തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക അഴിമതി കേസുകളില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ശബരിമലയിലെ നെയ്യ് വാങ്ങലിലും ആഗോള അയ്യപ്പ സംഗമത്തിലും നടന്ന വഴിവിട്ട നീക്കങ്ങള്‍ കേവലം സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമായിരുന്നില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ അതിശക്തനായ ഒരു സഹകരണ പ്രമുഖന്റെ പിന്തുണ ഉറപ്പാക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വീണ്ടും തുടരുക, അല്ലെങ്കില്‍ ശബരിമല ഉന്നതാധികാര സമിതിയുടെ അമരത്തെത്തുക എന്ന വലിയ രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. പിണറായി ഭരണകാലത്തെ അതിപ്രമുഖനായിരുന്നു സഹകരണ പ്രമുഖന്. എന്നാല്‍ ഇയാളിലേക്ക് ഈ അന്വേഷണം എത്താന്‍ സാധ്യതയില്ല. വാക്കല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അപ്പുറം ഫയല്‍ കുറിപ്പൊന്നും ഈ വ്യക്തി നടത്തിയിട്ടില്ല.
യുവജന കമ്മീഷനിലെ പ്രവര്‍ത്തനകാലത്താണ് പ്രശാന്ത് മുതിര്‍ന്ന സി.പി.എം നേതാവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ഈ രാഷ്ട്രീയ തണലില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയ പ്രശാന്ത്, പദവിയില്‍ തുടര്‍ച്ച നേടണമെങ്കില്‍ ഭരണതലത്തില്‍ വിപുലമായ സ്വാധീനമുള്ള സഹകരണ പ്രമുഖന്റെ പിന്തുണകൂടി അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു. ഈ ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ തുകയ്ക്ക് നെയ്യ് നല്‍കാമെന്ന തമിഴ്നാട് കമ്പനിയുടെ ടെന്‍ഡറും ദേവസ്വം കമ്മീഷണറുടെ എതിര്‍പ്പും തള്ളി മില്‍മയ്ക്ക് ടെന്‍ഡര്‍ ഉറപ്പിച്ചതെന്നാണ് സൂചന. വ്യക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ ഇതിന് പിന്നിലുണ്ടായിരുന്നു.
സഹകരണ മേഖലയിലെ പ്രമുഖന്റെ താല്പര്യ സംരക്ഷണത്തിനായി മില്‍മയുമായി നടത്തിയ ഈ ഇടപാടിലൂടെ 2.27 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്. ഒരു ലിറ്ററിന് 369 രൂപയ്ക്ക് നെയ്യ് നല്‍കാമെന്ന കമ്പനിയുടെ ഓഫര്‍ മറികടന്നാണ് ലിറ്ററിന് 510 രൂപ നിരക്കില്‍ 1.65 ലക്ഷം ലിറ്റര്‍ നെയ്യ് മില്‍മയില്‍ നിന്ന് വാങ്ങിയത്. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രത്യേക വിജിലന്‍സ് അന്വേഷണ സംഘം (എസ്.ഐ.ടി) കേസ് ഏറ്റെടുത്തത്.
മില്‍മ ഇടപാടിനു പുറമേ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രധാന ക്വട്ടേഷനുകളും കരാറുകളും പ്രശാന്ത് നല്‍കിയത് ഈ സഹകരണ പ്രമുഖന്റെ അടുപ്പക്കാര്ക്കായിരുന്നു. ഏതുവിധേനയും ദേവസ്വം ബോര്‍ഡിന്റെ അമരത്ത് വീണ്ടും എത്തുക, അതല്ലെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ് പദവി നഷ്ടമായാലും ശബരിമലയുടെ വികസന കാര്യങ്ങള്‍ തീരുമാനിക്കുന്ന ഉന്നതാധികാര സമിതിയുടെ (ഹൈ പവര്‍ കമ്മിറ്റി) തലപ്പത്ത് എത്തുക എന്നതായിരുന്നു പ്രശാന്തിന്റെ അന്തിമ പദ്ധതി.
എന്നാല്‍, പ്രതീക്ഷിച്ച കണക്കുകൂട്ടലുകളെല്ലാം സ്വര്‍ണക്കൊള്ള ആരോപണത്തോടെ തകിടം മറിയുകയായിരുന്നു. ഇടതുഭരണ കാലത്ത് അഴിമതി ആരോപണങ്ങളില്‍ പ്രശാന്തിന് വലിയ സംരക്ഷണം ലഭിക്കുകയും നടപടികളില്ലാതെ വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണമാറ്റമുണ്ടായതോടെ കഥ മാറി. അട്ടിമറിക്കപ്പെട്ട ഫയലുകളും അഴിമതി റിപ്പോര്‍ട്ടുകളും പുറത്തുവരാന്‍ തുടങ്ങി. ഇതോടെയാണ് മില്‍മ നെയ്യ് അഴിമതി കേസില്‍ പ്രശാന്തിനെ പ്രതിചേര്‍ത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിജിലന്‍സ് എസ്.പി: എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക വിജിലന്‍സ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈ.എസ്.പി സി.എസ്. ഹരിയുടെ നേതൃത്വത്തിലാണ് ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിപുലമായ അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിന്റെ പട്ടിക ഹൈക്കോടതിക്ക് കൈമാറിക്കഴിഞ്ഞു. കേസിന്റെ പ്രാഥമിക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ വിജിലന്‍സ് കോടതിക്കും ദേവസ്വം ബെഞ്ചിനും സമര്‍പ്പിക്കും.
കേസില്‍ പി.എസ്. പ്രശാന്തിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോര്‍ഡ് മുന്‍ അംഗം സി.എന്‍. അജികുമാര്‍, അന്തരിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫീസര്‍, സ്റ്റോര്‍ സൂപ്രണ്ട് എന്നിവരാണ് കേസിലെ മറ്റ് പ്രധാന പ്രതികള്‍. ടെന്‍ഡറുകള്‍ അട്ടിമറിച്ച് കോടികളുടെ ക്രമക്കേട് നടത്താന്‍ ഭരണസമിതിയും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എസ്.ഐ.ടി കണ്ടെത്തുകയായിരുന്നു.
ശബരിമലയിലെ നെയ്യ് തോണിയില്‍ ഭക്തജനങ്ങള്‍ തീരാഭക്തിയോടെ അര്‍പ്പിക്കുന്ന ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധമായ നെയ്യ് പരിപാലനമില്ലാതെ കെട്ടിക്കിടന്ന് ചീത്തയായിപ്പോകുമ്പോഴാണ്, മറുവശത്ത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോടികള്‍ മുടക്കി പുറത്തുനിന്ന് നെയ്യ് വാങ്ങിക്കൂട്ടിയത്. ഭക്തരുടെ വഴിപാടു നെയ്യ് കൃത്യമായി സംസ്കരിച്ച് | അരവണയ്ക്ക് ഉപയോഗിക്കുന്നതിന് പകരം, ബോര്‍ഡ് ജീവനക്കാരും താത്കാലികക്കാരും പ്ലാസ്റ്റിക് കുപ്പികളില്‍ നെയ്യ് കടത്തുന്നത് അന്നത്തെ ഭരണസമിതി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
അതിനിടെ, പ്രശാന്ത് പദവി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കാലത്തെ പലരും നിലവിലെ ബോര്‍ഡ് പ്രസിഡന്റിന്റെ കൂടെ ഇപ്പോഴും തുടരുന്നത് വിജിലന്‍സ് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് ബോര്‍ഡില്‍ എത്താതിരിക്കാന്‍ ഫയല്‍ പൂഴ്ത്തിയതും ഇതേ ഉദ്യോഗസ്ഥനാണെന്ന് ആരോപണമുണ്ട്. പ്രശാന്തിന്റെ കാലത്ത് നടന്ന നിയമന അഴിമതികളിലേക്കും തിരുവല്ലം ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം നീളുന്ന ഘട്ടത്തില്‍ ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയാക്കുമെന്നാണ് ആക്ഷേപം.
പ്രശാന്തിന്റെ ഭരണകാലത്തു നടന്ന നിയമന വെട്ടിപ്പുകള്‍, വഴിവിട്ട തസ്തിക സൃഷ്ടിക്കലുകള്‍, ലേല ഇടപാടുകളിലെ തിരിമറികള്‍ എന്നിവയിലെല്ലാം തെളിവുകള്‍ ശേഖരിക്കാന്‍ എസ്.ഐ.ടി നീക്കം തുടരുകയാണ്. രാഷ്ട്രീയ തലത്തിലെ ഉന്നത ബന്ധങ്ങളും സഹകരണ മേഖലയിലെ കരുക്കളും ഉപയോഗിച്ച് അഴിമതികള്‍ മൂടിവെക്കാന്‍ ശ്രമിച്ചെങ്കിലും, ഭരണം മാറിയതോടെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വലമുറുക്കുന്നത് പ്രശാന്തിനെയും സംഘത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


സർക്കാർ ജോലി വേണ്ടെന്നുവച്ചു, ഇന്ന് ആകാശത്ത് പത്തരമാറ്റ് തിളക്കം; മോദിയുടെ കൈപ്പടയിലെ ‘വന്ദേ മാതരം’ സന്ദേശവുമായി പവൻ കുമാർ ചന്ദനയുടെ ‘വിക്രം-1’ ചരിത്ര വിക്ഷേപണത്തിന്!







