പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങി ഇന്ത്യ. പ്രതിരോധരംഗത്ത് ഇതിനോടകം തന്നെ നിരവധി നേട്ടങ്ങളാണ് ഭാരതം സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം സ്ട്രാറ്റോസ്ഫെറിക് നിരീക്ഷണ സാങ്കേതികവിദ്യയിൽ സ്വന്തം സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി എയർഷിപ്പ് വികസിപ്പിക്കാനുള്ള നീക്കം തുടങ്ങി. എയർഷിപ്പ് അധിഷ്ഠിത ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ് (AS-HAPS) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 15,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വ്യോമസേനയുടെ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ് (റിമോട്ട്) ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. 70 ശതമാനം വികസന ചെലവും കേന്ദ്ര സർക്കാർ വഹിക്കുന്ന മേക്ക്-ഐ (Make-I) സംഭരണ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞത് രണ്ട് സ്വകാര്യ പങ്കാളികളെയെങ്കിലും സാങ്കേതിക, സാമ്പത്തിക ശേഷി വിലയിരുത്തി തിരഞ്ഞെടുക്കാനാണ് പദ്ധതി. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5 ആണ്.
ഭൂമിയിൽ നിന്ന് 20 കിലോമീറ്ററിലധികം ഉയരത്തിൽ, ഡ്രോണുകൾക്കും (ഏകദേശം 12 കിലോമീറ്റർ) ഉപഗ്രഹങ്ങൾക്കും (500-2,000 കിലോമീറ്റർ) ഇടയിലുള്ള നിർണായക വിടവ് നികത്താനാണ് ഈ ആകാശക്കപ്പലുകൾ ലക്ഷ്യമിടുന്നത്. ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു നിശ്ചിത പ്രദേശത്തിന് മുകളിൽ മാസങ്ങളോളം സ്ഥിരമായി നിലയുറപ്പിക്കാൻ ഇവയ്ക്ക് കഴിയും. ഒപ്റ്റിക്കൽ നിരീക്ഷണം, ഇലക്ട്രോണിക് രഹസ്യാന്വേഷണം, ദീർഘദൂര ആശയവിനിമയം എന്നിവയ്ക്കൊപ്പം ക്യാമറ, തെർമൽ ഇമേജിംഗ്, നൈറ്റ് വിഷൻ ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തും.
ചൈനയുടെ ചാര ബലൂണുകൾ ലോകമെമ്പാടും വിവിധ രാജ്യങ്ങൾക്ക് മുകളിലൂടെ കടന്നുപോയതായി റിപ്പോർട്ടുകളുണ്ട്. ഇത്തരമൊരു ബലൂൺ അമേരിക്ക നേരത്തെ വെടിവെച്ചിട്ടിരുന്നു. ഇന്ത്യക്ക് മുകളിലും സമാന ബലൂണുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കത്തിന് പ്രാധാന്യമേറുന്നത്.
സാങ്കേതികവിദ്യയുടെ അടിസ്ഥാന സാധ്യത ഇന്ത്യ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. 2025 മേയിൽ മധ്യപ്രദേശിലെ ഷിയോപൂരിൽ ഡിആർഡിഒ (DRDO) പരീക്ഷണാടിസ്ഥാനത്തിൽ ഒരു സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് 17 കിലോമീറ്റർ ഉയരത്തിലേക്ക് വിജയകരമായി പറത്തിയിരുന്നു. ആഗ്രയിലെ എയരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADRDE) വികസിപ്പിച്ച ഈ എയർഷിപ്പ് 62 മിനിറ്റ് നീണ്ട പരീക്ഷണ പറക്കലിൽ വിവരശേഖരണം നടത്തിയിരുന്നു.
നിലവിൽ ഇന്ത്യ, അമേരിക്ക, ചൈന, യുകെ, ജപ്പാൻ, ജർമനി, ഫ്രാൻസ്, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സമാന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിർത്തി നിരീക്ഷണത്തിനും സമുദ്ര നിരീക്ഷണത്തിനും ആശയവിനിമയ ശൃംഖലകൾക്കും പുറമെ, ആഗോള പ്രതിരോധ കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
ലക്ഷ്യം അതിർത്തിയിലെ ഭീകരത, മുഴക്കം ലോകമെങ്ങും; ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് മെൽബണിൽ മോദി
ലക്ഷ്യം അതിർത്തിയിലെ ഭീകരത, മുഴക്കം ലോകമെങ്ങും; ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ച് മെൽബണിൽ മോദി









