മുങ്ങിമരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിൽ അപ്രതീക്ഷിത നടപടി; പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യും; ഫ്രീസറില്ലാത്ത ആംബുലൻസിൽ 600 കിലോമീറ്റർ, ദുർഗന്ധം വമിക്കാൻ തുടങ്ങി; ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തൽ!

ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച ശേഷം മരിച്ച രാജേഷിന്റെ മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്ന സംഭവം
പരിയാരം/നേമം: കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട ഒരാൾക്ക് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി ജീവൻ രക്ഷിച്ച ശേഷം തിരികെ നീന്തുന്നതിനിടെ മരിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിൽ നടപടി. സംഭവത്തിൽ പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നാലുദിവസത്തോളം വെള്ളത്തിൽ കിടന്ന നിലയിൽ കണ്ടെത്തിയ രാജേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ആവശ്യമായ രീതിയിൽ പൊതിഞ്ഞുകെട്ടുകയോ എംബാം ചെയ്യുകയോ ചെയ്യാതെയാണ് ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് അയച്ചതെന്നാണ് പരാതി.
കണ്ണൂരിൽനിന്ന് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിന് ആവശ്യമായ മൊബൈൽ മോർച്ചറി സൗകര്യമുള്ള ആംബുലൻസ് ലഭ്യമാക്കുന്നതിൽ പയ്യന്നൂർ തഹസിൽദാറുടെയും പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ.
ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് പരിയാരം മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മൊബൈൽ മോർച്ചറി സംവിധാനമുള്ള ആംബുലൻസ് അനുവദിക്കണമെന്ന് തഹസിൽദാറോടും ആശുപത്രി അധികൃതരോടും ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് എത്തിയപ്പോഴേക്കും ദുർഗന്ധം വമിക്കാൻ തുടങ്ങി. തുടർന്ന് തൃശൂർ ചാവക്കാട് എത്തിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന ഭാഗം പൊട്ടിയൊലിച്ച നിലയിലായി.
ഇതോടെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മൃതദേഹം വീണ്ടും പൊതിഞ്ഞ ശേഷം മൊബൈൽ മോർച്ചറി സംവിധാനമുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റി. എന്നാൽ പന്തളത്ത് എത്തിയപ്പോൾ ഈ ആംബുലൻസും കേടായി. തുടർന്ന് മറ്റൊരു ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
ചെറുപുഴയിൽ പുഴയിൽ വീണ് കാണാതായ രാജേഷിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് ബന്ധുക്കൾ എത്തി തിരച്ചിൽ ഊർജിതമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിന് ശേഷമാണ് അധികൃതർ നടപടികൾ സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
സംഭവത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് പയ്യന്നൂർ തഹസിൽദാറിനെതിരെ അടിയന്തര നടപടിക്ക് തീരുമാനമായത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.