എം റിജു
പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികള്‍ക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് ഈ കൊടുംകുറ്റവാളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ മനുഷ്യനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ വീണ്ടും നടക്കുകയാണ്. സംസ്ഥാനത്ത് ദീര്‍ഘനാളായി തെളിയപ്പെടാതെ കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കേരള പോലീസ് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുകുമാരക്കുറുപ്പിന്റെ കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പുനരന്വേഷണം.

പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്കാരങ്ങളുമായി സര്‍ക്കാര്‍
1990ന് ശേഷം സുകുമാരക്കുറുപ്പിനെ നേരിട്ട് കണ്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട യാതൊരു തെളിവുകളും കേരള പോലീസിന്റെ പക്കലില്ല. 1980-കളുടെ ഒടുവില്‍ ബൊക്കാറോ ആശുപത്രിയില്‍ വെച്ച് നഴ്സ് രത്നമ്മ കണ്ടതാണ് പോലീസിന് ലഭിച്ച ഏറ്റവും ഒടുവിലത്തെ വിശ്വസനീയമായ സാക്ഷ്യം. എന്നിരുന്നാലും, സുകുമാരക്കുറുപ്പ് 2017-ല്‍ ഗള്‍ഫില്‍ ജീവിച്ചിരുന്നതായും കേരളത്തില്‍ എത്തിയിരുന്നതായും ഉള്ള വെളിപ്പെടുത്തലുകള്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഒരു പരാതിക്കാരനില്‍ നിന്നും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ഈ കേസ് മുന്‍പ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന അലി അക്ബര്‍ എന്ന ഉദ്യോഗസ്ഥനാണ് അടുത്തിടെ ചാനല്‍ അഭിമുഖങ്ങളിലൂടെ വലിയ വെളിപ്പെടുത്തല്‍ നടത്തിയത്.
സുകുമാരക്കുറുപ്പ് മുസ്ലീം പേര് സ്വീകരിച്ച് യു.എ.ഇയില്‍ ഉണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. 2017-ല്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടന്ന മൂന്ന് പ്രധാനപ്പെട്ട കുടുംബ ചടങ്ങുകളില്‍ സുകുമാരക്കുറുപ്പ് രഹസ്യമായി പങ്കെടുത്തതായും, തന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കേരളത്തില്‍ എത്തിയിരുന്നതായും അലി അക്ബര്‍ അവകാശപ്പെട്ടിരുന്നു. റന്‍സിം ഇസ്മയില്‍ എന്ന മറ്റൊരു വ്യക്തിയും സുകുമാരക്കുറുപ്പിനെ ഒടുവില്‍ കണ്ടത് താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. 2007-ലും 2022-ലും കുറുപ്പ് ഒളിവില്‍ കഴിയുന്നതിന്റെ നിര്‍ണ്ണായക തെളിവുകള്‍ താന്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയായതിനെ തുടര്‍ന്ന്, 2017-ല്‍ സുകുമാരക്കുറുപ്പ് കേരളത്തിലെത്തി എന്ന് പറയപ്പെടുന്നതുമായി ബന്ധപ്പെട്ട് അന്ന് തയ്യാറാക്കിയ ആ ‘രഹസ്യ അന്വേഷണ റിപ്പോര്‍ട്ട്’ ഹാജരാക്കാന്‍ ഡിജിപി നിലവില്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നലകിയത്.
പക്ഷേ ഈ അന്വേഷണത്തെക്കുറിച്ചും പൊലീസിനുള്ളില്‍ വലിയ വിവാദങ്ങള്‍ നില്‍നില്‍ക്കയാണ്. കടുത്ത ഹൃദ്രോഗിയായ കുറുപ്പ് 90കളില്‍ തന്നെ മരിച്ചുപോയി എന്ന് ഏതാണ്ട് ഉറപ്പാണ്. ഇന്ന് ജീവിച്ചിരിപ്പുമെണ്ടങ്കില് അയാള്‍ക്ക് 85 വയസ്സുണ്ടാവും. കുറുപ്പിനെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് പറഞ്ഞുവന്ന റിപ്പോര്‍ട്ടുകള്‍ 99.99 ശതമാനവും വ്യാജമായിരുന്നു. എന്നിട്ടും പുന:രന്വേഷണം നടക്കുന്നതിനു പിന്നില്‍, ചില പൊലീസ് ഉദ്യോഗ്സഥര്‍ക്ക് വിദേശ ടൂറടിക്കാനും, ലക്ഷങ്ങള്‍ യാത്രാപ്പടിയിനത്തില്‍ തട്ടാനുമാണെന്നാണ് ആക്ഷേപം.
അസാധാരണ ക്രിമിനല്‍, അടിമുടി വ്യാജന്
കേരള ചരിത്രത്തില്‍ നാളിതുവരെയുണ്ടായതില്‍ ഏറ്റവും അസാധാരണമായ ക്രമിനല്‍ എന്നാണ് സുകുമാരക്കുറുപ്പ് അറിയപ്പെടുന്നത്. പേരില്‍പോലും വ്യാജനാണ് അയാള്‍. യാതൊരു മടിയുമില്ലാത്ത, തുടര്‍ച്ചയായി സാമ്പത്തിക തട്ടിപ്പുകളും ആള്‍മാറാട്ടങ്ങളും നടത്തി പരിചയമുള്ള ഒരു ക്രിമിനല്‍ ബുദ്ധി ചാക്കോ വധക്കേസിന് മുന്‍പ് തന്നെ കുറുപ്പിനുണ്ടായിരുന്നു. ചാക്കോ വധക്കേസ് എന്ന വലിയ ക്രൂരതയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ, സുകുമാരക്കുറുപ്പ് സാമ്പത്തിക ലാഭത്തിനായി വ്യാജരേഖകള്‍ ചമയ്ക്കലും ആള്‍മാറാട്ടവും ഉള്‍പ്പെടെയുള്ള മറ്റ് ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ‘മരണ നാടകം’ ആയിരുന്നു അതില്‍ പ്രധാനം.

സുകുമാരക്കുറുപ്പിന്റെ ആലപ്പുഴ വന്താനത്തെ പണിതീരാത്ത വീട്,
സുകുമാരക്കുറുപ്പിന്റെ യഥാര്‍ത്ഥ പേര് പി. കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ്. യുവാവായിരുന്ന കാലത്ത് ഇയാള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അവിടെയുള്ള കഠിനമായ ജോലി ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ഒരു വഴി കണ്ടെത്തി. താന്‍ മരണപ്പെട്ടു എന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ വ്യാജരേഖകള്‍ ചമച്ചാണ് ഇയാള്‍ അന്ന് എയര്‍ഫോഴ്സ് അധികൃതരെ പറ്റിച്ചതും അവിടെയുള്ള ജോലി അവസാനിപ്പിച്ചതും. എയര്‍ഫോഴ്സ് രേഖകളില്‍ ‘മരണപ്പെട്ട’ ഗോപാലകൃഷ്ണക്കുറുപ്പ് പിന്നീട് നാട്ടിലെത്തി വ്യാജരേഖകള്‍ ചമച്ച് ‘സുകുമാരക്കുറുപ്പ്‘ എന്ന പുതിയ പേരില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചു. ഈ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ അബുദാബിയിലേക്ക് കടന്നതും അവിടെ ഒരു മറൈന്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടിയതും. ചാക്കോയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് തന്നെ ഗള്‍ഫിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയെ പറ്റിച്ച് വലിയൊരു തുക തട്ടിയെടുക്കാന്‍ കുറുപ്പ് ആസൂത്രണം നടത്തിയിരുന്നു. താന്‍ മരിച്ചു എന്ന് കാണിച്ച് ഭാര്യ സരസമ്മ വഴി അക്കാലത്തെ വലിയ തുകയായ 3,01,616 ദിര്‍ഹം (ഏകദേശം 8 ലക്ഷം രൂപ) ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനായിരുന്നു കുറുപ്പിന്റെ പദ്ധതി. ഇതിനായി അബുദാബിയിലെ തന്റെ സ്ഥാപനത്തില്‍ നിന്നും വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ നിര്‍മ്മിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.
ചാക്കോയെ കൊലപ്പെടുത്തുക എന്നത് കുറുപ്പിന്റെ ആദ്യത്തെ പ്ലാന്‍ ആയിരുന്നില്ല. തനിക്ക് പകരം വെക്കാന്‍ ഒരു മൃതദേഹം കണ്ടെത്താനായി ഇയാളും കൂട്ടാളികളും ആദ്യം മെഡിക്കല്‍ കോളേജ് മോര്‍ച്ചറികളില്‍ നിന്ന് മൃതദേഹം വിലയ്ക്കെടുക്കാന്‍ ശ്രമിച്ചു. അത് നടക്കാതെ വന്നപ്പോള്‍ ആലപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും പഴയ ശ്മശാനങ്ങളില്‍ നിന്നും പുതിയ മൃതദേഹങ്ങള്‍ തോണ്ടിയെടുക്കാള് ഇവര്‍ ശ്രമിച്ചു. മൃതദേഹം കിട്ടാതെ വന്നതോടെയാണ് മൂന്നാമത്തെ വഴിയായി ജീവനുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ഇവര്‍ തീരുമാനിച്ചതും അത് ചാക്കോയില്‍ കലാശിച്ചതും.
പക്ഷേ അതൊരു മണ്ടന്‍ പദ്ധതിയായിരുന്നു. ഫോറന്‍സിക്ക് സയന്‍സിനെക്കുറിച്ചോ, ഡിഎന്‍എ പരിശോധനയെക്കുറിച്ചോ, അടിസ്ഥാന ധാരണയുള്ള ആരും ഇതുപോലെ ഒന്ന് ചെയ്യില്ല. താന്‍ എയര്‍ഫോഴ്സില്‍ നടത്തിയ ‘മരണനാടകം’ വിജയിച്ചിതിന്റെ അടിസ്ഥാനത്തില്‍ ഇതും വിജയിക്കുമെന്ന് കുറുപ്പ് കരുതി. അവിടെയാണ് അയാള്‍ക്ക് പിഴച്ചത്.
യാചക- സന്യാസിയായി അന്ത്യം
ഔദ്യോഗിക പോലീസ് റെക്കോര്‍ഡുകള്‍ പ്രകാരം സുകുമാരക്കുറുപ്പ് ഇപ്പോഴും പിടികിട്ടാപ്പുള്ളി മാത്രമാണ്. കുറുപ്പ് മരിച്ചതായി സ്ഥിരീകരിക്കുന്ന യാതൊരു ശാസ്ത്രീയ തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ല.1984 ജനുവരിയില്‍ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം കുറുപ്പ് കേരളത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഈ ഫയലുകള്‍ ക്ലോസ് ചെയ്തിട്ടില്ല.
സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച പ്രമുഖ ഉദ്യോഗസ്ഥനായ ജോര്‍ജ് ജോസഫ് എഴുതിയ ‘കുറ്റവും കുറ്റാന്വേഷണവും സുകുമാരക്കുറുപ്പ് മുതല്‍’ എന്ന പുസ്തകത്തിലും അദ്ദേഹത്തിന്റെ വിവിധ അഭിമുഖങ്ങളിലും വളരെ കൃത്യമായ മറ്റൊരു നിഗമനമാണ് പങ്കുവെക്കുന്നത്. സുകുമാരക്കുറുപ്പ് ഒളിവില്‍ പോയതിന് ശേഷം അധികം വൈകാതെ തന്നെ മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ് ജോര്‍ജ് ജോസഫ് ശക്തമായി വാദിക്കുന്നത്. സുകുമാരക്കുറുപ്പിന് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലം മുതല്ക്കേ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ കൃത്യമായ മെഡിക്കല്‍ രേഖകള്‍ അന്ന് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഒളിവില്‍ പോകുന്ന സമയത്തും കടുത്ത ഹൃദ്രോഗിയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വൈദ്യസഹായവും മരുന്നുകളും ആവശ്യമായിരുന്ന കുറുപ്പിന്, പോലീസിനെ ഭയന്ന് ഒളിവില്‍ കഴിയുമ്പോള്‍ ശരിയായ ചികിത്സ ലഭിക്കാന്‍ സാധ്യതയില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലെവിടെയോ വെച്ച് കുറുപ്പ് മരണപ്പെട്ടിട്ടുണ്ടാകാം എന്നും, തിരിച്ചറിയപ്പെടാത്ത മൃതദേഹമായി എവിടെയെങ്കിലും അത് സംസ്കരിച്ചിട്ടുണ്ടാകാം എന്നുമാണ് അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. മുന്‍പ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കുറുപ്പ് മരണപ്പെട്ടു എന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് എത്തിച്ചേര്‍ന്നതെന്നും, എന്നാല്‍ മൃതദേഹം കണ്ടെത്താനാകാത്തതിനാലാണ് കേസ് സാങ്കേതികമായി ക്ലോസ് ചെയ്യാന്‍ കഴിയാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇതിന് ഉപോല്‍ബലകമായ നിരവധി തെളിവുകള്‍ പൊലീസിന്റെ കൈയിലുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത്, യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ആശുപത്രികളില്‍ കുറപ്പ്, ജോഷി എന്ന പേര് മാറ്റി ചികിത്സതേടിയതിന് പൊലീസിന് തെളിവുണ്ട്. ജോഷി എന്ന് പേരുമാറ്റി, കാഷയമണിഞ്ഞ് ഒരു സന്യാസിയുടെ വേഷത്തിലാണ് കുറുപ്പിന്റെ യാത്രയെന്നും, സ്ഥിരീകരണമുണ്ട്. നോര്‍ത്തില്‍ സന്യാസിവേഷത്തില്പോയാല് ടിക്കറ്റ് എടുക്കേണ്ട കാര്യം പോലും വരുന്നില്ല. പ്രമുഖ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, ട്രെയിനിലാണ് ഇയാള്‍ കയറുക. എന്നിട്ട് ജില്ലാ ആശുപത്രികളില്‍ തന്റെ കൈയിലുള്ള രേഖകള്‍ കാണിച്ച് അഡ്മിറ്റാവും. സര്‍ക്കാര്‍ ആശുപത്രിയായതിനാല്‍ ഭക്ഷണവും അവിടെനിന്ന് കിട്ടും. അങ്ങനെ കൂടുമ്പോഴവും ഏതെങ്കിലും ഒരു മലയാളി നഴ്സിനെയോ മറ്റോ കാണുക. ഉടനെ അവിടെനിന്ന് മുങ്ങും.
1980-കളുടെ ഒടുവില്‍ ജാര്‍ഖണ്ഡിലെ ബൊക്കാറോ ആശുപത്രിയില്‍ ‘ജോഷി’ എന്ന പേരില്‍ കുറുപ്പ് ചികിത്സ തേടിയതത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു. ഐ.സി.യു-വില്‍ പ്രവേശിപ്പിക്കേണ്ടി വന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.അവിടെവെച്ച് രത്നമ്മ എന്ന നഴ്സ് കുറുപ്പിനെ കണ്ടു. താന്‍ ചെറിയനാട് (കുറുപ്പിന്റെ ജന്മസ്ഥലത്തിനടുത്ത്) സ്വദേശിയാണെന്നും കുറുപ്പിന്റെ പിതാവിനെ അറിയാമെന്നും പറഞ്ഞതോടെ അദ്ദേഹം പരിഭ്രാന്തനായി. തുടര്‍ന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയ ഉടന്‍ തന്നെ, കുറച്ചു മണിക്കൂറുകള്‍ക്കകം കുറുപ്പ് അവിടെനിന്ന് മുങ്ങുകയായിരുന്നു.
അതിനുശേഷം കൃത്യമായ ചികിത്സയോ മരുന്നോ ലഭിക്കാതെ, പരമാവധി ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ (അതായത് 1990-ന് മുന്‍പ് തന്നെ) കുറുപ്പ് മരണപ്പെട്ടിട്ടുണ്ടാകും എന്നാണ് ഈ കേസ് അന്വേഷിച്ച മുതിര്‍ന്ന ഉദ്യോഗ്സഥര്‍ പറയുന്നത്. കുറുപ്പിന്റെ ചികില്‍സാരേഖകള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത് ഇയാള്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല എന്നാണ്. തുടര്‍ച്ചയായ വൈദ്യസഹായവും ജീവന്‍രക്ഷാ മരുന്നുകളും കൃത്യമായി കഴിച്ചാല്‍ മാത്രം ജീവന് നിലനിര്‍ത്താന്‍ കഴിയുന്ന ഒരു രോഗിയായിരുന്നു ആ ക്രിമിനല്‍. പോലീസിനെ ഭയന്ന് നിരന്തരം ഒളിവില്‍ കഴിയേണ്ടി വരിക, വ്യാജപ്പേരുകളില്‍ ജീവിക്കുക, കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുക എന്നിവയൊക്കെ ഒരു ഹൃദ്രോഗിയുടെ ആയുസ്സ് വീണ്ടും കുറയ്ക്കുമെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ അന്ന് പോലീസിന് സൂചന നല്‍കിയിരുന്നു. യാചക- സന്യാസി വേഷത്തില്‍ ഏതെങ്കിലും തെരുവോരത്ത് മരിച്ചാല്‍ അന്നത്തെ രീതി അനുസരിച്ച് അജ്ഞാത മൃതദേഹമായി സംസ്ക്കാരിക്കപ്പെട്ടിട്ടുണ്ടാവുമെന്നാണ്, ഈ കേസ് പഠിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.
അനുഭവിച്ചത് കുറുപ്പിന്റെ കുടുംബം
സുകുമാരക്കുറുപ്പ് ചെയ്ത ക്രൂരതകള്‍ക്കെല്ലാം പരോക്ഷമായി അനുഭവിച്ചത്, അയാളുടെ കുടുംബമാണ്. ശരിക്കും സാമൂഹിക ഒറ്റപ്പെടലിലൂടെയാണ് അവര്‍ കടന്നുപോയത്. കൊലപാതക ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയെയും, അവരുടെ സഹോദരന് ശിവദാസനെയും പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള കുറ്റം കോടതിയില്‍ തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് തെളിവുകളുടെ അഭാവത്തില്‍ ഇവരെ രണ്ടുപേരെയും കോടതി വെറുതെ വിട്ടു. പക്ഷേ ജനം അവരോട് പൊറുത്തില്ല. നാട്ടില്‍ അവര്‍ സാമൂഹികമായി ഒറ്റപ്പെട്ടു. ഒരു മംഗള കര്‍മ്മത്തിനും ക്ഷണിക്കപ്പെടാന്‍ കഴിയാത്ത രീതിയില്‍ തീര്‍ത്തും വെറുക്കപ്പെട്ടവരായി മാറി.

ഗള്‍ഫില്‍ നിന്നും സമ്പാദിച്ച പണം ഉപയോഗിച്ച് സുകുമാരക്കുറുപ്പ് തന്റെ മകളുടെ പേരില്‍, ജന്മനാടായ ആലപ്പുഴ ചെറിയനാട് നിര്‍മ്മിച്ച ആഡംബര വീടായിരുന്നു സ്മിത ഭവന്. കുറുപ്പ് ഒളിവില്‍ പോവുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ, കോടതി ഉത്തരവ് പ്രകാരം റവന്യൂ വകുപ്പ് ഈ വീടും അതിനോട് ചേര്‍ന്നുള്ള സ്ഥലവും കണ്ടുകെട്ടി. ഇതോടെ ഭാര്യ സരസമ്മയ്ക്കും മക്കള്‍ക്കും ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ബന്ധുക്കളുടെയും മറ്റും സഹായത്തോടെ വളരെ ദയനീയമായ സാഹചര്യത്തിലാണ് പിന്നീട് ഈ കുടുംബം ജീവിച്ചത്. വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്ന ആ ആഡംബര വീട് പിന്നീട് പൂര്‍ണ്ണമായും തകരുകയും കാടുമൂടി നശിക്കുകയും ചെയ്തു. നാട്ടുകാര്‍ ആ വഴിക്കുപോലും നടക്കാതായി. ഒടുവില്‍ ‘കുറുപ്പിന്റെ ശാപ വീട്’ എന്ന പേരില്‍ ഇതൊരു പ്രേതാലയമായി മാറി. പക്ഷേ ഈ സമയത്തും കുറപ്പ് അവര്‍ക്ക് പണം അയച്ചുകൊടുക്കുന്നുണ്ട് എന്ന വ്യാജ പ്രചാരണം നാട്ടിലുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും തങ്ങളുടെ ഏക ജീവനമാര്‍ഗ്ഗമായ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്നും കാണിച്ച് കുറുപ്പിന്റെ മക്കള്‍ കോടതിയെ സമീപിച്ചു. സുകുമാരക്കുറുപ്പ് ചെയ്ത തെറ്റിന് നിരപരാധികളായ മക്കള്‍ അനുഭവിക്കേണ്ടതില്ല എന്ന മാനുഷിക പരിഗണന മുന്‍നിര്‍ത്തി, വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി ഈ സ്വത്തുക്കളുടെ മേലുള്ള ജപ്തി നടപടികള്‍ ഭാഗികമായി ഒഴിവാക്കി നല്കി. തകര്‍ന്നുകിടന്ന ആ പഴയ വീട് പിന്നീട് കുടുംബാംഗങ്ങള്‍ പൊളിച്ചുമാറ്റുകയും, ആ സ്ഥലം വൃത്തിയാക്കി പുതിയ ചില നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തു.
കേസിനെ തുടര്‍ന്ന് അമ്മയുടെ അബുദാബിയിലെ നഴ്സിംഗ് ജോലി നഷ്ടപ്പെടുകയും അതോടെ സാമ്പത്തികമായി തകരുകയും ചെയ്തു. സുകുമാരക്കുറുപ്പിന്റെ മക്കള്‍ വളരെ ദയനീയമായ സാഹചര്യങ്ങളിലാണ് വളര്‍ന്നത്. കുറുപ്പിന്റെ ഇളയ മകന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്, ‘സംഭവം നടക്കുമ്പോള്‍ താന്‍ വളരെ ചെറിയ കുട്ടിയായിരുന്നു എന്നും, അച്ഛനെക്കുറിച്ച് ഓര്‍മ്മകള്‍ പോലുമില്ല’ എന്നുമാണ്. അച്ഛന്റെ ഈ ഒരൊറ്റ ക്രൂരത കാരണം തങ്ങള്‍ അനുഭവിച്ചത് വലിയ പ്രശ്നങ്ങളും ദാരിദ്ര്യവുമാണെന്ന് മക്കള്‍ വ്യക്തമാക്കുന്നു. മുമ്പൊക്കെ എവിടെപ്പോയാലും പൊലീസ് ഇവരുടെ പിറകില്‍ ഉണ്ടാകുമായിരുന്നു. മുന്‍പ് കുറുപ്പിന്റെ മക്കളുടെ വിവാഹം നടന്ന സമയത്തൊക്കെ, സുകുമാരക്കുറുപ്പ് വേഷം മാറി നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന് കരുതി പോലീസ് വന്‍ സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
പക്ഷേ, അച്ഛന്റെ തണലോ സ്വത്തോ ഇല്ലാതെ വളര്‍ന്ന കുറുപ്പിന്റെ രണ്ട് മക്കളും സ്വന്തം കഠിനാധ്വാനത്തിലൂടെ നല്ല നിലയില്‍ എത്തിച്ചേര്‍ന്നു. മൂത്ത മകന് ബിസിനസ്സ് രംഗത്തും ഇളയ മകന് ഗള്‍ഫില്‍ നല്ലൊരു ജോലിയിലുമാണ് ഉള്ളത്. രണ്ട് മക്കളും വിവാഹിതരായി സ്വന്തം കുടുംബങ്ങളുമായി സമാധാനപരമായി ജീവിക്കുന്നു.കുടുംബവും മാധ്യമങ്ങളില്‍ നിന്നും പൊതു ചര്‍ച്ചകളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞുമാറാനാണ് ആഗ്രഹിക്കുന്നത്.
ദയനീയമായ അന്ത്യമായിരുന്നു കേസിലെ മറ്റ് പ്രതികള്‍ക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഭാസ്കരപിള്ളയ്ക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ച ശേഷം ഇയാള്‍ പിന്നീട് ജയില്‍ മോചിതനായി. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മരണപ്പെടുകയും ചെയ്തു. അവസാനകാലത്ത് അമിത മദ്യപാനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ഇയാള്‍ ദുരിതത്തിലായിരുന്നു. മൂന്നാം പ്രതിയായ കുറുപ്പിന്റെ ഡ്രൈവര്‍ ശങ്കരപ്പിള്ളക്കും കോടതി ജീവപര്യന്തം തടവുശിക്ഷ നല്കി. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ഇയാള്‍ ജയിലിനുള്ളില്‍ വെച്ച് തന്നെ മരിച്ചു.നാലാം പ്രതിയായ കുറുപ്പിന്റെ ഗള്‍ഫിലെ ഓഫീസിലെ വിശ്വസ്തനായിരുന്ന ചാലക്കുടി സ്വദേശി ചാക്കോയെയും കോടതി ശിക്ഷിച്ചിരുന്നു (കൊല്ലപ്പെട്ട ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയുടെ പേരുതന്നെയയാണ് ഇയാള്ക്കെന്നതും വിധിവൈപരീത്യം) അബുദാബിയില്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള ഗൂഢാലോചന കുറ്റത്തിനായിരുന്നു ശിക്ഷ.
വീണ്ടും ‘കുറുപ്പ് ടൂറിസം’
പക്ഷേ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിച്ചത്, കുറപ്പ് ബന്ധുക്കള്‍ക്ക് ഒക്കെ പണം അയക്കുന്നു എന്നായിരുന്നു. അവിടെ വന്നുപോവുന്നുവെന്നും പ്രചാരണം ഉണ്ടായി. പക്ഷേ ഇതെല്ലാം തെറ്റായിരുന്നു. രഹസ്യപ്പോലീസ് വര്‍ഷങ്ങളോളം കുറുപ്പിന്റെ കുടുംബത്തിന്റെ പിന്നാലെയുണ്ടായിരുന്നു. 90നുശേഷം കുറുപ്പിനെ കണ്ടുവെന്ന് പറയുന്ന ജനുവിനായ ഒരു തെളിവും കിട്ടിയിട്ടില്ല.
കേരളാ പൊലീസില്‍ പണ്ടേയുള്ള ഒരു രഹസ്യപ്പേരാണ് ‘കുറുപ്പു ടുറിസം’ എന്ന് പറയുന്നത്. അന്നത്തെ പൊലീസ് ഉദ്യോഗസ്ഥന്മാര്ക്ക്, ഗള്‍ഫ്യാത്ര നടത്താനുള്ള ഒരു അവസരമായിരുന്നു കുറുപ്പിനെ വിദേശത്തു കണ്ടുഎന്ന വാര്‍ത്തകള്‍. കേരള പോലീസിന്റെ ചരിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും കൂടുതല്‍ യാത്രാപ്പടിയും വിദേശ യാത്രാ അനുമതിയും ലഭിച്ച കേസുകളില്‍ ഒന്നാണിത്.സുകുമാരക്കുറുപ്പിനെ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ കണ്ടുവെന്ന തരത്തില്‍ നിരവധി അജ്ഞാത സന്ദേശങ്ങളും കത്തുകളും അക്കാലത്ത് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി.എന്നാല്‍ ഈ യാത്രകളില്‍ ഭൂരിഭാഗവും വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. പകരം, സുകുമാരക്കുറുപ്പിന്റെ പേര് പറഞ്ഞ് ഔദ്യോഗിക ചിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരു അവസരമായി ചില ഉദ്യോഗസ്ഥര്‍ ഇതിനെ മാറ്റിയിരുന്നു. റിട്ടയേഡ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ ഇക്കാര്യം തുറന്ന് സമ്മതിക്കുന്നുണ്ട്.
ഇപ്പോള്‍ സുകുമാരക്കുറുപ്പ് കേസ് വീണ്ടും അന്വേഷിക്കുന്നതിന് പിന്നിലും, ഇതേ വിദേശയാത്രാമോഹമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗ്ഥരില് നിന്നുതന്നെ വിമര്‍ശനം വരുന്നുണ്ട്. കേരളാ പൊലീസില്‍ നിലനില്‍ക്കുന്ന ചേരിപ്പോരും ഇതിന്റെ പിന്നിലുണ്ട്. സുകുമാരക്കുറുപ്പിനായി കോടികളാണ് കേരളാ പൊലീസ് ചെലവിട്ടത്. 80കളിലൊക്കെ കുറുപ്പിനെ കണ്ടുവെന്ന് പറഞ്ഞ്, ആയിക്കണക്കിന് കത്തുകളാണ് കേരളാപൊലീസിന് കിട്ടിയത്. അതൊക്കെ പൂര്‍ണ്ണമായും വായിച്ചുനോക്കാന്‍പോലും പൊലീസിന് പറ്റിയിട്ടുണ്ടായിരുന്നില്ല. സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള നിരപരാധികളായ ആയിരക്കണക്കിന് ആളുകളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും സംശയത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.പിടിക്കപ്പെട്ടവരില്‍ പലരും ദിവസങ്ങളോളം ക്രൂരമായ ലോക്കപ്പ് മര്‍ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ വിദേശത്ത് വെച്ച് പോലും ചില നിരപരാധികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സുകുമാരക്കുറുപ്പാണെന്ന് തെറ്റിദ്ധരിച്ച് ഗുജറാത്തിലും മുംബൈയിലും വെച്ച് സന്യാസിമാരെയും സാധാരണക്കാരെയും പോലീസ് പിടികൂടിയിരുന്നു. പിന്നീട് വിരലടയാളവും മറ്റ് രേഖകളും പരിശോധിച്ച ശേഷമാണ് ഇവര്‍ കുറുപ്പല്ലെന്ന് സ്ഥിരീകരിച്ച് വിട്ടയച്ചത്. അന്ന് പൊലീസുകാര്‍ക്ക് ടൂറടിക്കാനുള്ള ഒരു നല്ല വഴിയായിരുന്നു കുറുപ്പ് ഭീതി. അതിന്റെ മറവില്‍ ചില ഉദ്യോഗസ്ഥര്‍ വിദേശയാത്രകള്‍ ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ഒട്ടും വിശ്വസനീയമല്ലാത്ത മൊഴികളുടെ പശ്ചാത്തലത്തില്‍ കുറുപ്പുകേസ് കുത്തിപ്പൊക്കുന്നത്, വീണ്ടും ലക്ഷങ്ങള്‍ പൊടിച്ചുള്ള വിദേശയാത്രക്കാണെന്നും പൊലീസിന് അകത്തുനിന്നുതന്നെ ആരോപണം ഉയരുന്നുണ്ട്.
കുടുംബത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടന്നിട്ടില്ല അതുകൊണ്ട് അയാള്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ വാദങ്ങളാണ് ഗൂഡാലോചകര്‍ ഉയര്‍ത്തുന്നത്. കുറുപ്പ് ഒളിവില്‍ പോയ ഈ 42 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ പേരില്‍ അത്തരം യാതൊരുവിധ മരണാനന്തര ചടങ്ങുകളും കുടുംബത്തില്‍ നടന്നിട്ടില്ല എന്നത് സത്യമാണ്. അത് പൊലീസിനെപ്പോലെ തന്നെ കുറുപ്പ് മരിച്ചുവെന്ന് ബന്ധുക്കള്‍ക്കും ഒരു വിവരവും കിട്ടാത്തതുകൊണ്ടാണ്. മാത്രമല്ല, കുറുപ്പ് എന്നത് ഇന്ന് മക്കള്‍ക്കുപോലും വെറുക്കപ്പെട്ട മനുഷ്യനാണ്. അയാളുടെ ചടങ്ങുകള്‍ക്ക് ആര്‍ക്കാണ് താല്‍പ്പര്യമുണ്ടാവുക. മാത്രമല്ല ഇന്ന് ജീവിച്ചിരിക്കയാണെങ്കില്‍ കുറുപ്പിന് 85 വയസ്സെങ്കിലും ഉണ്ടാവും. ഒരു കടുത്ത ഹൃദ്രോഗി ഇതുവരെയൊന്നും നില്‍ക്കില്ല എന്നുറപ്പാണ്. എന്നിട്ടും കുറേ ലക്ഷങ്ങള്‍ പൊടിക്കാന്‍ വീണ്ടുമൊരു അന്വേഷണ പ്രഹസനം വരികയാണ്.
വാല്‍ക്കഷ്ണം: പണ്ട്, വിരോധമുള്ളവരെ കുടുക്കാനുള്ള ഏറ്റവും നല്ല പരിപാടിയിരുന്നു അയാള്‍ സുകുമാരക്കുറുപ്പാണെന്ന് പറഞ്ഞുപരത്തല്‍. രാഷ്ട്രീയക്കാരും, ചില പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ ഇത് നന്നായി മുതലെടുത്തിട്ടുമുണ്ട്. അണ് എക്കൗണ്ടബിളായി കുറുപ്പ് വേട്ടക്ക് ചിലവാക്കിയ പണത്തിനും കണക്കില്ല.


ഐഫോണിൽ ‘സിരി എഐ’ എത്തിപ്പോയി ; ഇത് ChatGPT-യെ വെല്ലാനുള്ള ആപ്പിളിൻ്റെ പുതിയ അടവ്; iOS 27 ബീറ്റ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം!







