പുതിയ സമിതി, പഴയ വിഷയങ്ങൾ; 101 നിർദേശങ്ങൾ നൽകിയ രാധാകൃഷ്ണൻ സമിതിയുടെ അതേ ചോദ്യങ്ങളുമായി നിലേകനി സമിതി; നീറ്റ് ഓൺലൈൻ ആകുമോ എന്നത് ഇനിയും അനിശ്ചിതം ; നീറ്റ് പരീക്ഷ ഇനിയും നീറ്റാകില്ലേ?

Nandan Nilekani exam reform committee NEET നിലേകനി സമിതി ചിത്രം
ന്യൂഡൽഹി : രാജ്യത്തെ മത്സര പരീക്ഷാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം രൂപീകരിച്ച ഉന്നതതല കർമസമിതിയുടെ പരിഗണനാ വിഷയങ്ങളിൽ ഭൂരിഭാഗവും 2 വർഷം മുൻപ് നിയോഗിച്ച സമിതി പരിശോധിച്ച കാര്യങ്ങൾ തന്നെയാണെന്ന് വ്യക്തമായി.
2024ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിനു പിന്നാലെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനുള്ള പരിഷ്കാരങ്ങൾ നിർദേശിക്കാൻ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ 2024 ജൂണിൽ നിയോഗിച്ചിരുന്നു. 23 മുഴുവൻ ദിവസത്തെ യോഗങ്ങൾ നടത്തി, 37,000ത്തിലധികം പൊതുജന അഭിപ്രായങ്ങൾ പരിശോധിച്ച ശേഷം 2024 ഒക്ടോബറിൽ 101 നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.
ഇവർ നിർദേശിച്ച പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് പുരോഗമിക്കുന്നുവെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തിനിടെയാണ്, ഇവർക്കു നൽകിയ അതേ വിഷയങ്ങൾ തന്നെ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള പുതിയ സമിതിക്കും നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ജൂലൈയിൽ ഈ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ചത്. “നമ്മുടെ പരീക്ഷാ സംവിധാനം വിശ്വസനീയവും സുതാര്യവുമായിരിക്കണം, സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ച് പരീക്ഷകൾ ശുദ്ധവും സുതാര്യവുമാക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ആവർത്തിക്കുന്ന വിഷയങ്ങൾ
നിലേകനി സമിതിക്ക് 10 പരിഗണനാ വിഷയങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിൽ ഏഴും രാധാകൃഷ്ണൻ സമിതി 2 വർഷം മുൻപ് വിശദമായി പരിഗണിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. 2 വിഷയങ്ങൾ ഭാഗികമായും പരിഗണിച്ചിരുന്നു. അതേസമയം, ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻടിഎ) അപ്പുറം രാജ്യത്തെ മൊത്തത്തിലുള്ള പരീക്ഷാ സംവിധാനത്തെ അവലോകനം ചെയ്യുക, എൻടിഎയ്ക്ക് നിയമപരമായ ചട്ടക്കൂട് നൽകുന്നത് പരിശോധിക്കുക എന്നതും പുതിയ സമിതിയുടെ പരിഗണനയിലുണ്ട്.
സമാന്തര നടപടികളും
പരീക്ഷാ പരിഷ്കരണ ദൗത്യത്തിന്റെ ഭാഗമായി ജൂലൈയിൽ 47 എൻടിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും, ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമം കൂടുതൽ കർശനമാക്കുന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ 2026 ലോക്‌സഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
നീറ്റ് ഓൺലൈൻ ആകുമോ? അനിശ്ചിതത്വം തുടരുന്നു
നീറ്റ്-യുജി പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈൻ രീതിയിലാകുമെന്നായിരുന്നു നേരത്തേ കേന്ദ്രമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നത്. 4,000ത്തിലധികം കേന്ദ്രങ്ങളിലായി 22 ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന നീറ്റ് പോലൊരു പരീക്ഷ പൂർണമായി ഡിജിറ്റലാക്കുന്നത് സാങ്കേതികമായി വലിയ വെല്ലുവിളിയാണെന്നതിനാൽ ഇതുവരെ പൈലറ്റ് പരീക്ഷണങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്.
എന്നാൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അടുത്തിടെ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ഇത് പരിഗണനയിൽ മാത്രമാണ്. നിലേകനി സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. 2027ലെ നീറ്റ്-യുജി പരീക്ഷ ആറ് ദിവസങ്ങളിലായി 1,000ത്തിലധികം കേന്ദ്രങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്താനുള്ള പദ്ധതിയും ചർച്ചയിലുണ്ട്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.