പൂനെ: പൂനെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ മകൾക്കെതിരെ കടുത്ത നിലപാടുമായി പിതാവ് പ്രവീൺ ഗോയൽ. തന്റെ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് നിയമം നൽകുന്ന ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേതനെ തള്ളിയിട്ടു കൊന്ന അതേ കോട്ടയിൽ കൊണ്ടുപോയി മകളെയും താഴേക്ക് തള്ളിയിടണമെന്നാണ് പ്രവീൺ ഗോയൽ ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ വൈകാരികമായ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഒരു പിതാവെന്ന നിലയിൽ മകൾക്ക് വധശിക്ഷ നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും കോടതി ഇതിൽ ഒട്ടും ഇളവ് നൽകരുതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട കേതൻ തനിക്ക് സ്വന്തം മകനെപ്പോലെയായിരുന്നുവെന്നും അവന്റെ വേർപാട് ഇരു കുടുംബങ്ങളെയും തകർത്തുകളഞ്ഞുവെന്നും പ്രവീൺ ഗോയൽ കൂട്ടിച്ചേർത്തു. മകളുടെ അറസ്റ്റ് വിവരം അറിഞ്ഞുണ്ടായ മാനസിക ആഘാതത്തിൽ പ്രവീൺ ഗോയലിനെ നേരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. സിയയ്ക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടായിരുന്നതിനെക്കുറിച്ച് കുടുംബത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. പ്രീ വെഡ്ഡിങ് യാത്രയ്ക്കായി വലിയ തുക ചെലവഴിച്ച് ഇവർ ഷോപ്പിംഗ് നടത്തിയിരുന്നതായും, വിവാഹത്തിന്റെ കാര്യത്തിൽ സിയ സന്തോഷവതിയായിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങൾ പിതാവ് പൂർണ്ണമായും നിഷേധിച്ചു.
ജൂൺ 18-നാണ് പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാൾ കോട്ടയിൽ നിന്ന് വീണ് മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇതൊരു ട്രെക്കിങ് അപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും, സിയയുടെ മൊഴികളിലെ വൈരുദ്ധ്യവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സിയയും അവളുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നടത്തിയ വിവാഹനിശ്ചയം റദ്ദാക്കിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന് ഭയന്നാണ് സിയ കാമുകനൊപ്പം ചേർന്ന് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. പ്രതികൾ രണ്ടുപേരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!


ടൈപ്പിങ് പിഴവ് ചൂണ്ടിക്കാട്ടി അറസ്റ്റ് റദ്ദാക്കി ജാമ്യം നൽകാൻ സാധിക്കുമോ? സുപ്രീംകോടതി വിശാലബെഞ്ചിന് വിടും







