മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾക്ക് വഴിതെളിച്ച് ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാകുന്നതായി വിവരം. പാർട്ടിയിലെ ആഭ്യന്തര കലഹത്തിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും ഒരു വശത്തും, പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മറുഭാഗത്തുമായി തിരിഞ്ഞിരിക്കുകയാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിലും കാര്യങ്ങൾ ശാന്തമല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്.
ബുധനാഴ്ച രാത്രി വൈകി എൻസിപിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തത്കരെയും ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണപക്ഷത്തെ എൻസിപി നേതാക്കൾ മാത്രമല്ല മുഖ്യമന്ത്രിയെ സന്ദർശിച്ചത്, ശരദ് പവാർ പക്ഷത്തെ പ്രമുഖ നേതാവായ ജയന്ത് പാട്ടീലും ഇതേ സമയത്ത് മുഖ്യമന്ത്രിയുടെ വസതിയിലെത്തി. ഇത് വലിയ രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വഴിതുറന്നതിനു തൊട്ടുപിന്നാലെ, അജിത് പവാറിന്റെ മകനും പാർട്ടി എംപിയുമായ പാർഥ് പവാറും വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വർഷ ബംഗ്ലാവിലെത്തി അദ്ദേഹത്തെ കണ്ടു. എൻഡിഎയുമായുള്ള ലയന സാധ്യത, ധനകാര്യ വകുപ്പ്, മന്ത്രിസഭാ വികസനം എന്നിവയായിരുന്നു ചർച്ചാവിഷയങ്ങളെന്നാണ് സൂചന.
രണ്ട് എതിർ ചേരികളിലെ നേതാക്കൾ രാത്രിയിൽ ഒരേസമയം മുഖ്യമന്ത്രിയെ കണ്ടത് യാദൃശ്ചികമാകില്ലെന്നാണ് വിലയിരുത്തൽ. രണ്ട് എൻസിപി വിഭാഗങ്ങളും തമ്മിൽ ലയിക്കാൻ പോകുന്നു എന്ന രീതിയിലുള്ള വാർത്തകളും ഇതോടെ ശക്തമായി.
എന്നാൽ, അജിത് പവാർ ജീവിച്ചിരുന്നപ്പോൾ അത്തരം ചർച്ചകൾ നടന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ആ നീക്കങ്ങൾ പൂർണമായും നിലച്ചു എന്നാണ് സുനിൽ തത്കരെ പറയുന്നത്.
അതേസമയം, പ്രഫുൽ പട്ടേലും സുനിൽ തത്കരെയും എൻസിപി (ശരദ് പവാർ) വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കളുമായി ചേർന്ന് എൻഡിഎ മുന്നണിയിലേക്ക് മാറാൻ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ തങ്ങൾ ഇന്ത്യ മുന്നണിക്കൊപ്പമാണെന്ന് വ്യക്തമാക്കി ശരദ് പവാർ പക്ഷത്തെ എംപിയായ സുപ്രിയ സുളെ ഈ വാർത്തകൾ പൂർണമായും നിഷേധിച്ചു.
കൂടിക്കാഴ്ചകളെക്കുറിച്ച് ഇരുവിഭാഗവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രഫുൽ പട്ടേലുമായി ഫഡ്നാവിസ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പുതിയ സംഭവവികാസങ്ങളാണ് പാർഥ് പവാറുമായുള്ള ചർച്ചയിൽ ഉയർന്നുവന്നതെന്നാണ് സൂചന. പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മുഖ്യമന്ത്രിയെ കണ്ടത് എൻസിപി നേതൃത്വത്തെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി അധ്യക്ഷയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ സുനിൽ തത്കരെയിൽ നിന്ന് വിശദീകരണം തേടി. രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നില്ലെന്നും അതുകൊണ്ട് സുനേത്ര പവാറിനെ മുൻകൂട്ടി വിവരമറിയിക്കേണ്ട കാര്യമില്ലെന്നും ആയിരുന്നു തത്കരെയുടെ പ്രതികരണം.
പാർട്ടിയിൽ പാർഥ് പവാറിന്റെ വളർച്ചയിലും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിലും പ്രഫുൽ പട്ടേലിനും സുനിൽ തത്കരെക്കും കടുത്ത അതൃപ്തിയുണ്ട്. അജിത് പവാർ വിമാനാപകടത്തിൽ മരണപ്പെട്ടതിനെത്തുടർന്നാണ് സുനേത്ര പവാർ ഉപമുഖ്യമന്ത്രി പദത്തിലെത്തിയത്. അവർ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവിലാണ് പാർഥ് പവാറിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. അജിത് പവാറിന്റെ മരണത്തിനു ശേഷം സുനേത്ര പവാർ പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നതോടെ, നേതൃത്വത്തിലേക്ക് കണ്ണുവച്ചിരുന്ന പട്ടേലും തത്കരെയും പാർട്ടിയിൽ പൂർണമായും ഒറ്റപ്പെട്ടിരുന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വടകരയിലെ MDMA കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ







