തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറെ അയോഗ്യനാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാന്‍ മേയര്‍ വിവി രാജേഷിന് ‘വജ്രായുധം’ കിട്ടി. കൗണ്‍സിലറെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന അതിനിര്‍ണ്ണായക നിയമോപദേശം ബിജെപി നേതൃത്വത്തിനും മേയര്‍ വി.വി. രാജേഷിനും ലഭിച്ചു. ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് നിലവിലെ പ്രത്യേക സാഹചര്യങ്ങളും നിയമവശങ്ങളും സമഗ്രമായി പരിശോധിച്ച ശേഷമുള്ള നിയമോപദേശം കൈമാറിയത്. ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും നിയമോപദേശം ലഭ്യമാക്കിയത്.
തുടര്‍ച്ചയായി മൂന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും എന്ന നിയമച്ചട്ടം ഉയര്‍ത്തിക്കാട്ടിയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ഭരണപക്ഷത്തിനെതിരെ നീക്കം ശക്തമാക്കിയത്. അടുത്ത കൗണ്‍സില്‍ യോഗത്തിലും കൗണ്‍സിലര്‍ സുഗതന് ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്ന് തവണ തികയുമെന്നും, തനിയെ അയോഗ്യത പ്രാബല്യത്തില്‍ വരുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം. 101 കൗണ്‍സിലര്‍മാരാണ് തിരുവനന്തപുരത്തുള്ളത്. ബിജെപിക്ക് 50 പേരുണ്ട്. സ്വതന്ത്ര കൗണ്‍സിലറായ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയിലാണ് ഭരണം. വാഴോട്ടുകോണത്തെ കൗണ്‍സിലര്‍ അയോഗ്യനായാല്‍ കൗണ്‍സിലിന്റെ അംഗബലം 100 ആകും. ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി തോറ്റാല്‍ ഭൂരിപക്ഷം നഷ്ടമാകും. ഇപ്പോഴത്തെ പ്രതിപക്ഷത്തിന് അപ്പോള്‍ 51 പേരാകും. സിപിഎമ്മും കോണ്‍ഗ്രസും സുധീഷ് കുമാര്‍ എന്ന സ്വതന്ത്രനും ഒരുമിച്ചാല്‍ ഭരണമാറ്റം ഉറപ്പാകും. ഇതിന് വേണ്ടിയാണ് വാഴോട്ടുകോണം കൗണ്‍സിലറെ ആയോഗ്യനാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കരുക്കള്‍ നീക്കുന്നത്. ഇതിനിടെയാണ് നിര്‍ണ്ണായക നിയമോപദേശം മേയര്‍ വിവി രാജേഷിന് കിട്ടുന്നത്.

അടുത്തതായി ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തന്നെ വാഴോട്ടുകോണം കൗണ്‍സിലറുടെ അയോഗ്യത സംബന്ധിച്ച വിഷയം ഔദ്യോഗികമായി ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാല്‍ ഇതിനെ വോട്ടെടുപ്പിലൂടെയും നിയമപരമായും പൂര്‍ണ്ണമായി തള്ളിക്കളയാനുള്ള വ്യക്തമായ പ്രതിരോധ തന്ത്രമാണ് നിയമോപദേശത്തിലൂടെ ഭരണപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭരണകക്ഷിയുടെ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് രാജ്യത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയത്. മിനിറ്റിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകന് കേസിന്റെ രേഖകളും തദ്ദേശസ്വയംഭരണ നിയമങ്ങളും സൂക്ഷ്മാനുസൃതം പരിശോധിച്ച ശേഷമാണ് കൗണ്‍സിലര്‍ക്ക് സംരക്ഷണം നല്കുന്ന അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കരുതല്‍ തടങ്കല്‍ നിയമപ്രകാരം ജയിലിലായതിനെ തുടര്‍ന്ന് അടുത്ത ആറു മാസത്തേക്ക് കൗണ്‍സിലര്‍ക്ക് നിയമപരമായി പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ തടവ് ഭരണഘടനാപരവും നിയമപരവുമായ ഒരു അനിവാര്യ തടസ്സമായി കണക്കാക്കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. സ്വന്തം ഇഷ്ടപ്രകാരം യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും, നിയമപരമായ തടങ്കല്‍ കാരണം എത്തിച്ചേരാന്‍ കഴിയാത്തതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് അഭിഭാഷകന് ചൂണ്ടിക്കാണിക്കുന്നു. കേരള നഗരസഭാ നിയമം അനുസരിച്ച് നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ മാസവും ചുരുങ്ങിയത് ഒരു യോഗമെങ്കിലും ചേരേണ്ടതുണ്ട്. ആ കണക്കുവെച്ച് അടുത്ത യോഗത്തോടെ സുഗതന്റെ അയോഗ്യതാ ഭീഷണി യാഥാര്‍ത്ഥ്യമാകുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉറച്ചു വിശ്വസിച്ചിരുന്നു. ഇതിലൂടെ കൗണ്‍സിലിലെ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷവും അംഗബലവും കുറയ്ക്കാനാകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍, ഒരു കൗണ്‍സിലര്‍ തടങ്കലില്‍ കഴിയുമ്പോള്‍, അയാള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കേണ്ടത് അല്ലെങ്കില്‍ വിടുതല്‍ അപേക്ഷ പരിഗണിക്കേണ്ടത് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമാണ്. കൗണ്‍സിലറുടെ അഭാവം ബോധപൂര്‍വ്വമല്ലെന്ന് വ്യക്തമാകുന്നതോടെ മൂന്ന് യോഗങ്ങളുടെ ആനുകൂല്യം സാങ്കേതികമായി നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഉപദേശം വ്യക്തമാക്കുന്നത്. ഈ അടിയന്തര സാഹചര്യത്തെ മറികടക്കാന്‍ മേയര്‍ക്ക് യോഗത്തില്‍ സവിശേഷ അധികാരം ഉപയോഗിക്കാമെന്നും നിയമോപദേശത്തില്‍ പ്രതിപാദിക്കുന്നു. പ്രതിപക്ഷം അയോഗ്യതാ പ്രമേയമോ ആവശ്യങ്ങളോ ഉന്നയിച്ചാലും, ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മേയര്‍ വി.വി. രാജേഷിന് അത് തള്ളിക്കളയാനാകും. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവിക നീതിയുടെ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന് മറുപടി നല്‍കാനാണ് തീരുമാനം.
പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ നിയമത്തിന്റെ എല്ലാ വശങ്ങളും മുന്‍കൂട്ടി കണ്ട് പൂട്ടാനുള്ള തന്ത്രമാണ് ഭരണപക്ഷം മെനഞ്ഞിരിക്കുന്നത്. കേസ് കോടതി കയറിയാലും പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ദ്ധര്‍ ഉറപ്പുനല്കിയതോടെ ഭരണപക്ഷ ക്യാമ്പ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. ചുരുക്കത്തില്‍, വാഴോട്ടുകോണം കൗണ്‍സിലറെ മുന്നില്‍ നിര്‍ത്തി നഗരസഭാ ഭരണസമിതിയെയും മേയര്‍ വി.വി. രാജേഷിനെയും പ്രതിരോധത്തിലാക്കാമെന്ന പ്രതിപക്ഷ കൂട്ടുകെട്ടിന്റെ കണക്കുകൂട്ടലുകള്‍ ഇതോടെ പിഴച്ചിരിക്കുകയാണ്. വരാനിരിക്കുന്ന യോഗത്തില്‍ നിയമ ഉപദേശത്തിന്റെ ബലത്തില്‍ പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷം പൂര്‍ണ്ണമായി സജ്ജമായിക്കഴിഞ്ഞു.


എറണാകുളത്ത് ‘കത്തി’ കയറി മുഖ്യമന്ത്രി സതീശന്; വിശ്വസ്തന്റെ കുപ്പായമിട്ട പ്രമുഖനെ വെട്ടി നിരത്തുന്നു; എറണാകുളത്തെ പ്രധാനിയെ തന്റെ പക്ഷത്ത് നിന്നും നുള്ളി എറിയാന്‍ വിഡിഎസ്
കാലാവസ്ഥാ വ്യതിയാനവും ആവർത്തിക്കുന്ന ദുരന്തങ്ങളും: കേരളം ഇനിയെങ്കിലും പഠിക്കുമോ? സിസ്റ്റം വൻ പരാജയം ആ മുന്നറിയിപ്പ് കേരളം അവഗണിച്ചു. ഇത് വരുത്തി വച്ച കെടുതിയെന്ന് പരിസ്ഥിതി ഗവേഷകൻ ഡോ സുഭാഷ് ചന്ദ്രബോസ്







