വന്‍ആസൂത്രണത്തിനൊടുവില്‍ കൊല, സിയയും ചേതനും കേതനെ തള്ളിയിടാന്‍ പരിശീലനം നടത്തി; പിടിക്കപ്പെട്ടാല്‍ പറയാന്‍ ദൃശ്യം മോഡല്‍ പരിശീലനം

തൊടുപുഴയില്‍ ധ്യാനം കൂടാനിറങ്ങിയ ജോര്‍ജുകുട്ടിയും റാണിയുമൊക്കെ എന്ത്. ഇത് വന്‍ ആസൂത്രണം
കേതനെ തള്ളിയിടാന്‍ സിയയും ചേതനും പരിശീലനം നടത്തിയെന്ന് മാത്രമല്ല. പിടിക്കപ്പെട്ടാല്‍ പറയാന്‍ മറുപടികളും നേരത്തെ പഠിച്ചുവച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ലോഹഗഡ് കോട്ടയില്‍ 26-കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിശ്രുത വധുവും കാമുകനും പിടിയിലായതോടെ പുറത്തുവരുന്നത് സിനിമ തിരക്കഥയെ വെല്ലുന്ന അതിക്രൂരമായ ആസൂത്രണത്തിന്റെ കഥകള്‍ കൂടിയാണ്. കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്നാണ് കേതനെ മലമുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവം നടപ്പാക്കുന്നതിന് മുന്‍പ് ഒരു കുന്നിന്‍ മുകളില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ഇത് എങ്ങനെ ചെയ്യണമെന്ന് റിഹേഴ്‌സല്‍ നടത്തിയതായി പോലീസ് കണ്ടെത്തി. കേരളത്തെ ഞെട്ടിച്ച പല കേസുകളേയും ഓര്‍മിക്കുന്ന രീതിയിലായിരുന്നു ക്രൂരകൃത്യം.

സിയയുടെ വീടിന് സമീപമുള്ള ലുല്ല നഗറിലെ കുന്നിന്‍ മുകളിലായിരുന്നു ഈ കൊലപാതക പരിശീലനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കേതനെ മലമുകളില്‍ നിന്ന് തള്ളിയിടേണ്ട രീതി ഇരുവരും ഇവിടെ വെച്ച് പരിശീലിച്ചിരുന്നു. സിയയെ ഈ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയും സിയ സ്ഥലം തിരിച്ചറിയുകയും ചെയ്തു. ഡമ്മി മലമുകളില്‍ നിന്ന് തള്ളിയിട്ട് പോലീസ് കൊലപാതക രംഗം പുനരാവിഷ്‌കരിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇരുവരും കൊലപാതകം നടപ്പിലാക്കിയത്.

ഒരാളെ എങ്ങനെ കൊല്ലാം എന്നതിനെക്കുറിച്ച് ഇരുവരും ഗൂഗിളില്‍ തിരച്ചില്‍ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മാത്രവുമല്ല പിടിക്കപ്പെട്ടാല്‍ മറുപടികള്‍ വരെ പരിശീലിച്ചിരുന്നു. മെയ് അവസാനത്തോടെ പദ്ധതിക്ക് രൂപം നല്‍കിയിരുന്നതായാണ് സൂചന. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ടോള്‍ പ്ലാസകളിലെ രേഖകളില്‍ നിന്നും രക്ഷപ്പെടാനായി സ്‌കൂട്ടറിലാണ് ചേതന്‍ ലോഹഗഡ് കോട്ടയിലെത്തിയത്. തിരിച്ചറിയാതിരിക്കാന്‍ വേഷം മാറാനും ശ്രമിച്ചിരുന്നു. അവിടെയാണ് എല്ലാ കണക്കുകൂട്ടലും പിഴച്ചത്. എല്ലാ കേസിലും ഒരു തുമ്പ് അവശേഷിക്കുമെന്ന് പറയുന്നത് ശരിയായത് ഇവിടെയാണ്.

33 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ളപ്പോള്‍ ഹുഡി ധരിച്ച് കോട്ടയിലേക്ക് കയറിയ ചേതന്റെ വസ്ത്രധാരണമാണ് പോലീസിന് സംശയത്തിന് ഇടനല്‍കിയത്. കൊലപാതകം നടന്ന ദിവസം സിയ ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. പ്രതികളുടെ മൊഴികള്‍ കൂടുതല്‍ പരിശോധിച്ച് കൊലപാതകത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്ന് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.