ചില ശബ്ദങ്ങൾ അങ്ങനെയാണ്… കേൾക്കുമ്പോൾ തന്നെ ഓർമ്മകൾ ഒരു മഴത്തുള്ളി പോലെ മനസ്സിലേക്ക് ഇറ്റുവീഴും. നമ്മളറിയാതെ നമ്മെ പഴയൊരു കാലത്തേക്ക്, ഓർമ്മകളുടെ നൊസ്റ്റാൾജിയയിലേക്ക് അത് കൈപിടിച്ചു നടത്തും. സന്തോഷം വന്നാലും സങ്കടം വന്നാലും മലയാളി ഇന്നും ആദ്യം തിരയുന്നത് ആ സ്വരമാധുര്യമാണ്. അതെ, ദശാബ്ദങ്ങളായി മലയാളികളുടെ അന്തരംഗങ്ങളെ സ്പർശിച്ച് നമുക്കായി പാടിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി! സംഗീതലോകത്തിന്റെ പടിയിറങ്ങി അവർ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് ആ ശബ്ദത്തിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞ ഒരുപിടി നല്ല ഗാനങ്ങളും വികാരങ്ങളുമാണ്.
മലയാളിയുടെ ഏത് വൈകാരിക മുഹൂർത്തങ്ങളിലാണ് ജാനകിയമ്മ കൂട്ടിനില്ലാത്തത്? ഉള്ളിൽ സങ്കടം തളംകെട്ടി നിൽക്കുമ്പോൾ ആശ്വാസമായി ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’ എന്ന് അവർ നമുക്കൊപ്പം പാടി. 1980-ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ’ ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന് പാടിയപ്പോൾ മലയാളി മനസ്സിൽ കണ്ണീർമഴ ചാറി. ജോൺസൻ മാസ്റ്ററുടെ ഈണത്തിൽ ‘സ്വർണമുകിലേ…’ എന്ന് കേൾക്കുമ്പോൾ മനസ്സ് ഇന്നും ഇന്നലകളിലേക്ക് പറന്നിറങ്ങും.
സങ്കടങ്ങളിൽ മാത്രമല്ല, നമ്മുടെ പ്രണയത്തിലും ജാനകിയമ്മ ഉണ്ടായിരുന്നു. 1980-ൽ പുറത്തിറങ്ങിയ ‘അങ്ങാടി’ എന്ന ചിത്രത്തിൽ ജയന്റെയും സീമയുടെയും പ്രണയത്തിന് പിന്നിൽ ഒഴുകിയിറങ്ങിയ ‘കണ്ണു കണ്ണും തമ്മിൽ തമ്മിൽ’ എന്ന പാട്ട് നൂറ്റാണ്ടിലെ തന്നെ പ്രണയഗാനങ്ങളുടെ മുൻനിരയിലാണ്. ‘ചാമരം’ എന്ന ചിത്രത്തിലൂടെ ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’ എന്ന് കാതോർത്തിരുന്നപ്പോൾ മലയാളികൾ അത് കേട്ടത് ഹൃദയം കൊണ്ടാണ്. 1983-ലെ ‘ആ രാത്രി’യിലെ ‘കിളിയേ കിളിയേ’, ‘കൂടെവിടെ’യിലെ ‘ആടി വാ കാറ്റേ…’ ഈ പാട്ടുകളില്ലാതെ എന്ത് പ്രണയമാണ്, എന്ത് നൊസ്റ്റാൾജിയയാണ് നമുക്കുള്ളത്!
ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണം: നടപടികൾ കർശനമാക്കി കേരളം, ഇന്ന് റീ-പോസ്റ്റ്മോർട്ടം.
കാമുകിയുടെ മനോനിലയിൽ നിന്ന് മാതൃത്വത്തിന്റെ വാത്സല്യത്തിലേക്ക് മാറാൻ ജാനകിയമ്മയ്ക്ക് നിമിഷങ്ങൾ മതിയായിരുന്നു. താരാട്ടു പാട്ടുകൾ പാടാൻ ആ ശബ്ദത്തിനുള്ള വൈഭവം എടുത്തു പറയേണ്ടതാണ്. 1977-ൽ ‘വിഷുക്കണി’ എന്ന ചിത്രത്തിന് വേണ്ടി പാടിയ ‘മലർ കൊടി പോലെ വർണത്തൊടി പോലെ’ എന്ന ആ താരാട്ടുപാട്ട് കേട്ടുറങ്ങാത്ത മലയാളികൾ ഉണ്ടാവില്ല. ‘ഉണ്ണി ആരാരിരോ’, ‘ആരാരോ ആരിരാരോ’ തുടങ്ങി 2005-ലെ ‘ചാന്തുപൊട്ടി’ലെ ‘ആഴക്കടലിൻ്റെ അങ്ങേക്കരയിലായ്’ എന്ന പാട്ടിൽ വരെ നീളുന്നു ആ മാതൃത്വത്തിന്റെ മാധുര്യം.
1957-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്വിൽ..’ എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. അന്യഭാഷാ ഗായികയായിരുന്നിട്ടും ഉച്ചാരണ ശുദ്ധിയിൽ അവർ വിട്ടുവീഴ്ച കാണിച്ചില്ല. ഭാഷയെ അറിഞ്ഞ് അർഥവും ഉച്ചാരണവും മനസ്സിലാക്കി പാടിയതുകൊണ്ടാണ് അഞ്ചുപതിറ്റാണ്ടുകൾക്കിപ്പുറവും ആ പാട്ടുകൾക്ക് മരണം സംഭവിക്കാത്തത്. ബാബുരാജ്, പി ഭാസ്കരൻ, സലിൽ ചൗധരി, ഇളയരാജ, എം.ജി രാധാകൃഷ്ണൻ, ജോൺസൻ മാസ്റ്റർ… ഇങ്ങനെ എത്രയെത്ര മഹാന്മാരുടെ ഈണങ്ങൾക്കാണ് ജാനകിയമ്മ ജീവൻ നൽകിയത്! 1982-ൽ ഒ.എൻ.വി കുറുപ്പിന്റെ വരികളിൽ ഇളയരാജയുടെ ഈണത്തിൽ പിറന്ന ‘തുമ്പീ വാ തുമ്പക്കുടത്തിൻ’ ദശാബ്ദങ്ങൾക്കിപ്പുറവും ഇന്നും മലയാളിയുടെ ജീവരാഗമാണ്.


അമേരിക്കന്‍ മണ്ണിലെ ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങളിലേക്ക് മോഹന്‍ലാല്‍; സെമിയും ഫൈനലും കാണാന്‍ സൂപ്പര്‍താരവും സംഘവും പറക്കുന്നു







