കൊലപാതകം ആസൂത്രണം ചെയ്തത് ചേതൻ; സിയ ഒരു കോടി രൂപ കാമുകന് നൽകി; മരണത്തിന് 34 മിനിറ്റ് മുൻപും ഫോൺ വിളി

പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു . സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവരങ്ങൾ അന്വേഷിച്ചുപോയപ്പോഴാണ് പോലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. കേതനുമായുള്ള വിവാഹ നിശ്ചയത്തിന് ആഴ്ചകൾക്ക് മുമ്പാണ് സിയയും ചേതനും ഉദയ്പുരിലേക്ക് ഒന്നിച്ചു യാത്ര ചെയ്തത്. ഒരു യാത്രാ സംഘത്തിനൊപ്പമായിരുന്നു ഇരുവരുടേയും യാത്ര. കുറച്ചു ദിവസങ്ങൾ ഇവർ ഇവിടെ ഒന്നിച്ചു കഴിഞ്ഞെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചുരുളഴിക്കാൻ യാത്രയുടെ ഓരോ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

കൊലപാതകത്തിന് 34 മിനിറ്റ് മുമ്പ് സിയ ചേതനെ ഫോൺ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഗുഢാലോചനയുടെ ഏറ്റവും പ്രധാനപ്പെട്ട തെളിവായാണ് അന്വേഷണ സംഘം ഇതിനെ കാണുന്നത്. കോട്ടയിലെ മറ്റു സഞ്ചാരികളൊന്നും ഇല്ലാത്തിടത്തെ വ്യൂ പോയിന്റ് സിയയ്ക്ക് ചേതൻ പറഞ്ഞു കൊടുത്തുവെന്നും ഇതുപ്രകാരം കേതനെയും കൊണ്ട് സിയ ഈ പ്രദേശത്തേക്ക് ചെന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരും അറിയാതിരിക്കാൻ കഴിഞ്ഞ മൂന്ന് മാസക്കാലയളവിലുള്ള ചാറ്റുകളും വോയ്സ് നോട്ടുകളും സിയയും ചേതനും തങ്ങളും ഫോണുകളിൽനിന്ന് കളഞ്ഞിരുന്നു. ഇവ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ സൈബർ വിഭാഗം തിരിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം വാട്സാപ്പ് അടക്കമുള്ളവ പരിശോധിച്ചുവരികയാണ്.

താൻ ഒരിക്കലും കേതൻ അഗർവാളിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് പ്രതി സിയ പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. കേതൻ കൊല്ലപ്പെട്ടാൽ മറ്റൊരു വിവാഹത്തിന് ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും എടുക്കുമെന്ന് സിയ സ്വയം വിശ്വസിച്ചിരുന്നു. ഈ സമയംകൊണ്ട് ചേതനെ വിവാഹം കഴിക്കാമെന്നായിരുന്നു സിയ കരുതിയിരുന്നത്. വിവാഹബന്ധം വേർപ്പെടുത്തിയശേഷം കാമുകനൊത്ത് ജീവിക്കുന്നത് ഇരുവർക്കും പേരുദോഷം ഉണ്ടാക്കുമെന്ന് ചേതനും സിയയും പേടിച്ചിരുന്നു . ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

കേതനിൽനിന്ന് ഷോപ്പിങ്ങിനെന്ന് പറഞ്ഞ് സിയ പണവും കൈപ്പറ്റിയിരുന്നതായാണ് വിവരം. ഈ പണം കാമുകന് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഒരു കോടി രൂപയാണ് ഷോപ്പിങ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് സിയ വാങ്ങിയത്. ഇത് നേരിട്ട് ചേതന് എത്തിച്ചുകൊടുത്തു. കരിയർ കെട്ടിപ്പടുക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി ചേതൻ ഈ പണം ഉപയോഗിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഭദ്രതയിലെത്താൻ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും വേണ്ടിവരുമെന്നും അതിന് ശേഷം ഒന്നിക്കാമെന്നും സിയയെ ചേതൻ വിശ്വസിപ്പിച്ചിരുന്നു.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.