ന്യൂഡൽഹി: കാട്ടാക്കട ആദിശേഖർ വധക്കേസിലെ പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ച ശേഷമാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. പ്രിയരഞ്ജന് നേരത്തെ ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ക്ഷേത്രത്തിനു സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജയിംസ് പി. തോമസാണ് ഹാജരായത്.എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം പ്രിയരഞ്ജന് ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷക സ്വീന മാധവൻ നായർ വാദിച്ചു. കാറിന്റെ നിയന്ത്രണം വിട്ട് കുട്ടിയെ ഇടിച്ചാണ് മരണമുണ്ടായതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
വിചാരണ കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നും അതിൽ തീർപ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവിലെ 41-ാം പാരഗ്രാഫിൽ തന്നെ പ്രോസിക്യൂഷൻ വാദങ്ങളിലെ ചില കണ്ടെത്തലുകളെക്കുറിച്ച് സംശയം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ മറ്റൊരു വാദം.


മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്
പൾസർ സുനി കെഞ്ചിചോദിച്ചു “ഞാൻ നിരപരാധി, ശിക്ഷ മരവിപ്പിക്കണം”; കേൾക്കാൻ കൂട്ടാക്കാതെ കോടതി ; നടിയുടെ കണ്ണീരോളം വരില്ലല്ലോ? : ശിക്ഷാ നടപടി മരവിപ്പിക്കാനുള്ള ആവശ്യം തള്ളി







