തിരുവനന്തപുരം : ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽനിന്ന് സമ്പൂർണ രാജ്യാന്തര ചരക്ക് കവാടമായി മാറാനൊരുങ്ങുകയാണ് വിഴിഞ്ഞം. നിലവിൽ ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾ മാത്രം നടക്കുന്ന തുറമുഖത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം മിഷൻ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.
വാണിജ്യ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം തുറമുഖം ഇതിനകം തെളിയിച്ചിരുന്നു. സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് എക്സിം സേവനങ്ങൾ ആരംഭിക്കുന്നത്. ഇതോടെ വിഴിഞ്ഞം സമ്പൂർണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറും.
നെന്മാറ ഇരട്ടക്കൊല : ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച.
ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുകയും കയറ്റുമതി മത്സരക്ഷമത വർധിക്കുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന ദൗത്യമായ മിഷൻ സമുദ്രയുടെ സുപ്രധാന നാഴികക്കല്ലായിരിക്കും എക്സിം പ്രവർത്തനങ്ങളുടെ തുടക്കം. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവ സമന്വയിപ്പിച്ച് രാജ്യത്തെ പ്രമുഖ മാരിടൈം-ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം.
ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സമ്പൂർണ ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിങ് കമ്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്ന പൊതു ഉപയോഗ തുറമുഖമായി തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


മാത്യുസ് എം. ജോർജിന് മംഗളം തിരുവനന്തപുരം ബ്യൂറോയുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു







