അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭക്തർ നൽകുന്ന സംഭാവനകളിൽ നിന്ന് പ്രതിദിനം ലക്ഷങ്ങൾ തട്ടിയെടുത്തെന്നുള്ള പോലീസ് റിപ്പോർട്ടുകൾ പുറത്തുവന്നു. ബാങ്ക് അക്കൗണ്ടുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകളിൽ, ഭക്തർ നൽകുന്ന പണത്തിൽ നിന്ന് പ്രതിദിനം എട്ട് ലക്ഷം രൂപ വരെയാണ് ഈ സംഘം തട്ടിയെടുത്തിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തുടക്കത്തിൽ പ്രതിദിനം ആറ് ലക്ഷം രൂപ വരെയായിരുന്നു കൊള്ളയടിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എൻ.ഡി.ടി.വി.യാണ് ഈ വൻ സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകളിലേക്ക് ഭക്തരിൽ നിന്ന് പ്രതിദിനം ശരാശരി 16 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് സംഭാവനയായി എത്തിയിരുന്നത്. എന്നാൽ തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ഈ തുക 24 ലക്ഷം മുതൽ 26 ലക്ഷം രൂപയായി ഉയർന്നതായി ബാങ്ക് ജീവനക്കാർ അന്വേഷണ സംഘത്തോട് മൊഴി നൽകി. ഈ തട്ടിപ്പ് ശൃംഖലയിൽ ഇതുവരെ 14 പേരുടെ പങ്കാളിത്തമാണ് വ്യക്തമായിട്ടുള്ളത്. ഇതിൽ 11 പേർ വിവിധ ബാങ്ക് ജീവനക്കാരാണെന്നത് തട്ടിപ്പിന്റെ ആസൂത്രണം വ്യക്തമാക്കുന്നു. മൂന്ന് പേർ ക്ഷേത്ര ട്രസ്റ്റിലെ ജീവനക്കാരുമാണ്.
പണം കൈകാര്യം ചെയ്യുന്നതിലെ മേൽനോട്ട സംവിധാനത്തിലെ വീഴ്ചകൾ ദുരുപയോഗം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത് എന്നാണ് റിപോർട്ടുകൾ. തട്ടിപ്പിൽ കൂടുതൽ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തുവരികയാണ്. പണം എണ്ണുന്ന സമയത്ത് കൃത്യമായി നിരീക്ഷണം നടത്താതിരുന്നതാണ് ഇത്രയും വലിയ തട്ടിപ്പിലേക്ക് വഴിവെച്ചത്.
അഴിമതിക്കെതിരെ പോരാടാൻ ‘വിജിലൻസ് കമാൻഡോകൾ’; പദ്ധതി സംസ്ഥാനതല ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവ്വഹിക്കും
ഇതിനിടെ, തട്ടിയെടുത്ത പണം ക്ഷേത്രത്തിന് പുറത്തുള്ള ഒരു പാർക്കിൽ വെച്ചാണ് പ്രതികൾ വിഭജിച്ചിരുന്നതെന്ന് പിടിയിലായ അവിനാശ് ശുക്ല പോലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ പാർക്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെയും സ്റ്റാഫ് അംഗങ്ങളായ അനിൽ മിശ്രയെയും ഗോപാൽ റാവുവിനെയും പോലീസ് ചോദ്യം ചെയ്തു. ഇവരുടെ സ്വകാര്യ സ്വത്തുക്കളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കേസിൽ ഇതുവരെ സുഭാഷ് ചന്ദ്ര ശ്രീവാസ്തവ ഉൾപ്പെടെ എട്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദ്യുമ്നൻ, അവിനാശ് ശുക്ല, അനു സക്സേന മിശ്ര, മിന്റു ഭാരതി, ഹരി കൃഷ്ണ മിശ്ര, അനീഷ് കുമാർ ഭാരതി, കുമാരൻ പാണ്ഡെ, രാജേഷ് മിശ്ര എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ക്ഷേത്ര നിർമ്മാണത്തിലും ഭൂമി വാങ്ങലുകളിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആക്ഷേപങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭാവനക്കൊള്ളയും പുറത്തുവരുന്നത്.


അഴിമതിക്കെതിരെ ഡിജിറ്റല്‍ പൂട്ടിട്ട് വിജിലന്‍സ്; ‘പ്രോജക്ട് സീറോ’ പരിഷ്കരിച്ച മാന്വല്‍ പുറത്തിറക്കി







