പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നില്ല. കേരളം ഉറ്റുനോക്കിയ. ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 6ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു.
ചെന്താമരയെ നിലവിൽ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നു. നാളെ ഉറപ്പായും വിധി ഉണ്ടാകും എന്നും പറഞ്ഞു. ചെന്താമര നാളെ ഓൺലൈൻ വഴിയായിരിക്കും വിധി കേൾക്കുക എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വൻ പോലീസ് സന്നാഹങ്ങളോടെയാണ് ചെന്താമര കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്നത്.
2025 ജനുവരി 27ന് പോത്തുണ്ടി ബോയൻ നഗറിൽ അയൽവാസികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. സുധാകരൻ്റെ ഭാര്യ സജിതയെ 2019ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര ഈ ഇരട്ടക്കൊല നടത്തിയത് എന്നത് കേസിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. സജിത വധക്കേസിൽ 2025 ഒക്ടോബറിൽ ഇതേ കോടതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അതായത്, മൂന്ന് കൊലപാതകങ്ങളിലെ പ്രതിയാണ് ചെന്താമര.
പ്രതി വീണ്ടും കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിക്ക് മാനസികപ്രശ്നമില്ലെന്ന ജില്ലാ സൈക്കോളജിസ്റ്റിൻ്റെ റിപ്പോർട്ടും, കുറ്റബോധമില്ലെന്നും വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്നുമുള്ള പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. കോടതി ചോദ്യങ്ങൾക്ക് ഒരു കൂസലുമില്ലാതെയാണ് ചെന്താമര മറുപടി നൽകിയത്. തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നും, ഇനിയും ആവശ്യം വന്നാൽ കൊല്ലുമെന്നും പ്രതി കോടതിമുറിയിൽ പറഞ്ഞു.
സുധാകരൻ്റെ പെൺമക്കളായ അതുല്യയും അഖിലയും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെന്താമരയെ ഒരിക്കലും മോചിപ്പിക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരനെന്ന വിധിയെ അവർ സ്വാഗതം ചെയ്തിരുന്നു, പരമാവധി ശിക്ഷ വേണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു.
പ്രതിഭാഗം എല്ലാ ആരോപണങ്ങളും നിഷേധിച്ചാണ് വിചാരണ നേരിട്ടത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി, ഇതിൽ നാല് പേർ കൂറുമാറിയെങ്കിലും അത് കേസിനെ കാര്യമായി ബാധിച്ചില്ല. 480 പേജുള്ള കുറ്റപത്രത്തിൽ ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളിൻ്റെ പിടിയിൽ നിന്ന് ഇരകളുടെയും പ്രതിയുടെയും ഡിഎൻഎ ലഭിച്ചത് നിർണായക തെളിവായി.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”









