കൊല്ലം: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പരവൂർ സ്വദേശി അഭിജിത്ത് (22) ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെയും കൊല്ലം ഗവൺമെന്റ് റെയിൽവേ പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായി.
പോലീസിനെ കണ്ടതോടെ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും സാഹസികമായ പിന്തുടരലിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു. രാത്രികാലങ്ങളിൽ പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങുന്ന ട്രെയിനുകളിൽ കയറി യാത്രക്കാരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും അടങ്ങിയ ബാഗുകൾ തട്ടിയെടുത്ത് ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതായിരുന്നു ഇയാളുടെ മോഷണരീതി.
കായംകുളത്തിനും തിരുവനന്തപുരത്തിനുമിടയിൽ രാത്രികാല ട്രെയിൻ മോഷണങ്ങൾ വർധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.
‘ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’: സതീശന്റെ പരാമർശം സ്ത്രീവിരുദ്ധമെന്ന് വിമർശനം
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി മോഷണം, പിടിച്ചുപറി, പോക്സോ, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം തിരുച്ചിറപ്പള്ളിയിൽ മോഷണക്കേസിൽ അറസ്റ്റിലായ പ്രതി മെഡിക്കൽ പരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് കേരളത്തിലെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയുടെ പക്കൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, 65,000 രൂപ എന്നിവ കണ്ടെടുത്തു. മോഷ്ടിച്ച ബാഗുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മാത്രം എടുത്തശേഷം ബാഗുകൾ ഉപേക്ഷിക്കുന്നതാണ് ഇയാളുടെ പതിവ്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും രാസലഹരി വാങ്ങാനുമാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
പ്രതിയുടെ കുടുംബാംഗങ്ങൾക്ക് മോഷണങ്ങളിൽ പങ്കുണ്ടോയെന്നും അന്വേഷണം പുരോഗമിക്കുകയാണ്. വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ആർപിഎഫ് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫിന്റെയും റെയിൽവേ എസ്.പി. കൃഷ്ണകുമാറിന്റെയും നിർദേശപ്രകാരമാണ് ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ബി.എൽ. ബിനുകുമാർ, ഇൻസ്പെക്ടർ ജിപിൻ എ.ജെ., കൊല്ലം ജിആർപി എസ്.എച്ച്.ഒ. ശ്യാമകുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ഇൻസ്പെക്ടർ ജിപിൻ എ.ജെ. അറിയിച്ചു.


നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ







