വിനോദ് ജോസഫ്
ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷനെ കണ്ടെത്താനുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അപ്രതീക്ഷിത പേരുകളും പുതിയ രാഷ്ട്രീയ നീക്കങ്ങളും സജീവമാകുന്നു. മന്ത്രിയായി തുടരുന്നതിനേക്കാള്‍ കെ.പി.സി.സി. പ്രസിഡന്റായി പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്പര്യമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയതാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചത്. ആവശ്യമായി വന്നാല്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന നിലപാടിലാണ് അദ്ദേഹം. ഇതോടെ കെ.പി.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വന്‍ സര്‍െ്രെപസുകള്‍ക്ക് സാധ്യതയേറി.
സണ്ണി ജോസഫിന്റെ നീക്കത്തിന് പുറമെ മുതിര്‍ന്ന നേതാവ് എം.എം. ഹസന്റെ പേരും അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. അതിനിടെ, രമേശ് ചെന്നിത്തല തന്റെ വിശ്വസ്തനായ ജോസഫ് വാഴക്കന് വേണ്ടി ശക്തമായി രംഗത്തെത്തിയതും ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കളുടെ അവകാശവാദങ്ങളും ശക്തമായതോടെ ഹൈക്കമാന്‍ഡ് അവസാനവട്ട ചര്‍ച്ചകള്‍ വേഗത്തിലാക്കി. വി.ഡി. സതീശന്റെ അഭിപ്രായം മാത്രം ഇക്കാര്യത്തില്‍ നിര്ണ്ണായകമാകില്ലെന്ന വ്യക്തമായ സൂചനയാണ് എ.ഐ.സി.സി. നല്‍കുന്നത്.
മണലാരണ്യത്തിൽ നിന്ന് ദാരുണാന്ത്യത്തിലേയ്ക്ക്.. കുന്നംകുളത്തെ ആ കുടുംബത്തെ തകർത്തത് എന്ത്?
സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുകയും പാര്‍ട്ടിയില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യുന്ന നേതാവിനെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. സണ്ണി ജോസഫ്, എം.എം. ഹസന്, ജോസഫ് വാഴക്കന് എന്നിവര്‍ക്ക് പുറമെ എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹന്നാന്, വടകര എം.പി. ഷാഫി പറമ്പില്‍, മാത്യു കുഴല്നാടന് എം.എല്‍.എ. എന്നിവരും സാധ്യതാപട്ടികയിലുണ്ട്.
സീനിയോറിറ്റിയും പാര്‍ട്ടിയിലെ ദീര്‍ഘകാല സംഘടനാ പരിചയവും കണക്കിലെടുക്കുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരിന് പ്രഥമ പരിഗണന ലഭിക്കുന്നുണ്ട്. ദളിത് പ്രാതിനിധ്യവും പാര്‍ലമെന്ററി അനുഭവസമ്പത്തും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെടുന്നു. മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.
യുവജന പ്രാതിനിധ്യം വേണമെന്ന ശക്തമായ ആവശ്യമുയര്‍ന്നാല്‍ ഷാഫി പറമ്പിലിന്റെ പേരിനാകും മുന്‍ഗണന. വടകരയില്‍ നേടിയ മിന്നുന്ന വിജയവും ചെറുപ്പക്കാര്‍ക്കിടയിലുള്ള ജനപ്രീതിയും ഷാഫിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. സംഘടനാ മികവും പ്രസംഗപാടവവും ഷാഫിക്ക് കൂടുതല്‍ ജനശ്രദ്ധ നല്‍കുന്നുണ്ട്.
അതേസമയം, പാര്‍ട്ടിയുടെ നിലപാടുകള്‍ ധീരമായി അവതരിപ്പിക്കുന്നതിലും നിയമപോരാട്ടങ്ങള്‍ നയിക്കുന്നതിലും മികവ് തെളിയിച്ച മാത്യു കുഴല്നാടന് എം.എല്‍.എ.യുടെ പേരും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കുഴല്നാടന് സാധിക്കുമെന്ന വിലയിരുത്തല്‍ ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്.
മധ്യതിരുവിതാംകൂറിലെ സമുദായ സമവാക്യങ്ങളും ഗ്രൂപ്പ് ബാലന്‍സും കണക്കിലെടുത്താണ് ആന്റോ ആന്റണി എം.പി.യുടെ പേര് പട്ടികയില്‍ ഇടംപിടിച്ചത്. പാര്‍ട്ടിയില്‍ പരസ്യമായ തര്‍ക്കങ്ങളില്ലാത്ത നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പേരും ഗൗരവമായി ചര്‍ച്ചചെയ്യപ്പെടുന്നു. മുതിര്‍ന്ന നേതാവ് ബെന്നി ബെഹന്നാനെ പരിഗണിക്കുന്നതിലൂടെ എഗ്രൂപ്പിന്റെ പിന്തുണ ഉറപ്പാക്കാനാകുമെന്ന കണക്കുകൂട്ടലുമുണ്ട്.
സംസ്ഥാന കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കി ഏകകണ്ഠമായ ഒരു തീരുമാനത്തിലേക്ക് എത്താനാണ് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നത്. വരുംദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന അവസാനവട്ട യോഗങ്ങള്‍ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.


പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ ആക്രമണം; തമിഴ്നാട്ടിൽ 11-ാം ക്ലാസ് വിദ്യാർഥിനിയെ കഴുത്തറുക്കാൻ ശ്രമം







