കൊച്ചി: അമേരിക്കൻ ആസ്ഥാനമായുള്ള കോറോ ഹെൽത്ത് കമ്പനി നടത്തിയ കൂട്ടപ്പിരിച്ചുവിടലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ലേബർ സെക്രട്ടറി തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്, കൊച്ചി, കോഴിക്കോട് ഓഫീസുകളിലെത്തിയ ജീവനക്കാർക്ക് മാനേജ്മെന്റ് പ്രവേശനം നിഷേധിച്ചത്. ഇതോടെ എ.ഐ.ടി.യു.സി അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ ഓഫീസുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി.
തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരം നേരത്തെ നടത്തിയ ചർച്ചകളിൽ, പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം പരസ്യമായി ലംഘിച്ചുകൊണ്ടാണ് ജീവനക്കാരെ ഓഫീസുകളിൽ പ്രവേശിപ്പിക്കാതെ കമ്പനി കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുന്നറിയിപ്പുകളൊന്നുമില്ലാതെ കേരളത്തിലെ രണ്ട് ഓഫീസുകളിലെയും എണ്ണൂറോളം ജീവനക്കാരോട് സിസ്റ്റത്തിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടത്.
പുതിയ ലേബർ കോഡുകൾ പൂർണ്ണമായി പ്രാബല്യത്തിൽ വരാത്ത സാഹചര്യത്തിൽ, നിലവിലുള്ള ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് (1947) പ്രകാരം മുന്നൂറിൽ കൂടുതൽ ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് 3 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരം എന്ന പേരിൽ കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ഈ തുക കൈപ്പറ്റുന്നതോടെ കമ്പനിക്കെതിരെ ഭാവിയിൽ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ജീവനക്കാർക്ക് നഷ്ടപ്പെടുമെന്ന കടുത്ത നിബന്ധനയും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ജീവനക്കാരെ കൂടുതൽ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം: പൂജയുമായി തുടക്കം കുറിച്ച് നിതീഷ് സഹദേവ് ചിത്രം
ഗഡ്കരിയിൽ നിന്ന് അണ്ണാ ഹസാരെയിലേക്കും, ഇന്ന് അഭിജീത് ദീപ്കെയിലേക്കും: ഡൽഹിയുടെ തെരുവുകളിൽ നിന്ന് ഉയരുന്ന പുതിയ ശബ്ദം: ആപ്പ് പോലെ സിജെപിയും ഇജെപിയും, ഈ കണക്കിലുണ്ട് ആ കാര്യങ്ങള്







