തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി കഴിയുകയായിരുന്ന പിതാവിനെ മൂന്ന് മക്കള്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നേമം നരുവാമൂട് പോലീസ് സ്റ്റേഷന് പരിധിയിലെ വള്ളംകെട്ടുവെട്ടിവിള ഭാഗത്ത് ‘മുരുകന് സ്ക്രാപ്പ് ഷോപ്പ്’ നടത്തുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുരുകനാണ് (55) മക്കളുടെ ആക്രമണത്തിന് ഇരയായത്.
നെടുമങ്ങാട്, കരകുളം ഭാഗങ്ങളില്‍ താമസിക്കുന്ന മുരുകന്റെ മക്കളായ സെല്‍വി, ശിവ, ഹരികൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആക്രിക്കടയില്‍ ഉറങ്ങുകയായിരുന്ന മുരുകനെ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ ഉടന്‍ തന്നെ ബൈക്കില്‍ കയറി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
ഗുരുതരമായി പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മക്കള്‍ പണം ആവശ്യപ്പെട്ട് മുരുകന്റെ കടയിലെത്തി വഴക്കിട്ടിരുന്നതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക തര്‍ക്കമാണോ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മൂന്ന് പ്രതികള്‍ക്കായും നരുവാമൂട് പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.


ആഡംബര ഹോട്ടലുകളെ കബളിപ്പിക്കുന്നത് പതിവ്; പ്രചോദനം ചാൾസ് ശോഭരാജ്, പ്രതി പിടിയിൽ
വർക്കലയിൽ നവവധു ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്







