പാലക്കാട്: സംസ്ഥാനത്ത് കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടിയതോടെ കോഴിഫാമുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിത്തീറ്റയ്ക്ക് ചാക്കൊന്നിന് 450 രൂപയിലധികമാണ് വർധിച്ചത്. ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ ചെറുകിട-ഇടത്തരം ഫാമുകൾ വലിയ നഷ്ടം നേരിടുകയാണ്. ഇതോടെ ഭൂരിഭാഗം ഫാമുകളും പുതിയ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നത് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
വരും ദിവസങ്ങളിൽ കോഴിയിറച്ചി വില വലിയ തോതിൽ വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. കോഴിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളായ ചോളത്തിനും സോയാപിണ്ണാക്കിനും വിപണിയിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്. കൂടാതെ, പെട്രോളിയം ഇന്ധനങ്ങൾക്ക് പകരമായി എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ വൻതോതിൽ ചോളം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വിപണിയിൽ ചോളത്തിന്റെ ലഭ്യത കുറഞ്ഞതും വില കൂടിയതും.
സീസൺ തുടക്കത്തിൽ കിലോയ്ക്ക് 19-20 രൂപയുണ്ടായിരുന്ന ചോളത്തിന് ഇപ്പോൾ 27.50 രൂപയോളമായി ഉയർന്നു.സോയാപിണ്ണാക്കിന്റെ വിലയും ഏതാണ്ട് ഇരട്ടിയായി മാറിയിട്ടുണ്ട്. മുൻപ് കിലോയ്ക്ക് 35-36 രൂപയായിരുന്നത് ഇപ്പോൾ 75 രൂപയോളമായി വർദ്ധിച്ചു. ഇതിന് പുറമെ പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധികൾ കാരണം അമിനോ ആസിഡ് പോലുള്ള അനുബന്ധ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെ ബാധിച്ചതും തീറ്റ നിർമ്മാണച്ചെലവ് ഉയർത്തി.
ഓണത്തിന് മുൻപേ പച്ചക്കറി വിലയിൽ തീ; അടുക്കളകളിൽ ആശങ്ക
നിലവിൽ പഴയ സ്റ്റോക്കുള്ളതു കൊണ്ടാണ് കമ്പനികൾ തീറ്റവില ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്തുന്നത്. അസംസ്കൃത വസ്തുക്കളുടെ യഥാർത്ഥ വില വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയാൽ കോഴിത്തീറ്റയ്ക്ക് ചാക്കൊന്നിന് ഇനിയും 200 രൂപയിലധികം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
തീറ്റവിലയ്ക്കൊപ്പം കോഴിക്കുഞ്ഞുങ്ങളുടെ വിലയും വർദ്ധിച്ചതോടെ ഫാമുകൾ ശൂന്യമായി കിടക്കുകയാണ്.
വിപണിയിലേക്കുള്ള കോഴികളുടെ വരവ് കുറഞ്ഞതോടെ കോഴിയിറച്ചി വിലയിൽ ഇപ്പോൾ തന്നെ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാൽ വരും ആഴ്ചകളിൽ ഇറച്ചി വില കുത്തനെ ഉയർന്നേക്കും. കോഴിത്തീറ്റയുടെ വില നിയന്ത്രിക്കുന്നതിനായി സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഫാം ഉടമകളുടെയും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും പ്രധാന ആവശ്യം.


എംആർടി മെറ്റൽ മാർട്ട്: ചാലയിൽ നൂറുവർഷം പിന്നിട്ട കട പൂട്ടുന്നു.







