ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന വ്യാപകമായ മണ്ണെടുപ്പ് ഇടുക്കിയിലെ നിരവധി കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. ദേശീയപാത വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ വാളറ മുതൽ മൂന്നാർ വരെയുള്ള 40 കിലോമീറ്റർ ഭാഗത്താണ് വലിയ തോതിൽ മണ്ണെടുപ്പ് നടത്തിയിട്ടുള്ളത്. ഇതോടെ പ്രദേശത്തെ മലയോര മേഖലകൾ കനത്ത മണ്ണിടിച്ചിൽ ഭീതിയിലാണ്.
കാലവർഷം കനത്തതോടെ ഏതു നിമിഷവും മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉണ്ടാകാമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കരാർ കമ്പനിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. അപകടസാധ്യതയുള്ള പല മേഖലകളിലും സ്ഥാപിച്ചിട്ടുള്ള സംരക്ഷണ ഭിത്തികൾ ശാസ്ത്രീയമായ രീതിയിലല്ല നിർമിച്ചിട്ടുള്ളതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം അടിമാലി ലക്ഷംവീട് ഉന്നതിയിലുണ്ടായ വലിയ മണ്ണിടിച്ചിലിന് പിന്നിലും ഈ അശാസ്ത്രീയമായ മണ്ണെടുപ്പാണെന്ന് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. എന്നിട്ടും കുറ്റക്കാരായ കരാർ കമ്പനിക്കെതിരെ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികാരികൾ കാണിക്കുന്ന ഈ അവഗണനയിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്.
ജീവിക്കാൻ ഒരൊറ്റ വഴി മാത്രം; ഗതികെട്ട് കെ.എസ്.ആർ.ടി.സി ടയറിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമ; ഉപ്പുതറയിലെ നാടകീയ പ്രതിഷേധം
നിലവിൽ ജീവന് ഭീഷണിയായതോടെ പല കുടുംബങ്ങളും സ്വന്തം വീടുകൾ ഉപേക്ഷിച്ച് വാടകവീടുകളിലേക്ക് മാറാൻ നിർബന്ധിതരായിരിക്കുകയാണ്. ഒരു വലിയ ദുരന്തം ആവർത്തിക്കുന്നതിന് മുൻപായി അടിയന്തരമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ എത്രയും വേഗം ലഭ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.


കണ്ണീരിലും വലിയൊരു നന്മയായി ഏഴുവയസ്സുകാരൻ യാഷ് വാൻ







