സുരക്ഷാ സേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജന്തർ മന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ “സൻസദ് ചലോ” മാർച്ചിനിടെ റാപിഡ് ആക്ഷൻ ഫോഴ്സ് (RAF) നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ദില്ലി സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറും മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണറുമായ യശോവർധൻ ആസാദ്, പ്രശാന്ത് കുമാർ സിങ്, ശൈഖ് ഇർശാദ് മൻസൂരി എന്നിവർ ചേർന്ന് നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. ജൂലൈ 20ന് നടന്ന സൻസദ് ചലോ പ്രതിഷേധത്തിനിടെ RAF ജവാന്മാർ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ പരിക്കേറ്റ് ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായെന്നാണ് ഹർജിക്കാർ ബോധിപ്പിച്ചത്. ശരീരത്തിൽ തറച്ച ലോഹ പെല്ലറ്റുകൾ ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തതെന്നും, സമാനമായി പരിക്കേറ്റ മറ്റൊരാളെയും ആശുപത്രിയിൽ കണ്ടതായും ഹർജിക്കാരിലൊരാൾ വ്യക്തമാക്കി.
സീനിയർ അഭിഭാഷക വൃന്ദ ഗ്രോവർ ഹർജിക്കാർക്കായി ഹാജരായി. പെല്ലറ്റ് ഗണ്ണിന്റെ സ്വഭാവം ചൂണ്ടിക്കാട്ടി ഗ്രോവർ വാദിച്ചപ്പോൾ, അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ പോലീസ് ചട്ടങ്ങൾ അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (BPRD) മാർഗരേഖ ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. അതേസമയം, പെല്ലറ്റ് ഗൺ പൂർണമായി നിരോധിക്കണമെന്ന ഹർജിയിലെ ചില ആവശ്യങ്ങൾ അവ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജന്തർ മന്തറിൽ വിന്യസിച്ച RAF-ന്റെ ആയുധപ്രയോഗത്തിന്റെ ആമ്യുനിഷൻ രേഖകൾ (ammunition log) സൂക്ഷിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ദില്ലി സർക്കാരിനോട് കോടതി പ്രത്യേകം നിർദേശിക്കുകയും ചെയ്തു.
ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ ആർഎഎഫിന് ക്ലീൻ ചിറ്റ്
ഇതിനിടെ, ജന്തർ മന്തറിലെ പെല്ലറ്റ് ഗൺ ഉപയോഗത്തിൽ RAF-ന് ക്ലീൻ ചിറ്റ് നൽകുന്നതാണ് സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സേനാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. ഇതിനാൽ ആർഎഎഫ് ഉദ്യോഗസ്ഥനെതിരെ ദില്ലി പൊലീസ് കേസെടുത്താലും തുടർനടപടികൾക്ക് സിആർപിഎഫ് അനുമതി നൽകില്ലെന്നാണ് വിവരം. പ്രോസിക്യൂഷൻ അനുമതി അടക്കം സിആർപിഎഫ് ഡിജി നൽകില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഭയമില്ലാതെ ചുമതലകൾ നിർവഹിക്കണമെന്നും നിയമാനുസൃതമായി പ്രവർത്തിച്ച സേനാംഗങ്ങളെ സംരക്ഷിക്കുമെന്നും സ്ഥാപകദിന സന്ദേശത്തിൽ സിആർപിഎഫ് ഡിജി ജി.പി. സിങ് വ്യക്തമാക്കിയിരുന്നു. ആയുധങ്ങൾ സേനകൾക്ക് നൽകുന്നത് മനോധൈര്യം ഉറപ്പാക്കാനാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും നിരീക്ഷിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതിന് പിന്നാലെയാണ് പെല്ലറ്റ് ഗൺ പ്രയോഗവുമായി ബന്ധപ്പെട്ട ഈ കേസ് സുപ്രീം കോടതിയിൽ എത്തിയത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വൈദ്യുതി ഉപഭോഗം ഉയരുന്നു: ഇന്ന് മുതൽ ജനങ്ങൾ ഇരുട്ടിലാണ്







