മധ്യപ്രദേശ് : ചൂടുസമൂസയോടുള്ള പ്രിയം കാരണം ഒരു ട്രെയിൻ തന്നെ വഴിയിൽ നിർത്തിയിട്ടാലോ? കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും മധ്യപ്രദേശിൽ നിന്നുള്ള ഈ ‘സമൂസ പ്രേമം’ ഇപ്പോൾ റെയിൽവേ അധികൃതരെ അല്പം ചൊടിപ്പിച്ചിരിക്കുകയാണ്. റെയിൽവേ ട്രാക്കിനരികിലെ കടയിൽ നിന്നും സമോസ വാങ്ങാനായി ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
കൈയിൽ ഒരു കവർ സമൂസയുമായി ഒരാൾ ട്രാക്കിലൂടെ നടന്ന് റെയിൽവേ എഞ്ചിനിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായത്. നിമിഷങ്ങൾക്കകം ആളുകൾ ഇതേറ്റെടുക്കുകയും വലിയ ചർച്ചകൾക്ക് വഴിമാറുകയും ചെയ്തു.
ട്രെയിൻ യാത്രക്കാരുടെയും റെയിൽവേയുടെയും സുരക്ഷയെ ബാധിക്കുന്ന രീതിയിൽ, ഒരു പലഹാരം വാങ്ങാൻ വേണ്ടി മാത്രം എഞ്ചിൻ നിർത്തിയിട്ട നടപടിയെ ഗൗരവത്തോടെയാണ് റെയിൽവേ മന്ത്രാലയം കാണുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
പലഹാരം വാങ്ങാൻ കാത്തുനിന്ന ലോക്കോ പൈലറ്റിന് ഡ്യൂട്ടിയിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും, കുറ്റം തെളിഞ്ഞാൽ പൈലറ്റിനെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. എന്തായാലും ഈ സമോസ വാങ്ങൽ പൈലറ്റിന് അത്ര ‘മധുരമുള്ള’ അനുഭവമായിരിക്കില്ല സമ്മാനിക്കുക എന്ന് ഉറപ്പായിക്കഴിഞ്ഞു.
സാറ അർജുൻ ‘നവരസ സാധന’യിൽ









