കുഴിമന്തി കൊന്നൊടുക്കുമോ?! ഷിഗെല്ല ബാക്ടീരിയ വില്ലൻ;50ഓളം പേർക്ക് ഭക്ഷ്യവിഷബാധ, മയോണൈസോ കുടിവെള്ളമോ? കാരണത്തിൽ തർക്കം, ഹോട്ടലിനെതിരെ കേസ്!

Al Reem hotel Kochi food poisoning Shigella bacteria അൽ റീം ഹോട്ടൽ ഭക്ഷ്യവിഷബാധ ചിത്രം
കൊച്ചി : കതൃക്കടവ് അൽ റീം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. ഷാഹിർഷാ അറിയിച്ചു. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ വയറുവേദന, ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇവിടെ നിന്ന് കുഴിമന്തി കഴിച്ചവർക്ക് സമാന ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ ചികിത്സ തേടിയവരുടെ എണ്ണം ആകെ 50ഓളമായി ഉയർന്നു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും വൈറ്റിലയിലെ മറ്റൊരു ആശുപത്രിയിലുമായി പലരും ചികിത്സയിലുണ്ട്. ഹോട്ടലിൽ നിന്നു നേരത്തേ ഭക്ഷണം കഴിച്ചവരിൽ 8 പേർ കൂടി ഇന്നലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സ തേടി, ഇവരിൽ 2 കുട്ടികളെ അഡ്മിറ്റ് ചെയ്തു.
ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ അൽ റീം ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൂണിത്തുറ സ്വദേശി ടോണി പീറ്റർ നൽകിയ പരാതിയിലാണ് നോർത്ത് പൊലീസ് കേസെടുത്തത്. പൊലീസ് സംഘം ഹോട്ടലിൽ പരിശോധന നടത്തി.
മയോണൈസില്ലാതെ മന്തി കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു, ഇത് മയോണൈസാണ് വിഷബാധയ്ക്ക് കാരണമായതെന്ന നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ ഷിഗെല്ല ബാധയ്ക്ക് കാരണം മയോണൈസല്ലെന്നും കുടിവെള്ളമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വാദിക്കുന്നു.
പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഹോട്ടലിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഫലം ലഭ്യമായ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമ്മിഷണർ ജോസ് ലോറൻസ് പറഞ്ഞു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.