ഉപ്പുതറ (ഇടുക്കി) : പുലർച്ചെ ആറു മണി. കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയിൽ ഏറമ്പടത്തിനു സമീപം ചിന്നാർപ്പുഴ ശാന്തമായി ഒഴുകുകയായിരുന്നു. അപ്പോഴാണ് നിയന്ത്രണം വിട്ട ഒരു കാർ നാനൂറടി താഴ്ചയിലേക്ക് തലകീഴായി പുഴയിലേക്ക് പതിച്ചത്. നിമിഷങ്ങൾക്കകം ഒരു കുടുംബത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറി.
തിരുവനന്തപുരം കാഞ്ഞിരങ്കുളം സ്വദേശി ജെറിൻ ഏണസ്റ്റ് (28) ആണ് അപകടത്തിൽ മരിച്ചത്. ഭാര്യ ദിവ്യജ്യോതിയും (28), സഹോദരി നവ്യജ്യോതിയും (26), അവരുടെ ഭർത്താവ് അജിൻ രാജും (28) പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഏറ്റവും അദ്ഭുതകരമായത് ജെറിന്റെ മൂന്നു വയസ്സുകാരൻ മകൻ ജോഹാൻ ഇമ്മാനുവേൽ ഏണസ്റ്റിന്റെ രക്ഷപ്പെടലായിരുന്നു . ഒരു പോറൽ പോലുമില്ലാതെയാണ് ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ധൈര്യം എവിടെനിന്ന് വന്നു എന്നറിയാത്ത രണ്ടുപേർ
അപകടം നടക്കുമ്പോൾ, സമീപത്തെ സ്വകാര്യ ഭൂമിയിൽ ജോലി ചെയ്തിരുന്ന ഒഡിഷ സ്വദേശികളായ ബസു ടർക്കിയും ബസു ഓറവുമായിരുന്നു ആദ്യം സംഭവസ്ഥലത്ത് എത്തിയത്. കാർ പുഴയിലേക്ക് വീഴുന്നത് കണ്ട സമീപവാസികളായ കുട്ടികളുടെ നിലവിളി കേട്ടാണ് അവർ ഓടിയെത്തിയത്. അപ്പോഴേക്കും കാർ ആഴങ്ങളിലേക്ക് മുങ്ങുകയായിരുന്നു, മഴ പെയ്തതിനാൽ പുഴയിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു.
നീന്തൽ അറിയാത്ത ഈ ചെറുപ്പക്കാർ, സ്വന്തം ജീവൻ പണയപ്പെടുത്തി ചെങ്കുത്തായ പുഴക്കരയിലൂടെ വെള്ളത്തിലേക്ക് ഇറങ്ങി. “അവരെ രക്ഷിക്കണം, അത് മാത്രമായിരുന്നു ലക്ഷ്യം. നീന്തൽ അറിയില്ലെന്ന കാര്യം പോലും അപ്പോൾ മറന്നുപോയി” എന്നാണ് പിന്നീട് അവർ പറഞ്ഞത്.
ഇതിനിടെ സമീപവാസികളും ഓടിയെത്തി. അജിൻ രാജ് ജോഹാനുമായി ആദ്യം പുറത്തുകടന്നിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ജെറിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. കരയിൽ എത്തിക്കുമ്പോൾ ജെറിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ചാക്കിൽ കിടത്തി ചുമന്നാണ് പുഴക്കരയിൽനിന്ന് റോഡിലേക്ക് എത്തിച്ചത്.
അച്ഛൻ പോയതറിയാതെ ജോഹാൻ
രക്ഷാപ്രവർത്തനത്തിനിടെ, പരിചയമില്ലാത്ത കിളിയമ്പ്രായിൽ സൂസമ്മയുടെ കൈകളിലേക്കാണ് കുഞ്ഞു ജോഹാനെ ഏൽപ്പിച്ചത്. നനഞ്ഞ് വിറങ്ങലിച്ച് ആ ഒക്കത്തിരിക്കുമ്പോൾ അവൻ അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു. ചോദിച്ചതിനൊന്നും മറുപടിയില്ല. കരയാനോ ചിരിക്കാനോ ശ്രമിച്ചില്ല. അച്ഛനെയും അമ്മയെയും കാണാത്തതിന്റെ ആശങ്ക മാത്രമായിരുന്നു ആ കുഞ്ഞുമുഖത്ത്.
പതിവ് അപകട മേഖല
സംഘം തിരുവനന്തപുരത്തുനിന്ന് ഇടുക്കി ചേലച്ചുവട്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു. വാഹനമോടിച്ചിരുന്ന ജെറിൻ ഉറങ്ങിപ്പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ വളവിൽനിന്ന് മുൻപും പലതവണ വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്. സംരക്ഷണവേലി ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്.
ദിനമണി-ഹെപ്സി ദമ്പതികളുടെ മകനായ ജെറിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുകൊടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ദിവ്യജ്യോതിയുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സ. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സയ്ക്കുശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം: പേരൂര്‍ക്കട പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തേക്കും; രേഖകള്‍ തിരുത്തിയതിലും ഭീഷണിപ്പെടുത്തിയതിലും അന്വേഷണം







