തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും തിരിച്ചടിയാകുന്ന നിർണായക രേഖ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ട്. നിലവിലെ ടെൻഡർ നടപടികൾ അവസാനിപ്പിച്ച് മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനുള്ള തീരുമാനം സംബന്ധിച്ച് പി.എസ്. പ്രശാന്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
“നിലവിലെ ടെൻഡർ ക്യാൻസൽ ചെയ്യാൻ അനുവദിക്കുന്നു, മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു” എന്നായിരുന്നു പ്രശാന്ത് സ്വന്തം കൈപ്പടയിൽ കുറിച്ചത്.
മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനത്തോട് ദേവസ്വം കമ്മിഷണർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ഈ എതിർപ്പ് മറികടന്നാണ് ബോർഡ് തീരുമാനമെടുത്തതെന്നാണ് കണ്ടെത്തൽ. നിലവിലെ ടെൻഡർ റദ്ദാക്കി മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചതായി പ്രശാന്ത് കൈയെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നെയ്യിന്റെ അളവ് നിർണയിക്കാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയതായും രേഖയിൽ വ്യക്തമാക്കുന്നു. മിൽമയിൽ നിന്ന് നെയ്യ് എത്തിക്കുന്നതിനായി വേഗത്തിൽ നടപടികൾ സ്വീകരിച്ചതിന് പിന്നിൽ ക്രമക്കേടുണ്ടോയെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്.
അതേസമയം, മിൽമയിൽ നിന്ന് ശബരിമലയിലേക്ക് അയച്ച നെയ്യിന്റെ കണക്കിലും ദേവസ്വം രേഖകളിലും പൊരുത്തക്കേട് കണ്ടെത്തിയതായാണ് വിവരം. ഏകദേശം 1,05,000 ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് അയച്ചതായി കണക്കുകൾ സൂചിപ്പിക്കുമ്പോൾ ദേവസ്വം ലെഡ്ജറിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഏകദേശം 1,02,000 ലിറ്റർ മാത്രമാണ്.
ഇതോടെ ഏകദേശം 3,465 ലിറ്റർ നെയ്യിന്റെ കുറവ് എങ്ങനെ സംഭവിച്ചുവെന്ന ചോദ്യമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നെയ്യ് ശബരിമലയിലെത്തിച്ചതിന് ശേഷം വഴിമാറി മറ്റെങ്ങോട്ടെങ്കിലും കൊണ്ടുപോയോ എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.
നിലവിൽ ഒരു കരാർ ജീവനക്കാരനെ കേന്ദ്രീകരിച്ചാണ് നെയ്യിന്റെ അളവിലുള്ള വ്യത്യാസവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത്. രേഖകളിലെ കണക്കുകളും വിതരണവുമായി ബന്ധപ്പെട്ട രേഖകളും തമ്മിൽ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ക്രമക്കേടിന്റെ യഥാർഥ വ്യാപ്തി വ്യക്തമാകുക.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം ജൂലൈ 19 മുതല്‍ 24 വരെ







