ല…” ; പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി; 40 ലക്ഷം രൂപയുടെ നഷ്ടം, വിലകൂടിയ സാരികളും പോയി; പൂഞ്ഞാറിൽ പ്രളയസമാന സാഹചര്യം!

കനത്ത മഴയിൽ പൂഞ്ഞാറിലെ പി.സി. ജോർജിന്റെ വീട്ടിൽ വെള്ളം കയറിയ ദൃശ്യം
ഈരാറ്റുപേട്ട: കഴിഞ്ഞ ഒരു ദിവസം കൊണ്ട് കേരളം മഴയിൽ വിറങ്ങലിച്ചു. സംസ്ഥാനത്താകെ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം ഈരാറ്റുപേട്ടയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി.
പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു.
‘‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും വെള്ളം കയറുന്നത് ആദ്യമായിട്ടാണ്. ഇന്നലെ പുലർച്ചെ 2 മണിക്കാണ് തൊട്ടടുത്ത് താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിലെത്തി വാതിലിൽ മുട്ടിയത്.
അപ്പോഴാണ് വെള്ളം കയറുന്നുണ്ടെന്ന് അറിഞ്ഞത്. ഏതാണ്ട് രണ്ടരയോടെ മണിയായതോടെ വീടിനകത്തേയ്ക്കും വെള്ളം കയറി. ഏതാണ്ട് മൂന്നരയടി വെള്ളം വീടിനകത്ത് കയറി. ഞാനും ഭാര്യ ഉഷയും രണ്ടാമത്തെ മകൻ ഷെയ്നുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.
പെട്ടെന്ന് തന്നെ ഞങ്ങൾ വീടിന്റെ മുകളിലത്തെ നിലയിലേക്ക് മാറി. വെള്ളം കയറി വീട്ടിലെ ഉപകരണങ്ങൾ പലതും നശിച്ചു. പാത്രങ്ങൾ 2 ഫ്രിജ്, ടിവി തുടങ്ങി നശിക്കാത്തതൊന്നുമില്ല. പലതും വെള്ളം കയറി നശിച്ചു. വീട്ടിൽ‍ മാത്രം ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
2 ഇന്നോവ കാറുകളിലും വെള്ളം കയറി. അതുമാത്രമല്ല, പൂഞ്ഞാറിൽ ഭാര്യ ഉഷ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അവിടെയും വെള്ളം കയറി.  സാരികളെല്ലാം നശിച്ചുപോയി. പലതും വിലകൂടിയ സാരികളാണ്. ഏതാണ്ട് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് തോന്നുന്നതെന്നും പി.സി.ജോർജ് പറഞ്ഞു.
ഇതിലും വലിയ നഷ്ടങ്ങൾ സംഭവിച്ചവരുണ്ടെന്നും അതിനിടയിൽ എന്റെ പ്രശ്നം പറയുന്നതിൽ ന്യായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പൂഞ്ഞാർ മേഖലയിൽ കഴിഞ്ഞ ദിവസം 213 മിമീ വരെ മഴയാണ് ലഭിച്ചത്. അർധരാത്രിയോടെയാണ് ഈരാറ്റുപേട്ട ഭാഗത്ത് വെള്ളം ഉയർന്നു തുടങ്ങിയത്. ശനിയാഴ്ച പുലർച്ചെ 3 മണിയോടെ പാലാ വരെയുള്ള റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.