കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷനിലെ 500 കോടി രൂപയുടെ വൻ അഴിമതിക്കേസിൽ ഒടുവിൽ നിർണ്ണായക വഴിത്തിരിവ്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് സർക്കാർ അനുമതി നൽകി. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷവിമർശനത്തിന് ഒടുവിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. മുൻപ് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ വിചാരണ നേരിടാതെ നിന്നിരുന്ന പ്രതികളാണ് ഇതോടെ നിയമത്തിന് മുന്നിലേക്ക് വരുന്നത്.
കോടതി ഉത്തരവിന്റെ പകർപ്പ് ബുധനാഴ്ച ഹാജരാക്കുന്നതോടെ കേസിന്റെ വിചാരണ നടപടികളിലേക്ക് സിബിഐ ഔദ്യോഗികമായി കടക്കും.ഈ ഭീമമായ അഴിമതിയുടെ ഉള്ളുകളികൾ മംഗളം ടിവി നേരത്തെ തന്നെ കൃത്യമായ തെളിവുകളോടെ പുറത്തുവിട്ടിരുന്നു. കേസിൽ പ്രതികൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന മംഗളം ടിവിയുടെ റിപ്പോർട്ടുകൾ ഇപ്പോൾ അക്ഷരംപ്രതി ശരിവെക്കപ്പെട്ടിരിക്കുകയാണ്. മുൻപ് പല തലങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാണ് കഴിഞ്ഞ ഇടതുസർക്കാർ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകാതിരുന്നത്. പത്ത് വർഷത്തോളം നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ കേസ് വിചാരണയിലേക്ക് നീങ്ങുന്നത്.
അതേസമയം, പ്രോസിക്യൂഷൻ അനുമതി നൽകിയ സർക്കാർ നടപടിയെ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ സ്വാഗതം ചെയ്തു. കൃത്യമായ വിചാരണ നടത്തി തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ കോടതി ശിക്ഷിക്കുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ, ഐഎൻടിയുസിയിലെ നേതൃമാറ്റ തർക്കങ്ങളുടെ ഭാഗമായാണ് കശുവണ്ടി കോർപറേഷന് എതിരായ അഴിമതി പരാതി ഉയർന്നുവന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. പത്ത് വർഷം നീണ്ട നീണ്ട ഇടപാടുകൾക്കിടയിൽ വെറും മൂന്ന് വർഷം മാത്രം ചെയർമാനായിരുന്ന തന്നെ എങ്ങനെയാണ് ഒന്നാം പ്രതിയാക്കിയതെന്ന് മനസ്സിലാകുന്നില്ലെന്നും, ഉദ്യോഗസ്ഥരുടെ വീഴ്ച ചെയർമാന്റെ മാത്രം തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടപാടുകളുടെ പൂർണ്ണ ഉത്തരവാദിത്തം ഡയറക്ടർ ബോർഡിനാണെന്നും, പരാതിക്ക് പിന്നിൽ നിക്ഷിപ്ത താൽപര്യക്കാരാണെന്നും വ്യക്തമാക്കിയ ചന്ദ്രശേഖരൻ, താൻ ഐഎൻടിയുസി അധ്യക്ഷ സ്ഥാനത്തു തുടരണോ എന്നത് സംഘടനയാണ് തീരുമാനിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു. മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടലുകൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ കേസ് വിചാരണയിലേക്ക് കടക്കുമ്പോൾ കേരളം ഉറ്റുനോക്കിയ ഒരു വലിയ അഴിമതിയുടെ സത്യങ്ങളാണ് ഇനി കോടതിക്ക് മുന്നിലെത്തുന്നത്.


കോറോഹെൽത്ത് പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഉറപ്പാക്കുമെന്ന് മന്ത്രി
ശ്രീലങ്കയിൽ മധുവിധു ആഘോഷത്തിനിടെ ദുരന്തം; സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു







