‘അമ്മ’യ്ക്ക് നാഥന്‍ വരുമോ? ഓണക്കിറ്റില്‍ പിടിച്ച് കയറാന്‍ ശ്വേതാ മേനോന്‍; നിലപാടില്ലാതെ നീനാ കുറുപ്പെന്ന് ‘പെണ്‍മക്കള്‍’

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ (AMMA) അനിശ്ചിതത്വങ്ങളും അഡ്ഹോക്ക് കമ്മിറ്റി തര്‍ക്കങ്ങളും തുടരുന്നതിനിടെ, സംഘടനയ്ക്ക് നാഥനില്ലാതാകുകയും നേതാക്കള്‍ പരസ്പരം പോരടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. അമ്മയുടെ ഓഫീസും പേരും ദുരുപയോഗം ചെയ്ത് സ്വയം പ്രഖ്യാപിത നേതാക്കളായി ശ്വേതാ മേനോനും സംഘവും തുടരുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഉഷ ഹസീന. അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ശ്വേതാ മേനോന്റെയും കൂട്ടരുടെയും നീക്കങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക നേട്ടങ്ങളും കമ്മീഷന്‍ താല്പര്യങ്ങളുമാണെന്ന് ഉഷ തുറന്നടിച്ചു.
ജനറല്‍ ബോഡി യോഗത്തില്‍ പരസ്യമായി രാജിവച്ചു പുറത്തുപോയവര്‍ക്ക് ‘അമ്മ’യുടെ ഓഫീസില്‍ കയറിയിരിക്കാനോ സംഘടനയുടെ ഔദ്യോഗിക ലേബലില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി കിറ്റുകള്‍ വിതരണം ചെയ്യാനോ യാതൊരുവിധ യോഗ്യതയോ നിയമപരമായ അവകാശമോ ഇല്ലെന്ന് ഉഷ വ്യക്തമാക്കുന്നു. മുന്‍സിഫ് കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് അനുസരിച്ച് അഡ്ഹോക്ക് കമ്മിറ്റിയില്‍ രമേഷ് പിഷാരടിക്ക് തുടരാന്‍ സാധിക്കില്ല എന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ശ്വേതാ മേനോന് കമ്മിറ്റിയില്‍ തുടരാന്‍ അനുമതിയുണ്ടെന്ന് കോടതി ഒരിടത്തും പറഞ്ഞിട്ടില്ല. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച്, തങ്ങള്‍ക്ക് തുടരാന്‍ അനുവാദമുണ്ടെന്ന് സഹപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ ഓഫീസില്‍ കയറിയിരിക്കുന്നത്.
ഓണക്കിറ്റ് വിതരണത്തിനായി പല അംഗങ്ങളെയും ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് നടി നീനാ കുറുപ്പാണെന്ന് ഉഷ വെളിപ്പെടുത്തി. എന്നാല്‍ ‘അമ്മയുടെ പെണ്‍മക്കള്‍’ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ‘ഞങ്ങള്‍ക്ക് നിങ്ങളുടെ കിറ്റ് വേണ്ട, സ്‌പോണ്‍സറെ കണ്ടുപിടിക്കാനോ കിറ്റ് തരാനോ നിങ്ങള്‍ക്ക് നിയമപരമായ അധികാരമില്ല’ എന്ന് പറഞ്ഞ് ഭൂരിഭാഗം അംഗങ്ങളും നീനാ കുറുപ്പിന്റെ ഫോണ്‍ കോളുകള്‍ നിരസിക്കുകയാണ്. എന്നാല്‍ വിവരങ്ങള്‍ കൃത്യമായി അറിയാത്ത വത്സലാ മേനോനെയും നടന്‍ കുഞ്ചനെയും പോലെയുള്ള മുതിര്‍ന്ന കലാകാരന്മാര്‍ക്ക് കിറ്റുകള്‍ നല്‍കി ഫോട്ടോയെടുത്ത് പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഉഷ ആരോപിച്ചു.
നേരത്തെ സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ പ്രധാനി നീനാ കുറുപ്പായിരുന്നുവെന്ന് ഉഷ ഓര്‍മ്മിപ്പിക്കുന്നു. ‘അവര്‍ക്ക് വേണ്ടിയാണ് ഈ പ്രശ്‌നങ്ങള്‍ മുഴുവന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ‘എനിക്ക് പ്രശ്‌നമൊന്നുമില്ല, ലക്ഷ്മിപ്രിയ അമ്മയില്‍ നിന്ന് പോയി, എനിക്ക് ഇനി പ്രശ്‌നമൊന്നുമില്ല’ എന്നാണ് നീനാ കുറുപ്പ് പറയുന്നത്. ഇവര്‍ക്ക് എന്തൊരു നിലപാടാണ് ഉള്ളത്?’ എന്ന് ഉഷ ചോദിക്കുന്നു. ‘പെണ്‍മക്കള്‍’ ഗ്രൂപ്പിലും മറ്റ് വേദികളിലും നീനാ കുറുപ്പിന്റെ ഈ നിലപാടില്ലായ്മ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവര്‍ അമ്മയുടെ തലപ്പത്ത് വരാന്‍ പാടില്ലെന്ന് ശ്വേതാ മേനോനും കൂട്ടരും ഉന്നയിക്കുന്ന വാദത്തെയും ഉഷ രൂക്ഷമായി വിമര്‍ശിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാരിന്റെയും കോടതിയുടെയും മാത്രം പരിധിയിലുള്ള രഹസ്യരേഖയാണ്. അത് പുറംലോകം കണ്ടിട്ടില്ലിരിക്കെ, അതില്‍ ആരുടെയൊക്കെ പേരുകള്‍ ഉണ്ടെന്ന് ഇവര്‍ മാത്രം എങ്ങനെ അറിയുന്നു എന്ന ചോദ്യമാണ് ഉഷ ഉയര്‍ത്തുന്നത്. ഹേമാ കമ്മിറ്റിയുടെ പേര് പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കാനാണ് ഇവരുടെ ശ്രമമെങ്കില്‍ ആ പേരുകള്‍ ഇവര്‍ക്ക് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും ഉഷ ആവശ്യപ്പെട്ടു.
സംഘടനയില്‍ ഭിന്നത രൂക്ഷമാക്കാന്‍ വലിപ്പച്ചെറുപ്പമില്ലാതെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന നീചമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഉഷ വെളിപ്പെടുത്തി. രമേഷ് പിഷാരടിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഓഡിയോ ലീക്ക് ചെയ്തത് ഇതിന്റെ ഭാഗമാണ്. ‘എന്റെ കയ്യില്‍ ഇനിയും പലരുടെയും ഓഡിയോ ഉണ്ട്’ എന്ന് മുന്നറിയിപ്പ് നല്‍കി സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പോള്‍ സംഘടനയ്ക്കുള്ളില്‍ നടക്കുന്നത്.
‘അമ്മ’യുടെ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത സാമ്പത്തിക കമ്മീഷന്‍ വ്യവസ്ഥ കൊണ്ടുവന്നത് ഈ ഭരണസമിതിയാണെന്ന് ഉഷ തുറന്നടിച്ചു. ഇവര്‍ സംഘടിപ്പിച്ച ‘കുടുംബസംഗമം’ പരിപാടിക്ക് വേണ്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്‌പോണ്‍സര്‍മാരെ കൊണ്ടുവന്നാല്‍ അവര്‍ക്ക് 25% കമ്മീഷന്‍ നല്‍കാം എന്നായിരുന്നു ധാരണ. സര്‍വീസ് മനോഭാവത്തോടെ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘടനയിലേക്ക് പണത്തിന് വേണ്ടിയുള്ള കമ്മീഷന്‍ വ്യവസ്ഥ കൊണ്ടുവന്നത് ഈ കൂട്ടുകെട്ടാണ്. ഈ രീതിയിലാണ് ഓണക്കിറ്റിനും ഇവര്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയത്.
കോടികളുടെ സാമ്പത്തിക ലാഭവും സ്‌പോണ്‍സര്‍ഷിപ്പ് കമ്മീഷനുമാണ് ഈ പദവികളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ’15 കോടിയുടെ ലാഭമൊക്കെ ഉള്ളതുകൊണ്ടാണ് ഇവര്‍ അവിടെ അള്ളിപ്പിടിച്ചിരിക്കുന്നത്. അന്തസ്സുള്ളവര്‍ അവിടെ നിന്നു പോയി. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ബോധമില്ലേ?’ എന്നും ഉഷ ചോദിക്കുന്നു.
തങ്ങളുടെ ഭാഗം മാത്രം പറയാനും അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വേണ്ടി അമ്മയുടെ ഔദ്യോഗിക ഗ്രൂപ്പ് എന്ന പേരില്‍ 97 പേരെ മാത്രം ഉള്‍പ്പെടുത്തി ‘അഡ്മിന്‍ ഒണ്‍ലി’ വാട്സാപ്പ് ഗ്രൂപ്പുകള്‍ ഇവര്‍ ഉണ്ടാക്കിയിരിക്കുകയാണ്. ബാക്കി ഭൂരിഭാഗം വരുന്ന അംഗങ്ങളെയും മാറ്റിനിര്‍ത്തിക്കൊണ്ടാണ് ഇവരുടെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍. കോടതിയില്‍ കാര്യങ്ങള്‍ വാദത്തിന് വരാനിരിക്കെ ഇത്തരത്തില്‍ സംഘടനയെ ദുരുപയോഗം ചെയ്യുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണ്.
രമേഷ് പിഷാരടിയും ശ്വേതാ മേനോനും ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ച് ഒഴിവുവന്ന സാഹചര്യത്തില്‍ അമ്മയ്ക്ക് ഇനി എന്ന് ഒരു നാഥനുണ്ടാകും എന്ന ചോദ്യമാണ് സാധാരണക്കാരായ അംഗങ്ങള്‍ ചോദിക്കുന്നത്. ജനാധിപത്യപരമായി പുതിയൊരു ഭരണസമിതി വരുന്നത് വരെ ഇത്തരം സ്വയം പ്രഖ്യാപിത നേതാക്കളുടെ അനാവശ്യ ഇടപെടലുകള്‍ തടയണമെന്നാണ് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളുടെയും ആവശ്യം
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.