തിരുവനന്തപുരം : ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ ബോധപൂർവം അഴിമതി നടത്തിയെന്ന് കാണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനുമെതിരെ വിജിലൻസ് എഫ്ഐആർ. മുൻ എക്സിക്യൂട്ടിവ് ഓഫിസർ മുരാരി ബാബുവും ക്രമക്കേടിന് കൂട്ടുനിന്നതായി എഫ്ഐആറിൽ പറയുന്നു. ടെൻഡറിൽ പങ്കെടുത്ത കമ്പനികളെ കാരണം കൂടാതെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്.
വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമത്തിലെ മൂന്ന് കുറ്റങ്ങൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രശാന്തും അജികുമാറും പ്രവർത്തിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
369 രൂപയ്ക്ക് പകരം 510 രൂപ
ശബരിമലയിലേക്ക് നെയ്യ് വാങ്ങാൻ മൂന്ന് കമ്പനികളാണ് ടെൻഡർ നൽകിയത്. തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറീസ് ലിറ്ററിന് 369 രൂപ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള നെയ്യ് നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഈ സാംപിളുകൾ വിജയിച്ചിട്ടും, വ്യക്തമായ കാരണം രേഖപ്പെടുത്താതെ ടെൻഡർ റദ്ദാക്കി. പകരം ടെൻഡർ അപേക്ഷ പോലും നൽകാത്ത മിൽമയ്ക്ക് ലിറ്ററിന് 510 രൂപ എന്ന ഉയർന്ന നിരക്കിൽ കരാർ നൽകി. ഇതുവഴി ദേവസ്വം ബോർഡിന് ഉണ്ടായ നഷ്ടം 2.27 കോടി രൂപയാണ്.
ദേവസ്വം കമ്മിഷണറുടെ എതിർപ്പ് അവഗണിച്ചാണ് പ്രശാന്തും അജികുമാറും മിൽമയ്ക്ക് കരാർ നൽകാൻ തീരുമാനിച്ചതെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ഏകദേശം ഒന്നര ലക്ഷം ലീറ്റർ നെയ്യാണ് മിൽമയിൽനിന്ന് വാങ്ങിയത്.
റദ്ദാക്കൽ കുറിപ്പും ശുപാർശയും
യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെ “ടെൻഡർ റദ്ദാക്കുന്നു” എന്ന് പ്രശാന്ത് സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയതായി എഫ്ഐആറിലുണ്ട്. ഒപ്പം മിൽമയിൽനിന്ന് നെയ്യ് വാങ്ങാൻ അനുമതി നൽകുകയും അളവ് തീരുമാനിക്കാൻ എക്സിക്യുട്ടിവ് ഓഫിസറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കുറിപ്പിനുകീഴിൽ പ്രശാന്തും അജികുമാറും ഒപ്പിട്ടിട്ടുണ്ട്.
2024 ഡിസംബർ 30നാണ് മുരാരി ബാബു മിൽമയിൽനിന്ന് നെയ്യ് വാങ്ങണമെന്ന് ശുപാർശ ചെയ്ത് ബോർഡിന് കത്ത് നൽകിയത്. സാധാരണ മണ്ഡലകാലത്ത് അടുത്ത സീസണിലേക്കുള്ള ടെൻഡറോ വിതരണ കരാറുകളോ ആരംഭിക്കാറില്ല. മകരവിളക്കിനുശേഷം മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് സാധാരണഗതിയിൽ ഇത് തുടങ്ങാറുള്ളത്. ഈ പതിവിൽനിന്നുള്ള വ്യതിയാനവും സംശയാസ്പദമായി കണക്കാക്കുന്നു.
ശാസ്ത്രീയതയില്ലാത്ത ന്യായീകരണം
മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ കുറച്ച് നെയ്യ് കൊണ്ട് കൂടുതൽ അരവണ നിർമിക്കാമെന്നായിരുന്നു മുരാരി ബാബു ഇതിന് നൽകിയ ന്യായീകരണം. ഏഴ് മുതൽ 7.5 ലീറ്റർ വരെ മതിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇതിൽ ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ലെന്ന് ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് നെയ്യിന്റെ ഗുണനിലവാരം വേണ്ടത്ര പരിശോധിപ്പിക്കാതെയും, ഭക്തർ നൽകിയ നെയ്യ് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്വർണക്കൊള്ളയ്ക്കു പിന്നാലെ വീണ്ടും കുരുക്ക്
ശബരിമല സ്വർണക്കൊള്ള കേസിനു പിന്നാലെയാണ് പി.എസ്. പ്രശാന്തിന് നെയ്യ് ക്രമക്കേട് കേസിലും കുരുക്ക് മുറുകുന്നത്. ടെൻഡറിൽനിന്ന് പുറത്തായ കമ്പനികൾ പരാതിയുമായി രംഗത്ത് വരാതിരുന്നതിലും ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇവർക്ക് പണം നൽകി കരാറിൽനിന്ന് പുറത്താക്കിയതാണോ എന്നതും പരിശോധിക്കുന്നുണ്ട്. ക്രമക്കേടിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ദേവസ്വം വിജിലൻസ് അന്വേഷണം തുടരുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പെണ്മക്കള് എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ‘അമ്മ മരിച്ചിട്ട് 27 വര്‍ഷം, ഇന്നും ആ രുചി നാവിലുണ്ട്’; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശന്; ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ചാൽ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും







