കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുടെ (31) ചോദ്യം ചെയ്യൽ തുടരുന്നു. ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പരിശീലക ഉൾപ്പെടെ മൂന്ന് അധ്യാപികമാർ പിടിയിലായ ഈ കേസിൽ, കഴിഞ്ഞ ദിവസം വടകര എൻഡിപിഎസ് കോടതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് കസ്റ്റഡി കാലാവധി.
സൈബർ സെല്ലിൽനിന്ന് ലഭിച്ച തെളിവുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മറ്റ് അക്കൗണ്ടുകൾ, ഫോൺ നമ്പറുകൾ എന്നിവയിലൂടെ കീർത്തന ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നതാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
മുഖ്യ ഇടപാടുകാരി കീർത്തനയോ?
പേരാമ്പ്ര ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്ററായി പ്രവർത്തിച്ചിരുന്ന കീർത്തനയാണ് കേസിലെ മുഖ്യ ഇടപാടുകാരി എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സുഹൃത്തുക്കളായ മറ്റ് അധ്യാപികമാരെയും ലഹരി ഇടപാടിലേക്ക് കൊണ്ടുവന്നത് കീർത്തനയാണെന്നാണ് സൂചന. ലഹരി ഇടപാടുകൾ സംബന്ധിച്ച ചാറ്റുകളും ചിത്രങ്ങളും കീർത്തനയുടെ ഫോണിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ലഹരി ഇടപാടുകൾക്ക് കുട്ടികളെ ഉപയോഗിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇത് വ്യക്തമാകൂ എന്നും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇത് സ്ഥിരീകരിക്കപ്പെട്ടാൽ കേസിൽ കൂടുതൽ ഗുരുതര വകുപ്പുകൾ ചേർക്കും.
പണമിടപാടിന്റെ ചുരുളഴിയുന്നു
കീർത്തനയുടെ അക്കൗണ്ടിൽനിന്ന് മറ്റ് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി അന്വേഷണ സംഘത്തിലെ വടകര പൊലീസ് സ്റ്റേഷൻ എസ്ഐ പി. ഷമീർ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം തന്നെയാണ് ഈ അക്കൗണ്ട് വഴി കൈമാറ്റം ചെയ്തതെന്നാണ് നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ പെയ്മെന്റുകൾ പ്രതികൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന വയനാട് ബത്തേരി സ്വദേശി ഷിന്റോ ഷിബുവിനായുള്ള തിരച്ചിലും സമാന്തരമായി തുടരുകയാണ്.
കീർത്തന നിഷേധിക്കുന്നു
എംഡിഎംഎ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും, ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോടതിക്ക് മുന്നിലെത്തിയ മാധ്യമങ്ങളോട് കീർത്തന പ്രതികരിച്ചിരുന്നു. എന്നാൽ കേസുമായി നേരിട്ട് ബന്ധമുള്ള ആളാണ് കീർത്തന എന്നാണ് പൊലീസ് വൃത്തങ്ങളുടെ നിലപാട്.
മറ്റ് അധ്യാപികമാരുടെ ഫോണുകളും പരിശോധനയിൽ
വീട്ടിൽനിന്ന് നേരിട്ട് കസ്റ്റഡിയിലെടുത്ത കീർത്തനയുടെ സ്മാർട്ട്ഫോണിലെ വിവരങ്ങൾ നിർണായകമാണെന്നാണ് സൂചന. കേസിൽ അറസ്റ്റിലായ ഓട്ടിസം സെന്റർ അധ്യാപിക കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ വി.പി. നീഷ്മ (30) എന്നിവർ ഫോണിലെ വിവരങ്ങൾ മാറ്റിയതായും സൂചനയുണ്ട്. അധ്യാപികമാരുടെ ഫോണുകൾ സൈബർ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ജിജിലിലൂടെ പയ്യോളി കേസുമായും ബന്ധം
ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസിന്റെ അറസ്റ്റ് കേസിൽ നിർണായകമായി. അധ്യാപികമാരിൽനിന്ന് ലഭിച്ച പണം ജിജിൽ വഴിയാണ് പ്രധാന സൂത്രധാരനെന്ന് കരുതുന്ന ഷിന്റോയ്ക്ക് അയച്ചതെന്നാണ് കണ്ടെത്തൽ. ഒരു കോടിയോളം രൂപ ജിജിലിന്റെ അക്കൗണ്ടിലൂടെ ഇടപാട് നടത്തിയതാണ് കേസിലെ പ്രധാന വഴിത്തിരിവായത്. മൂന്ന് അധ്യാപികമാരുമായും ജിജിൽ സാമ്പത്തിക ഇടപാട് നടത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
മേയ് 20ന് പയ്യോളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഇർഫാന് (26) പണം അയച്ചതും ജിജിൽ ആണെന്ന് കണ്ടെത്തിയതോടെ, ഈ കേസിലും ജിജിലിനെ കൂട്ടുപ്രതിയാക്കിയിട്ടുണ്ട്.
ഷിന്റോ-ജിജിൽ ബന്ധം പഠനകാലം മുതൽ
മംഗളൂരുവിൽ ഷിന്റോയും ജിജിലും ഒരേ സ്ഥാപനത്തിൽ വ്യത്യസ്ത കോഴ്സുകൾ പഠിച്ചവരാണെന്നും, പഠനകാലത്തുതന്നെ ഇരുവരും എംഡിഎംഎ ഇടപാടുകൾ നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ലഹരി ഉപയോഗിച്ചുവന്നിരുന്ന ഷിന്റോ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ലഹരി ഇടപാടിലേക്ക് തിരിഞ്ഞെന്നാണ് വിവരം. ബെംഗളൂരുവിൽനിന്നും മറ്റും വൻതോതിൽ ലഹരി എത്തിച്ച് വിതരണം ചെയ്തിരുന്നതിന്റെ മുഖ്യ സൂത്രധാരൻ 22കാരനായ ഷിന്റോ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി ഷിന്റോയുടെ നേതൃത്വത്തിൽ നിരവധി ലഹരി ഇടപാടുകൾ നടന്നതായും സൂചനയുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ആയങ്കിയ്ക്ക് ഇനി ജയിലോ ജാമ്യമോ? ; അർജുൻ ആയങ്കി കൂത്തുപറമ്പ് മജിസ്ട്രേറ്റ് വസതിയിൽ ; കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം പൊലീസ് കണ്ണൂരിൽ; മജിസ്ട്രേറ്റിന് മുന്നിലേക്ക് പോകുംവഴി പൊലീസിന് വഴിതെറ്റി!







