‘ട്രംപ് കാർഡ് ’ അല്ല ഏത് കാർഡ് ഇറക്കിയാലും വീഴ്ത്തും ; ബലോഗനെ പൂട്ടി , ക്വാർട്ടറിൽ ബെൽജിയം

ന്യൂയോർക്ക് :‘ട്രംപ് കാർഡിന് ’ കളിക്കളത്തിൽ മറുപടി നൽകി  ബെൽജിയം ക്വാർട്ടറിൽ കയറി. ചുവപ്പ് കാർഡ് കിട്ടിയ അമേരിക്കൻ സ്‌ട്രൈക്കർ ഫൊളാരിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടൽ നടത്തിയത് വൻ വിവാദമായതിന് പിന്നാലെ കളത്തിൽ കണക്ക് തീർത്തു ബെൽജിയം.

ട്രംപ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയോട് ആവശ്യപ്പെട്ടതോടെയാണ് താരത്തിന്റെ സസ്‌പെൻഷൻ നടപ്പാക്കുന്നത് നീട്ടിവെച്ച് അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതി നൽകിയത്. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചു. ഫിഫയുടെ നടപടിയെ വിമർശിച്ച് യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷനും (യുവേഫ) മുൻ

താരങ്ങളും രംഗത്തെത്തിയതോടെ സംഭവം കളത്തിനുപുറത്ത് രാഷ്ട്രീയ വിവാദമായി. ഇതിനിടെ ഫിഫ തീരുമാനത്തെ അഭിനന്ദിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിപ്പുമിട്ടു.അതോടെ ചൊവ്വാഴ്ചത്തെ പ്രീക്വാർട്ടർ മത്സരം ആരാധകർ ആവേശത്തോടെ ഉറ്റുനോക്കുന്നതായി മാറി.

ബലോഗനെ കളിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ ബെൽജിയം ഫുട്ബോൾ ഫെഡറേഷനും രംഗത്തെത്തിയിരുന്നു. ബെൽജിയത്തിന്റെ അപ്പീൽ തള്ളിയതോടെ താരത്തിന് മത്സരത്തിന് ഇറങ്ങാനുള്ള അംഗീകാരമായി. പ്രതീക്ഷിച്ചതുപോലെ ആദ്യഇലവനിൽ തന്നെ ബലോഗൻ ഇടംപിടിച്ചു.

എന്നാൽ കളത്തിൽ മികച്ച പ്രകടനം പുലർത്താൻ താരത്തിന് സാധിച്ചില്ല. ആകെ 19 ടച്ചുകളും മൂന്ന് ഷോട്ടുകളുമാണ് ബലോഗൻ നേടിയത്. ഒറ്റ ഷോട്ട് മാത്രമാണ് പോസ്റ്റിലേക്ക് പോയത്. ഗോളോ അസിസ്‌റ്റോ ആ ബൂട്ടിൽ നിന്ന് പിറന്നതുമില്ല. യുഎസ് സ്‌ട്രൈക്കർ നിരാശപ്പെടുത്തിയെന്ന് മാത്രമല്ല ടീം പടു തോൽവിയിലേക്കെത്തി.

ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ബെൽജിയം അമേരിക്കയെ തകർത്തത്. ആതിഥേയർ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും  ചെയ്തു. ബെൽജിയം ക്വാർട്ടറിലേക്ക് മുന്നേറി. കിക്കോഫ് മുതൽ ആക്രമിച്ചു കളിച്ച ബെൽജിയം മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽതന്നെ യു.എസ്. പ്രതിരോധത്തെ സമ്മർദത്തിലാക്കി.

ചാൾസ് ഡി കെറ്റലാരെയുടെ ഇരട്ട ഗോളുകളും, യു.എസ്. ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ഹാൻസ് വാനാകൻ നേടിയ ഗോളുമാണ് ബെൽജിയത്തെ തുണച്ചത്. ഇൻജുറി ടൈമിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവും വലകലുക്കി ഗോൾപട്ടിക തികച്ചു. യു.എസിനായി മാലിക് ടിൽമാൻ ഫ്രീകിക്കിലൂടെ ഗോൾ നേടി.

ലോകകപ്പിന്റെ നിയമനുസരിച്ച് ചുവപ്പുകാർഡിനെതിരേ അപ്പീൽ അനുവദനീയമല്ല. നേരിട്ടുള്ള റെഡ് കാർഡാണെങ്കിൽ ഒരു മത്സരത്തിൽ വിലക്കെന്നാണ് നിയമം. സാഹചര്യമനുസരിച്ച് ഇത് നീട്ടാം. എന്നാൽ, ഒരു മത്സരത്തിൽമാത്രം വിലക്ക് ലഭിച്ച

ബലോഗന്റെ സസ്‌പെൻഷൻ ഫിഫ ഒരു വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. അതോടെയാണ് വിവിധ കോണുകളിൽ നിന്ന് രൂക്ഷവിമർശനമുണ്ടായത്.

ഇത്തരം നടപടികൾ ടൂർണമെന്റിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് യുവേഫയുടെ പ്രതികരണം. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പുകണ്ട ഇംഗ്ലീഷ് പ്രതിരോധതാരം ജാറെൽ ക്വാൻസയുടെ വിലക്ക് ഫിഫ സസ്‌പെൻഡ് ചെയ്യുമോയെന്ന് ഇംഗ്ലീഷ് പരിശീലകൻ തോമസ് ടുഷേൽ ചോദിച്ചു.

മൂന്നു ഗോളുമായി അമേരിക്കയെ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചത് ബലോഗനാണ്. നോക്കൗട്ടിലെ ആദ്യമത്സരത്തിൽ ബോസ്‌നിയ താരം താരിക് മഹ്‌റാമോവിച്ചിനെ വീഴ്ത്തിയതിനാണ് ബലോഗന് ചുവപ്പുകാർഡ് ലഭിച്ചത്.

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.