കണ്ണൂർ: പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് എ.ഡി.ജി.പി. പി. വിജയൻ. അർജുൻ ആയങ്കി പൊലീസിനെ പലതവണ വെല്ലുവിളിച്ചുവെന്നത് അദ്ദേഹത്തിന്റെ തന്നെ തോന്നലാണെന്നും ഇത്തരം ആളുകൾക്ക് ലഭിക്കുന്ന വീരപരിവേഷം താൽക്കാലികമാണെന്നും എഡിജിപി പറഞ്ഞു.
പരിധി വിട്ട് പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അർജുൻ ആയങ്കിക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടികളുമായി മുന്നോട്ടുപോയതെന്നും പി. വിജയൻ വ്യക്തമാക്കി.
അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്ന ഘട്ടത്തിൽ പൊലീസ് സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കാത്തിരിക്കുകയായിരുന്നു. കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഇതോടെ പിടികൂടാനുള്ള നടപടികൾ പൊലീസ് ശക്തമാക്കി. ചെയ്ത കുറ്റങ്ങൾക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നും എഡിജിപി പറഞ്ഞു.
പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിക്ക് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും വെല്ലുവിളിയും ഉയർത്തുന്നവരെ നിരീക്ഷിക്കുന്നുണ്ട്.
ഇത്തരം പ്രവർത്തനങ്ങളെ ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും പിന്തുണയ്ക്കുന്നവരും അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
നിയമം പാലിച്ചാണ് അറസ്റ്റ്
ഒളിവിൽ കഴിയുന്നതിനിടെ അർജുൻ ആയങ്കി നിരന്തരം സ്ഥലങ്ങൾ മാറ്റിയിരുന്നെങ്കിലും പൊലീസ് ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നുവെന്ന് എഡിജിപി പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോൾ മനുഷ്യാവകാശ ലംഘനമോ നിയമവിരുദ്ധ നടപടികളോ ഉണ്ടാകരുതെന്ന് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നു. ഈ നിർദേശം പൂർണമായും പാലിച്ചാണ് അറസ്റ്റ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അർജുൻ ആയങ്കിയെ വെടിവെക്കണമെന്ന തരത്തിലുള്ള തീരുമാനം കേരള പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും പി. വിജയൻ വ്യക്തമാക്കി.
‘ഓപ്പറേഷൻ ഗ്രിപ്പ്’ തുടരും
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ ‘ഓപ്പറേഷൻ ഗ്രിപ്പ്’ തുടരുമെന്നും എഡിജിപി അറിയിച്ചു. സമൂഹത്തെ വെല്ലുവിളിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഒരു ‘ആയങ്കി’യും ഉണ്ടാകാൻ പാടില്ലെന്നതാണ് പൊലീസിന്റെ നിലപാട്.
ഗുണ്ടാ സംഘങ്ങൾ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളുടെ സംഘബലം പ്രദർശിപ്പിക്കുകയും ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത് യുവാക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ‘ഹീറോയിസം’ പ്രചരിപ്പിച്ച് സമൂഹത്തിൽ സ്വാധീനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”









