കാലിക്കുപ്പി കൊടുത്താൽ ഇനി ₹20 തിരികെ; ബവ്കോയുടെ ഡിപ്പോസിറ്റ് റീഫണ്ട് പദ്ധതി എല്ലാ ഔട്ട്ലെറ്റുകളിലേക്കും; പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ സർക്കാർ, പദ്ധതി നിർത്തില്ലെന്ന് മന്ത്രി എം. ലിജു!

കാലിക്കുപ്പി തിരിച്ചേൽപിക്കുമ്പോൾ 20 രൂപ തിരികെ നൽകുന്ന ബവ്കോ ഡിപ്പോസിറ്റ് റീഫണ്ട് പദ്ധതി
തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പി തിരിച്ചേൽപിക്കുമ്പോൾ 20 രൂപ തിരികെ നൽകുന്ന ഡിപ്പോസിറ്റ് റീഫണ്ട് പദ്ധതി ബവ്കോയുടെ മുഴുവൻ ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. എക്സൈസ് മന്ത്രി എം. ലിജുവാണ് ഇക്കാര്യം അറിയിച്ചത്. ബവ്കോ സി.എം.ഡി യോഗേഷ് ഗുപ്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് മന്ത്രി പദ്ധതി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയത്.
നിലവിൽ പദ്ധതി നടപ്പാക്കുന്ന ഔട്ട്ലെറ്റുകളിൽ നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തി, കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിഹാര മാർഗങ്ങളും ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സി.എം.ഡിയോട് മന്ത്രി ആവശ്യപ്പെട്ടു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് പദ്ധതി നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് സി.എം.ഡി പുറത്തിറക്കിയ സർക്കുലർ, ഓണക്കാലത്തെ തിരക്ക് അവസാനിക്കുന്നതുവരെ മാത്രമേ ബാധകമായിരിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
ഔട്ട്ലെറ്റുകളിലെ സ്ഥലപരിമിതി, ജീവനക്കാർ നേരിടുന്ന അധിക ജോലിഭാരം, വിൽപ്പനയിലുണ്ടായ കുറവ്, നികുതി സംബന്ധമായ വിഷയങ്ങൾ എന്നിവയാണ് പദ്ധതി താൽക്കാലികമായി നിർത്താനുള്ള കാരണങ്ങളായി ബവ്കോ അധികൃതർ യോഗത്തിൽ വിശദീകരിച്ചത്. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മാതൃകാപരമായ പദ്ധതി ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
പ്ലാസ്റ്റിക് കുപ്പികളുടെ നിർമാർജനം മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവച്ചാൽ സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ, ബവ്കോ ഔട്ട്ലെറ്റുകളിൽനിന്ന് കാലിക്കുപ്പികൾ ശേഖരിക്കുന്ന ക്ലീൻ കേരള കമ്പനി പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. നിലവിൽ 20 ഔട്ട്ലെറ്റുകളിൽനിന്നായി ഏകദേശം ഒന്നേകാൽ കോടി കാലിക്കുപ്പികൾ ശേഖരിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ തിരിച്ചേൽപിക്കുന്ന കുപ്പികൾ ഔട്ട്ലെറ്റുകളിൽ കെട്ടിക്കിടക്കാതെ സമയബന്ധിതമായി ശേഖരിക്കണമെന്നും മന്ത്രി നിർദേശം നൽകി.
പദ്ധതി എല്ലാ ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ടെൻഡർ നടപടികളിലൂടെ കൂടുതൽ ഏജൻസികളെ കുപ്പി ശേഖരണത്തിനായി നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.
അതേസമയം, ഡിപ്പോസിറ്റ് റീഫണ്ട് പദ്ധതി നിർത്തലാക്കില്ലെന്ന മന്ത്രി എം. ലിജുവിന്റെ നിലപാടിനെ മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ശരിയായ നിലപാട് സ്വീകരിക്കേണ്ട വിഷയങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെന്ന് രാജേഷ് സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.
പദ്ധതി തുടരാൻ സമയോചിതമായി ഇടപെട്ട മന്ത്രി എം. ലിജുവിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും എം.ബി. രാജേഷ് വ്യക്തമാക്കി.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.