ഡെറാഡൂൺ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു പ്രമുഖ തീർത്ഥാടന കേന്ദ്രത്തിൽ കൂടി സംഭാവന തട്ടിപ്പ് വിവാദം. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദ്‌രിനാഥ് ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണവുമായി ഭൈരവ് സേന എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. വിഷയം കടുത്ത വിവാദമായതോടെ ബദ്‌രിനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (BKTC) ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ബദ്‌രിനാഥ് ക്ഷേത്രത്തിലെ സംഭാവന പെട്ടിയുമായി ബന്ധപ്പെട്ട് സമാനമായ രീതിയിൽ ക്രമക്കേട് വ്യക്തമാക്കുന്ന ചില സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൈരവ് സേന പരസ്യമായ ആരോപണവുമായി എത്തിയത്. ആരോപണവിധേയരായ ജീവനക്കാരിൽ നിന്ന് പ്രത്യേക സമിതി ഉടൻ വിവരശേഖരണം നടത്തും.
അതിനിടെ, സാമ്പത്തിക ക്രമക്കേടിൽ ആരോപണം നേരിടുന്ന ജീവനക്കാരൻ തന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആണെന്ന വാർത്തകൾ നിഷേധിച്ച് ബികെടിസി അധ്യക്ഷൻ ഹേമന്ത് ദ്വിവേദി രംഗത്തെത്തി. ഇയാൾ മുൻ അധ്യക്ഷന്മാരുടെയും പേഴ്‌സണൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള സർക്കാർ ജീവനക്കാരനാണെന്നും, അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയിൽ ചികിത്സ കാത്തുനിൽക്കെ പ്രസവം; നവജാതശിശുവിന് പരിക്ക്
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ഫണ്ടിൽ നടന്ന അഴിമതികൾക്ക് സമാനമായ രീതിയിലാണ് ഭക്തർ നൽകുന്ന പണം ഇവിടെയും ചോരുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. തീർത്ഥാടന കേന്ദ്രങ്ങളിലെ പണം കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയും സുരക്ഷാ വീഴ്ചകളും വീണ്ടും ദേശീയതലത്തിൽ ചർച്ചയാക്കാൻ ഈ പുതിയ വിവാദം കാരണമായിട്ടുണ്ട്.


രാഷ്ട്രീയ തർക്കങ്ങളിലേക്ക് സുപ്രീം കോടതിയെയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്? ഡി.എം.കെക്ക് കോടതിയുടെ കടുത്ത വിമർശനം; വിജയ്ക്കെതിരെയുള്ള ഹർജി പിൻവലിച്ചു







