മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ വീടിനകത്ത് കയറിയ കാട്ടുപന്നിയിൽ നിന്നും പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലുള്ളവർ അടുക്കളഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ കടന്നുവന്ന കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു. അലവിയുടെ മകൻ ഫവാസിന്റെ രണ്ടരവയസ്സുകാരിയായ മകൾ കട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ ഈ മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്.
കുഞ്ഞ് മാത്രം കട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ മുറിക്കുള്ളിൽ കയറിയ കാട്ടുപന്നി പുറത്തിറങ്ങാൻ വഴിയില്ലാതെ പരാക്രമം കാണിക്കുകയും മുറിക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു. കുഞ്ഞും കാട്ടുപന്നിയും ഒരുമിച്ച് മുറിക്കുള്ളിൽ അകപ്പെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചു. തുടർന്ന് കുഞ്ഞിന്റെ അമ്മാവൻ എത്തി ധൈര്യപൂർവ്വം മുറിക്കുള്ളിലേക്ക് കടന്ന് കുഞ്ഞിനെ കോരിയെടുത്ത് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
നഗരസഭാ അധികൃതരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ സാലിം മഞ്ചേരി ഷൂട്ടർമാരെ വിവരമറിയിക്കുകയുമായിരുന്നു. ഷൂട്ടർമാരായ കെ.വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവർ സ്ഥലത്തെത്തി ജനൽപാളി തുറന്ന് മുറിക്കകത്തുളള കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.
വിഴിഞ്ഞത്തിന് ആഗോള കുതിപ്പ്; അദാനിയുമായി കൈകോർത്ത് ഷിപ്പിംഗ് ഭീമൻ എം.എസ്.സി ഗ്രൂപ്പ്, 13,000 കോടിയുടെ മെഗാ നിക്ഷേപം


BREAKING : പാണക്കാട് ഭാഗത്തുണ്ടായ ശക്തമായ മണ്ണിടിച്ചിൽ; അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് കാരണമെന്ന് ആരോപണം; സമീപത്തെ സ്കൂൾ ഹോസ്റ്റലിലെ കുട്ടികളെ മാറ്റുന്നു; നഗരസഭാ അധികൃതർ ഇനിയും സ്ഥലത്തെത്തിയിട്ടില്ല!







