റൊണാള്‍ഡോ പറഞ്ഞ ആ സംഭവം കൊച്ചിയില്‍; കാക്കനാട്ട് കിട്ടും കിടു പറങ്കി ഐറ്റം ഇതാണ്.

കൊച്ചി : കാറും കോളും നിറഞ്ഞ കഠിനതകളുടെ നാളുകളില്‍ റൊണാള്‍ഡോയ്ക്ക് അമ്മ വിളമ്പിയ രുചി മാന്ത്രികത ആരാധകരേ വരുവിന്‍, ഇതാ അത് ഇവിടെയുണ്ട്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൊച്ചു കേരളത്തില്‍,റൊണാള്‍ഡോയുടെ പ്രിയ വിഭവമായ ബകല്യാവു അ ബ്രാഷ്. കളിക്കളത്തിലെ മികവിലും ആരാധകപ്പടയുടെ വലുപ്പത്തിലും രാജവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പ്രിയപ്പെട്ട ഭക്ഷണം നല്ല സ്വയമ്പന്‍ പോര്‍ച്ചുഗീസ് മീന്‍കറി. ആരോഗ്യകാര്യത്തിലും ഫിറ്റ്‌നെസ്സിലും അതീവ ശ്രദ്ധാലു ആയ
റൊണാള്‍ഡോ ഒരിക്കല്‍ ഇഷ്ടഭക്ഷണത്തെക്കുറിച്ച് മനസ് തുറന്നപ്പോള്‍ ആ പേരു കേട്ട് അത്ഭുതപ്പെട്ടവര്‍ക്കുളള മറുപടിയും റൊണാള്‍ഡോ തന്നെ പങ്കുവച്ചു. ഇംഗ്ലിഷില്‍ വിശദീകരിക്കില്ല, ഗൂഗിള്‍ ചെയ്യൂ എന്ന്.

ഗൂഗിളിനേക്കാള്‍ നന്നായി കൊച്ചി ആ വിഭവത്തിന്റെ രസക്കൂട്ട് കാണിച്ചു. ബകല്യാവു അ ബ്രാഷ് എന്നതിന്റെ ഉത്തരം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരും ഫുട്‌ബോള്‍ ആരാധകരും ഭക്ഷണപ്രേമികളുമടക്കം കണ്ടത് കാക്കനാട് അത്താണിയിലുള്ള റോച്ചാസ് കഫെ ആന്‍ഡ് ബിസ്ട്രോ: ദ് പോര്‍ച്ചുഗീസ് ഗ്രില്‍ ഹൗസ് ആണ്. പോര്‍ച്ചുഗീസ് വിഭവങ്ങള്‍ കലര്‍പ്പില്ലാതെ വിളമ്പുന്ന ഭക്ഷണശാല. റോച്ചാസിലുണ്ട് റൊണാള്‍ഡോയുടെ ആ പ്രിയ വിഭവം.തനതു പോര്‍ച്ചുഗീസ് വിഭവങ്ങളാണു പ്രധാനം. പോര്‍ച്ചുഗലിന്റെ യഥാര്‍ഥ രുചിപ്പെരുമയൊരുക്കുന്നയിടം. ബകല്യാവു എന്നാല്‍ മീന്‍ ആണ്. കോഡ് ഫിഷ്. പോര്‍ച്ചുഗലിന്റെ തീരമേഖലയില്‍ 19ാം നൂറ്റാണ്ടില്‍ പിറവിയെടുത്ത വിഭവമാണു ബകല്യാവു അ ബ്രാഷ്.

നമ്മുടെ കഞ്ഞിയും ചമ്മന്തിയും പോലെ, കപ്പയും മീന്‍കറിയും പോലെ. അവിടത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഭക്ഷണം. കോഡ് ഫിഷ് ആണ് ബകല്യാവു അ ബ്രാഷ് പ്ലേയിങ് ഇലവന്റെ കാതല്‍. മീന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപ്പിലിട്ടു സൂക്ഷിക്കും. പോര്‍ച്ചുഗീസ് കോഡ് ഫിഷ് കിട്ടിയില്ലെങ്കില്‍ മലയാളിക്ക് കാളാഞ്ചിയെ സബ്സ്റ്റിറ്റിയൂട്ട് ആക്കി ഇറക്കാം. പരമ്പരാഗത രീതിയിലാണു മത്സ്യം സൂക്ഷിക്കാറ്. പച്ചമത്സ്യവും പാചകത്തിന് ഉപയോഗിക്കാം. ഉപ്പിലിട്ട കോഡ് ഫിഷ് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം. 6-8 മണിക്കൂര്‍ കൂടുമ്പോള്‍ വെള്ളം മാറ്റണം. പിന്നെ 20 മിനിറ്റ് വേവിച്ച് മുള്ളും തൊലിയും കളഞ്ഞ് ചെറിയ കഷണങ്ങളാക്കി പൊളിക്കുക. ഗാര്‍ലിക് ഓയിലും ഒലിവ് ഓയിലും റോസ്മേരി അടക്കം ഹെര്‍ബ്സും ചേര്‍ന്ന മിശ്രിതമാണു പാചകത്തിന് ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങാണു മറ്റൊരു പ്രധാന ഐറ്റം. ഉരുളക്കിഴങ്ങു തൊലിയോടെ കുക്കറില്‍ 3 വിസില്‍ വേവിച്ച് തൊലി കളഞ്ഞു ചൂടോടെ വയ്ക്കുക. പിന്നെ മാഷ് ചെയ്യുക. കട്ട കാണരുത്.

മുട്ടയാണു ടീമിലെ മറ്റൊരിനം . മുട്ട പൊട്ടിച്ചു പാലില്‍ കുരുമുളകും ചേര്‍ത്തു പാനില്‍ ചിക്കിയെടുക്കും. മുട്ട കൂടുതല്‍ വേവിക്കില്ല. ക്രീമിയായി നിര്‍ത്തും. സവാളയിലേക്കു കോഡ് ഫിഷും പിന്നാലെ ഉരുളക്കിഴങ്ങും പിന്നെ മുട്ടയും അടുക്കടുക്കായി നിരത്തും. മുകളില്‍ കറുത്ത ഒലിവും പാര്‍സ്ലി അരിഞ്ഞതും ഇടും. ഗ്രീന്‍ സാലഡും ചേര്‍ക്കും. ഡ്രീം ഫുഡ് റെഡി. മസാല അധികം ചേര്‍ക്കാതെ ഫാറ്റിനെ പുറത്ത് കടത്തി, ലോ കാര്‍ബ് ഫുഡ്. നിറയെ പ്രോട്ടീന്‍. അങ്ങനെ കളിക്കളത്തിലെ മാന്ത്രികത തീന്‍മേശയിലും ഒരുക്കുകയാണ് പോര്‍ട്ടുഗീസുകാര്‍.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.