കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
അർജുൻ ആയങ്കി ഒളിവിൽ പോകാനുള്ള സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തെളിവുകളിൽ ഇടപെടാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസ് നിലപാട്.
അർജുൻ ആയങ്കിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. റിമാൻഡിനെ തുടർന്ന് ഇയാളെ തലശേരി സബ് ജയിലിലേക്ക് മാറ്റും. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
കോതമംഗലം ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ആയങ്കി ഒളിവിൽ പോയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതിനു പിന്നാലെ ആയങ്കി ഒളിവിൽ പോവുകയായിരുന്നു.
ഇതിനു ശേഷമാണ് കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടറെ ആയങ്കി വെല്ലുവിളിച്ചതും അധിക്ഷേപിച്ചതും. തുടര്‍ന്ന് പൊലീസ് ഈ സംഭവത്തിലും കേസെടുത്തു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ എറണാകുളം റൂറൽ സൈബർ പൊലീസും ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്.
കോതമംഗലം ഇൻസ്പെക്ടർക്കെതിരായ കേസിൽ ജാമ്യം ലഭിച്ചാൽ തന്നെ ആയങ്കിക്ക് പുറത്തിറങ്ങാൻ കഴിയില്ല. അതേ സമയം, മറ്റു രണ്ടു കേസുകളും എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്നവയാണ്. ഈ സാഹചര്യത്തിലാണ് കൊടുംകുറ്റവാളികൾക്കായുള്ള കാപ്പ ചുമത്തി അകത്തിടാനുള്ള ആലോചന.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വടകരയിലെ MDMA കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ







