സേനയെ ആധുനികവല്‍ക്കരിക്കാനും ഒരൊറ്റ ചരടില്‍ കോര്‍ക്കാനുമുള്ള ചെന്നിത്തലയുടെ ഈ ‘മാസ്സ്’ പ്ലാന്‍ പോലീസ് ചരിത്രത്തില്‍ പുതിയൊരു അധ്യായമാകും; ചരിത്രത്തിലാദ്യം; 1540 സ്റ്റേഷനുകളും ഒരൊറ്റ സ്‌ക്രീനില്‍! ‘മനസ്സിലെ പോലീസ് വിപ്ലവങ്ങള്‍’ വിശദീകരിക്കാന്‍ സേനയെ മൊത്തമായി വിളിച്ച് ചെന്നിത്തല

തിരുവന്തപുരം :കേരള പോലീസിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു ആഭ്യന്തര മന്ത്രിയും ചെയ്യാത്ത വമ്പന്‍ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്ത്.  താഴേത്തട്ടിലുള്ള പോലീസുകാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും താന്‍ കൊണ്ടുവരുന്ന വിപ്ലവകരമായ ‘ഓപ്പറേഷന്‍ തൂഫാന്‍’ ഭരണപരിഷ്‌കാരങ്ങള്‍ നേരിട്ട് വിശദീകരിക്കാനുമായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഒരൊറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അണിനിരത്തി ചെന്നിത്തല മെഗാ യോഗം വിളിക്കുന്നു.  ഡിജിറ്റല്‍ യുഗത്തിലെ ഈ അസാധാരണ നീക്കം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കാക്കി പട. നാളെയാണ് നിര്‍ണ്ണായക ഓണ്‍ലൈന്‍ യോഗം. ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലവും ചര്‍ച്ചകളില്‍ പങ്കെടുക്കും.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഈ ഹൈടെക് യോഗം നിയന്ത്രിക്കുന്നത്. സംസ്ഥാനത്തെ 1540 പോലീസ് സ്റ്റേഷനുകളിലെയും ചുമതലക്കാര്‍ മുഴുവന്‍ ഒരേസമയം ഈ യോഗത്തിന്റെ ഭാഗമാകും.

ഇവര്‍ക്ക് പുറമെ 84 സബ് ഡിവിഷനുകളിലെ ഡിവൈഎസ്പിമാര്‍, 20 എസ്പിമാര്‍, 4 ഡിഐജിമാര്‍, ഐജിമാര്‍ എന്നിവരും എഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരും ഈ ഒരൊറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അണിനിരക്കും. സേനയെ ആധുനികവല്‍ക്കരിക്കാനും ഒരൊറ്റ ചരടില്‍ കോര്‍ക്കാനുമുള്ള ചെന്നിത്തലയുടെ ഈ ‘മാസ്സ്’ പ്ലാന്‍ പോലീസ് ചരിത്രത്തില്‍ പുതിയൊരു അധ്യായമാകും.

വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതല്‍ സ്റ്റേഷനുകളില്‍ നടപ്പിലാക്കാന്‍ പോകുന്ന വന്‍ പരിഷ്‌കാരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മന്ത്രി നേരിട്ട് വിശദീകരിക്കും. 2018-ല്‍ നിര്‍ത്തലാക്കിയ പഴയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (സി.ഐ) സംവിധാനം തിരികെ കൊണ്ടുവരുന്നതും, സാധാരണ സ്റ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് (എസ്.ഐ) വീണ്ടും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഓ) പദവി നല്‍കി കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പാക്കുന്നതുമായ സുപ്രധാന വിവരങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഇതിനായി സംസ്ഥാനത്താകെ 210 സി.ഐ തസ്തികകളാണ് പുതുതായി രൂപീകരിക്കുന്നത്.

മാറിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷാ വെല്ലുവിളികളും നേരിടാന്‍ നിലവിലെ സംവിധാനം അപര്യാപ്തമാണെന്ന് പോലീസ് മേധാവി രാവദ ആസാദ് ചന്ദ്രശേഖര്‍ ഐപിഎസ് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകമായി കണ്ടെത്തിയ 63 പ്രധാന സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ തന്നെ എസ്.എച്ച്.ഓമാരായി തുടരുന്ന ‘ഹൈബ്രിഡ് മാതൃക’ നടപ്പിലാക്കുന്നത്.

കൂടാതെ, ഗ്രേഡ് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് എസ്.ഐ തസ്തികകള്‍ ഇല്ലാതായ മണ്ണന്തല, പൊന്മുടി, കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള 59 സ്റ്റേഷനുകളില്‍ തസ്തികകള്‍ പുനഃസ്ഥാപിക്കുന്ന കാര്യവും മന്ത്രി യോഗത്തില്‍ വ്യക്തമാക്കും.

പുതിയ പരിഷ്‌കാരം വഴി സ്റ്റേഷനുകളിലെ ദൈനംദിന ഫയല്‍ നോക്കലുകളില്‍ നിന്നും ഭരണച്ചുമതലകളില്‍ നിന്നും ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കും. കൊലപാതകം, വന്‍ മോഷണങ്ങള്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ മാത്രം ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ കുറ്റാന്വേഷണ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും.

പുതിയ സര്‍ക്കിള്‍ സംവിധാനം വരുന്നതോടെ പോലീസ് സ്റ്റേഷനുകള്‍ക്ക് മേല്‍ കൃത്യമായ മേല്‍നോട്ടമുണ്ടാകുമെന്നും, അമിത ജോലിഭാരം കുറയുന്നതോടെ ഉദ്യോഗസ്ഥരിലെ മാനസിക സമ്മര്‍ദ്ദത്തിന് വലിയ കുറവുണ്ടാകുമെന്നും ചെന്നിത്തല ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തും.

ഭരണപരമായ ഈ മാറ്റങ്ങള്‍ സുഗമമാക്കാന്‍ രണ്ടു മാസത്തെ ഒരുക്കങ്ങളാണ് നല്‍കിയിട്ടുള്ളത്. എസ്.എച്ച്.ഓമാരാകുന്ന എസ്.ഐമാര്‍ക്ക് രണ്ടാഴ്ചത്തെ പ്രത്യേക റിഫ്രഷര്‍ പരിശീലനവും, പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രത്യേക ഐഡന്റിഫിക്കേഷന്‍ ബാഡ്ജുകളും നല്‍കും. ക്രമസമാധാനം, കുറ്റന്വേഷണം, പ്രൊസിക്യൂഷന്‍ എന്നിവയ്ക്കായി സ്റ്റേഷനുകളില്‍ പ്രത്യേകം അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരെ (എഎസ്‌ഐ) ചുമതലപ്പെടുത്തുന്ന കാര്യവും ഈ മെഗാ യോഗത്തില്‍ മന്ത്രി വിശദീകരിക്കും.

ലഭ്യമാകുന്ന 206 അധിക ഇന്‍സ്പെക്ടര്‍ തസ്തികകളെ സൈബര്‍ സ്റ്റേഷനുകള്‍, ക്രൈം ബ്രാഞ്ച്, നാര്‍ക്കോട്ടിക് സെല്‍, വിജിലന്‍സ് തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് വിങ്ങുകളിലേക്ക് പുനര്‍വിന്യസിക്കുന്നതിലൂടെ സര്‍ക്കാരിന് പുതിയ സാമ്പത്തിക ബാധ്യതയൊന്നും ഉണ്ടാകില്ലെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഒരൊറ്റ ഓണ്‍ലൈന്‍ യോഗത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാരെയും അഭിസംബോധന ചെയ്ത്, അവരുടെ പ്രശ്‌നങ്ങള്‍ കേട്ട്, സേനയെ പുതിയൊരു തലത്തിലേക്ക് എത്തിക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ ഈ നീക്കം വരുംദിവസങ്ങളില്‍ കേരള പോലീസിന്റെ മുഖച്ഛായ തന്നെ പൂര്‍ണ്ണമായി മാറ്റിയെഴുതുമെന്നുറപ്പാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.