ന്യൂഡൽഹി : സ്കൂളിൽ കണക്കിന് നൂറിൽ 51 മാർക്ക് മാത്രം വാങ്ങിയ വിദ്യാർഥി, ഇന്ന് ആകാശത്തേക്ക് കണക്കുകൂട്ടി രാജ്യത്തിന് പുതിയൊരു ചരിത്രനേട്ടം സമ്മാനിക്കുകയാണ്. സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകൻ പവൻ കുമാർ ചന്ദനയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1, ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയരും. രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ‘മിഷൻ ആഗമൻ’ എന്നാണ് ഈ ആദ്യ പരീക്ഷണ വിക്ഷേപണത്തിന് പേരിട്ടിരിക്കുന്നത്.
തെലങ്കാന സ്വദേശിയായ പവൻ കുമാർ ചന്ദനയുടെ ജീവിതം തന്നെ ഒരു അപൂർവ വഴിത്തിരിവുകളുടെ കഥയാണ്. സ്കൂൾ കാലത്ത് കണക്ക് പേടിസ്വപ്നമായിരുന്നെങ്കിലും അച്ഛൻ ജെഇഇ കോച്ചിങ്ങിന് ചേർത്തതാണ് ജീവിതത്തിലെ വഴിത്തിരിവായത്. കണക്കിനോടും സയൻസിനോടും തോന്നിയ അഭിനിവേശം അദ്ദേഹത്തെ 2007ൽ ഐഐടി ഖരഗ്പുരിലെത്തിച്ചു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡ്യുവൽ ഡിഗ്രി പൂർത്തിയാക്കുന്ന ഘട്ടത്തിൽത്തന്നെ ഐഎസ്ആർഒയുടെ ക്യാംപസ് പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ചു. തുടർന്ന് ആറ് വർഷം തിരുവനന്തപുരം വിഎസ്എസ്സിയിൽ ജിഎസ്എൽവി മാർക്-3 റോക്കറ്റ് ടീമിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. അന്ന് അദ്ദേഹത്തിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന എസ്. സോമനാഥ്, പിന്നീട് ഐഎസ്ആർഒ ചെയർമാനായി; ഇപ്പോൾ സ്കൈറൂട്ടിന്റെ ഓണററി ചീഫ് ടെക്നിക്കൽ അഡ്വൈസറുമാണ്.
2018ൽ, സ്വന്തമായി റോക്കറ്റ് കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തിന്റെ പേരിൽ ഐഎസ്ആർഒയിലെ സുരക്ഷിത ജോലി ഉപേക്ഷിച്ചു. മാതാപിതാക്കളോട് പോലും രാജിവച്ചശേഷമാണ് വിവരം അറിയിച്ചത്; അവർക്ക് അമ്പരപ്പായിരുന്നു ഫലം. അന്ന് ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കുന്ന നയം പോലും നിലവിലില്ലായിരുന്നു. സഹപ്രവർത്തകൻ നാഗ ഭരത് ദാകയ്ക്കൊപ്പം ചേർന്നാണ് 27-ാം വയസ്സിൽ സ്കൈറൂട്ട് എന്ന കമ്പനിക്ക് തുടക്കമിട്ടത്.
യുഎസിൽ പഠിച്ച് ജോലി ചെയ്യണോ? ഇനി 95 ലക്ഷം രൂപ വേണ്ടിവരും; ട്രംപിന്റെ പുതിയ ഒപിടി ഫീസ് പദ്ധതി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇരുട്ടടി; ഇത് വല്ലാത്ത ചതി തന്നെ!
നിക്ഷേപത്തിനായി ആരെ സമീപിക്കണമെന്നുപോലും അറിയാതിരുന്ന പവൻ, ‘മിന്ത്ര’ സ്ഥാപകൻ മുകേഷ് ബൻസലിന് ലിങ്ക്ഡ്ഇനിലൂടെ അയച്ച ഒരു സന്ദേശമാണ് വഴിത്തിരിവായത്. 15 ലക്ഷം ഡോളറിന്റെ ആദ്യ നിക്ഷേപ ചെക്ക് ഒപ്പിട്ടുനൽകി ബൻസൽ സ്കൈറൂട്ടിൽ വിശ്വാസമർപ്പിച്ചു. കോവിഡ് കാലത്ത് ഫണ്ടിങ് പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് ടെമസെക്, ബ്ലാക്ക്റോക്ക്, ജിഐസി തുടങ്ങിയ വൻകിട വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ നിക്ഷേപവുമായെത്തി. ഇതോടെ 100 കോടി ഡോളറിലധികം മൂല്യമുള്ള രാജ്യത്തെ ആദ്യ ബഹിരാകാശ യൂണികോൺ സ്റ്റാർട്ടപ്പായി സ്കൈറൂട്ട് മാറി.
2022ൽ വിക്രം-എസ് എന്ന ഉപ-ഭ്രമണപഥ റോക്കറ്റിലൂടെ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം എന്ന നേട്ടം സ്കൈറൂട്ട് സ്വന്തമാക്കിയിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ന് പൂർണ ഭ്രമണപഥ റോക്കറ്റായ വിക്രം-1 വിക്ഷേപിക്കുന്നത്. ഇലോൺ മസ്കിന്റെ സ്പേസ്എക്സിനു സമാനമായതിനാൽ ‘ഇന്ത്യയുടെ സ്പേസ്എക്സ്’ എന്ന വിശേഷണവും സ്കൈറൂട്ടിന് ലഭിച്ചിട്ടുണ്ട്.
വിക്ഷേപണത്തിന് മുന്നോടിയായി മറ്റൊരു പ്രത്യേകതയും വെളിപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപ്പടയിൽ എഴുതിയ “വന്ദേ മാതരം” എന്ന സന്ദേശമുള്ള ഒരു കാർഡും ജീവനക്കാരുടെയും നിക്ഷേപകരുടെയും നയരൂപീകരണ വിദഗ്ധരുടെയും ആശംസാ കാർഡുകൾക്കൊപ്പം റോക്കറ്റിനൊപ്പം അയക്കുന്നുണ്ട്.
350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള നാല്-ഘട്ട റോക്കറ്റാണ് വിക്രം-1. കാർബൺ കോംപസിറ്റ് ഘടനകളും 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെ നിർമിച്ച എൻജിനുകളും ഉപയോഗിച്ചാണ് നിർമാണം, ഇത് ചെലവ് ഗണ്യമായി കുറയ്ക്കും. ഉപഗ്രഹ ഉടമകൾക്ക് ലക്ഷ്യസ്ഥാനവും സമയവും സ്വയം തിരഞ്ഞെടുക്കാൻ കഴിയുന്ന, ആവശ്യാനുസരണമുള്ള വിക്ഷേപണ സൗകര്യമായതിനാൽ വിക്രം-1നെ ‘ബഹിരാകാശത്തേക്കുള്ള ഊബർ’ എന്നും വിശേഷിപ്പിക്കാറുണ്ട്.
വിക്രം-1 വിജയകരമായാൽ, തുടർച്ചയായ വാണിജ്യ വിക്ഷേപണങ്ങളിലേക്ക് കടക്കുകയാണ് സ്കൈറൂട്ടിന്റെ അടുത്ത ലക്ഷ്യം. അതോടൊപ്പം കൂടുതൽ ഭാരമേറിയ പേലോഡുകൾ വഹിക്കാൻ ശേഷിയുള്ള അടുത്ത തലമുറ റോക്കറ്റിന്റെ നിർമാണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.


പകരക്കാരനായി ഇറങ്ങി ഗോളടിച്ച് മിഖേൽ മെറീനോ, ഹെവിവെയ്റ്റ് പോരാട്ടത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ (1–2)







