ഇറാന്റെ ഷാഹെദിനും യുഎസിന്റെ ലൂക്കാസിനും ഇനി ഇന്ത്യൻ മറുപടി; ‘കൽ’ ഡ്രോണുമായി ഭാരതത്തിന്റെ കുതിപ്പ്; 1,000 കിലോമീറ്റർ റേഞ്ച്, 50 കിലോ പേലോഡ്, ആഗോള വിപണിയിൽ വൻ ഡിമാൻഡ്!

ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പ് വികസിപ്പിച്ച ‘കൽ’ ലോയ്റ്ററിങ് മ്യൂണിഷൻ ഡ്രോൺ; ഇറാന്റെ ഷാഹെദിനും യുഎസിന്റെ ഡ്രോണുകൾക്കും ഇന്ത്യൻ ബദലായി ആഗോള ശ്രദ്ധ നേടുന്നു
ഒരു കാലത്ത് എന്തും ഏതും ലോകത്തിന്റെ പലകോണുകളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന രാജ്യം. പ്രത്യേകിച്ചും ആയുധങ്ങള്‍. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് പ്രതിരോധ സാമഗ്രികള്‍ കയറ്റുതി ചെയ്യുന്ന രാജ്യം. ഭാരതം ഇന്ന് പല കാര്യങ്ങളിലും ലോകത്തിന് മുന്നില്‍ തലയെടുപ്പോടെയുണ്ട്. ഇന്ത്യ വികസിപ്പിച്ചെടുത്ത അത്യാധുനിക ഡ്രോണ്‍ സാങ്കേതികവിദ്യ രാജ്യാന്തര പ്രതിരോധ വിപണിയിലേക്ക്.  പ്രതിരോധ സ്റ്റാര്‍ട്ടപ്പായ ഐജി ഡിഫന്‍സ് വികസിപ്പിച്ചെടുത്ത കല്‍ എന്ന ലോയ്റ്ററിങ് മ്യൂണിഷന്‍, അതായത് വണ്‍-വേ അറ്റാക്ക് ഡ്രോണ്‍ താരമായി കഴിഞ്ഞു.
മുന്‍നിര ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ ഈ ഡ്രോണുകള്‍ വാങ്ങാന്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇറാന്റെ ഷാഹെദ്, യുഎസിന്റെ ലൂക്കാസ് എന്നിവയുടെ സാങ്കേതിക തത്വങ്ങളെ അടിസ്ഥാനമാക്കി ഡിസൈന്‍ ചെയ്ത ഡ്രോണ്‍ ആണ് കല്‍.  ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് തന്ത്രപ്രധാനമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍, റഡാര്‍ കേന്ദ്രങ്ങള്‍, എയര്‍-ഡിഫന്‍സ് ബാറ്ററി സംവിധാനങ്ങള്‍ എന്നിവയെ കൃത്യതയോടെ തകര്‍ത്തുകളയാന്‍ ഈ മിടുക്കന് സാധിക്കും. ലക്ഷ്യസ്ഥാനത്തിന് മുകളില്‍ വട്ടമിട്ട് അതിവേഗം ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. സമയം നിര്‍ണായകമായ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളില്‍ ഈ ഡ്രോണുകള്‍ക്ക് മുഖ്യ പങ്കുണ്ടാകും.
 എന്തൊക്കെയാണ് പ്രത്യേകതകള്‍. 
1,000 കിലോമീറ്റര്‍ വരെ ദൂരപരിധിയിലെ ലക്ഷ്യങ്ങളെ തകര്‍ത്തുകളയാന്‍ ശേഷിയുണ്ട്. 50 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ വഹിക്കും. തുടര്‍ച്ചയായി 7 മുതല്‍ 8 മണിക്കൂര്‍ വരെ പറക്കും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ ശരാശരി വേഗത്തില്‍ സഞ്ചരിക്കുന്ന ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍. സമുദ്രനിരപ്പില്‍ നിന്ന് 5,000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ കഴിവുണ്ട്. റോക്കറ്റ് അസിസ്റ്റഡ് ടേക്ക്-ഓഫ് വഴിയോ സൈനിക വാഹനങ്ങളില്‍ സജ്ജീകരിച്ച വിക്ഷേപണ തറകളില്‍ നിന്നോ എളുപ്പത്തില്‍ തൊടുത്തുവിടാം. പൂര്‍ണമായും സ്വയം നിയന്ത്രിതമായി നാവിഗേഷന്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള അഡ്വാന്‍സ്ഡ് ഗൈഡന്‍സ് ആന്‍ഡ് നാവിഗേഷന്‍ സ്യൂട്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍, സമീപകാലത്തുണ്ടായ യുദ്ധസമാന അന്തരീക്ഷം, വര്‍ത്തമാനകാല സാഹചര്യം ഇതൊക്കെ ചെലവ് കുറച്ച് പരമാവധി നാശമുണ്ടാക്കുന്ന ആക്രമണ ഡ്രോണുകളുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
 ഈ ഒരു പശ്ചാത്തലത്തിലാണ് ഗള്‍ഫ് മേഖലയിലെ പ്രധാന രാജ്യങ്ങള്‍ ആവശ്യക്കാരായിരിക്കുന്നത്.
കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ കയറ്റുമതി അനുമതികളും സുരക്ഷാ ക്ലിയറന്‍സുകളും ലഭിക്കുമ്പോള്‍ ആദ്യ ബാച്ച് കയറ്റുമതി ചെയ്യും. ഏതായാലും മേക്ക് ഇന്‍ ഇന്ത്യയുടെ തലയെടുപ്പ് ഒരിക്കല്‍കൂടി. ഇന്ത്യയെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 സെപ്റ്റംബര്‍ 25-ന് ആരംഭിച്ച മേക്ക് ഇന്‍ ഇന്ത്യയുടെ മറ്റൊരു വിജയഗാഥകൂടി.
രാജ്യത്തെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും, നവീകരണങ്ങള്‍ വളര്‍ത്താനും, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ ഈ കാമ്പയിന്‍ രൂപീകരിച്ചത്. അത് ഉദ്ദശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്ന് മാത്രമല്ല ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ മികവ് അടയാളപ്പെടുത്തുകകൂടിയാണ്
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.